ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ മായാവതി സ്ഥാനാർത്ഥിയാകാൻ സാധ്യത ..ബി.ജെ.പിക്കെതിരെ വിശാല സഖ്യം പരിഗണനയില്‍.

ലക്‌നോ: ഉത്തര്‍ പ്രദേശിലെ ഗോരക്പൂര്‍, ഫുല്‍പൂര്‍ ലോക്‌സഭാ മണ്ഡലങ്ങളിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ വിശാല സഖ്യം രൂപീകരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമം തുടങ്ങി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഇരു മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഇരു മണ്ഡലങ്ങളും നിലനിര്‍ത്താന്‍ ബി.ജെ.പി സര്‍വ സന്നാഹങ്ങളും പുറത്തെടുക്കുമ്പോള്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ബി.എസ്.പി, ആര്‍.ജെ.ഡി പാര്‍ട്ടികള്‍ വിശാല സഖ്യം രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ആലോചന ആരംഭിച്ചു.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരു മണ്ഡലങ്ങളിലും ബി.ജെ.പി വന്‍ ജയം നേടിയിരുന്നു. 1980 മുതല്‍ ഗോരക്‌നാഥ് മഠത്തില്‍ നിന്നുള്ള മഹന്ദുമാരാണ് ഇവിടുത്തെ രാഷ്ട്രീയം നിയന്ത്രിക്കുന്നത്. 1998 മുതല്‍ അഞ്ചു തവണ ആദിത്യനാഥ് മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി ജയിച്ചിട്ടുണ്ട്. നേരത്തെ മൂന്നു തവണ ആദിത്യനാഥിന്റെ ഗുരുവായ മഹന്ദ് അവൈദ്യനാഥാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ വിശാല സഖ്യമെന്ന ആശയത്തെ കുറിച്ച് ആലോചിക്കുന്നത്. ബി.എസ്.പിയുമായി സഖ്യം ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ച എസ്.പി ദേശീയാധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ തീരുമാനം ബി.ജെ.പിക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇത്തരമൊരു നീക്കമുണ്ടായാല്‍ ഐക്യ പ്രതിപക്ഷം 2019ല്‍ ബി.ജെ.പിക്ക് വെല്ലുവിളിയായി മാറുമെന്നാണ് ബി.ജെ.പി കണക്കു കൂട്ടുന്നത്. ബി.എസ്.പിയെ സഖ്യത്തിലെത്തിക്കുന്നതിനായി ബി.ജെ.പി വിരുദ്ധ പാര്‍ട്ടികള്‍ മായാവതിയെ ഫുല്‍പൂരിലെ സ്ഥാനാര്‍ത്ഥിയാക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1996ല്‍ മായാവതിയുടെ രാഷ്ട്രീയ ഗുരുവായ കാന്‍ഷിറാം ജയിച്ച മണ്ഡലമാണ് ഫുല്‍പൂര്‍. നേരത്തെ 2006ല്‍ അംബേദ്കര്‍ നഗര്‍ മണ്ഡലത്തില്‍ നിന്നും മാറിയതിനു ശേഷം ഇനി ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്നു മായാവതി പ്രഖ്യാപിച്ചിരുന്നു. ഗോരക്പൂരില്‍ സവര്‍ണ ഹിന്ദുക്കളാണ് ബി.ജെ.പിയുടെ വോട്ടു ബാങ്ക്. ഇവിടെ പിന്നാക്ക വിഭാഗക്കാരായ നിഷാദ്, ദളിത്, മുസ്്‌ലിം വോട്ടുകളാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. 2014ല്‍ മൗര്യ, കുര്‍മി വിഭാഗക്കാരുടെ വോട്ടാണ് ഫുല്‍പൂരില്‍ ബി.ജെ.പിക്ക് വിജയം സമ്മാനിച്ചത്. ഇത്തവണ മണ്ഡലത്തില്‍ ഇത് ആവര്‍ത്തിക്കില്ലെന്നാണ് പ്രതിപക്ഷം കണക്കു കൂട്ടുന്നത്.

Top