ലിവര്‍പൂള്‍ ഇതിഹാസത്തെ ചോദ്യങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തി മലപ്പുറത്തെ ആറ് വയസ്സുകാരന്‍

ലിവര്‍പൂളിന്റെ ഇതിഹാസ താരവും മുന്‍ ഇംഗ്ലണ്ട് ടീം ക്യാപ്റ്റനുമായ സ്റ്റീവന്‍ ജെറാര്‍ഡിനെ ഇന്റര്‍വ്യൂ ചെയ്ത് മലപ്പുറത്തെ ആറു വയസുകാരന്‍ ബാലന്‍ ഐസിന്‍ ഹാഷ്. ലിവര്‍പൂള്‍ ടീമിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായ സ്റ്റാന്‍ഡേര്‍ഡ് ചാറ്റേര്‍ഡ് ബാങ്കിനു വേണ്ടിയാണ് മലപ്പുറം സ്വദേശിയായ ബാലന്‍ ജെറാര്‍ദുമയി അഭിമുഖം നടത്തിയത്. അഭിമുഖത്തിന് ജെറാര്‍ദിനു പുറമേ ടീമിന്റെ മുഖ്യ അംബാസിഡറായ ഗാരി മക്കലിസ്റ്റമുണ്ടായിരുന്നു. ലിവര്‍പൂള്‍ ഫാന്‍സ് ക്ലബായ എല്‍എഫ്‌സി വേള്‍ഡിന്റെ പരിപാടികളുമായി ബന്ധപ്പെട്ട് ദുബൈയില്‍ എത്തിയപ്പോഴാണ് താരത്തെ ഇന്റര്‍വ്യൂ ചെയ്തത്.

മലപ്പുറത്തെ നിലമ്പൂര്‍ സ്വദേശിയായ ഹാഷ് ജവാദിന്റെയും കോഴിക്കോട് സ്വദേശി നസീഹയുടെയും മകനാണ് ഐസിന്‍ ഹാഷ്. ദുബൈയില്‍ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ജവാദിന്റെ മകന്‍ യുഎഇയിലെ അറിയപ്പെടുന്ന കിഡ് മോഡല്‍ കൂടിയാണ്. കെ ജി വിദ്യാര്‍ത്ഥിയായ ഐസിന്‍ പത്തോളം ബ്രാന്റുകള്‍ക്കു വേണ്ടി പരസ്യത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഷട്ടര്‍‌സ്റ്റോക്ക് ഫോട്ടോഗ്രാഫര്‍മാരായ ഫാബിയോ, ക്രിസ്ത്യാനോ എന്നിവര്‍ 2018ലെ കിഡ് മോഡലായി തിരഞ്ഞെടുത്തത് ഐസിനെയായിരുന്നു.

ജെറാര്‍ദുമായുളള അഭിമുഖത്തിനുളള അവസരത്തിനായി അപേക്ഷിച്ച വിവിധ രാജ്യക്കാരായ അന്‍പതോളം കുട്ടികളില്‍നിന്നാണ് ഐസിനെ തിരഞ്ഞെടുത്തത്. അഹമ്മദ് എന്ന കഥാപാത്രമായി ഐസിന്‍ വരുന്ന അഭിമുഖത്തിന്റെ ടീസര്‍ വിഡിയോ ലിവര്‍പൂളിന്റെ ഔദ്യോഗിക ട്വിറ്ററിലും ബാങ്കിന്റെ പേജിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. പത്തു മിനുട്ടോളം നീളമുള്ള ഇന്റര്‍വ്യൂ അടുത്തു തന്നെ പുറത്തിറങ്ങുമെന്നാണ് ലിവര്‍പൂളിന്റെയും ബാങ്കിന്റെയും ഔദ്യോഗിക അറിയിപ്പ്.

Latest
Widgets Magazine