രമ ജോര്‍ജ് എത്തിയത് ഉഭഭോക്തൃ വേദി അംഗത്തിന്റെ കാറിലെന്ന പുതിയ ആരോപണവുമായി ലുലു രംഗത്ത്;തെളിയിക്കാന്‍ സിസിടിവി പരിശോധിക്കാമെന്ന് രമ ജോര്‍ജ്,ലുലു മാള്‍ പാര്‍ക്കിംഗ് വിവാദം കൊഴുക്കുന്നു.

കൊച്ചി: പാര്‍ക്കിങ് ഫീസ് കൊള്ളയ്‌ക്കെതിരെ ഉത്തരവ് ഇറക്കിയ എറണാകുളം ജില്ലാ ഉപഭോക്തൃ വേദിക്ക് എതിരെ ആരോപണവുമായി ലുലു മാള്‍ അധികൃതര്‍. പരാതിക്കാരിയായ രമാ ജോര്‍ജ് ലുലുമാളിലെത്തിയത് ഉപഭോക്ത്ൃ വേദി അംഗത്തിന്റെ കാറിലാണെന്നാണ് ലുലുവിന്റെ പ്രചരണം. പരാതിക്കാരിയുടെ ഹര്‍ജിയിലെ ക്ലറിക്കല്‍ പിഴവുയര്‍ത്തിയാണ് ഈ ആക്ഷേപവുമായി ലുലുവെത്തുന്നത്. അതിനിടെ ഫീസ് വിവാദമുണ്ടായ ദിവസത്തെ ലുലുവിന്റെ എന്‍ട്രന്‍സിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് രമാ ജോര്‍ജും ആവശ്യപ്പെട്ടു. ഇതോടെ ലുലുവിന്റെ വാദം ദുര്‍ബ്ബലമായി.

ജനുവരി ആദ്യവാരമാണ് കേസിന് ആസ്പദമായി സംഭവം നടന്നത്. മാരുതി എഎക്‌സ് 4 വാഹനത്തിലാണ് രമാ ജോര്‍ജ് ലലുമാളിലെത്തിയത്. പാര്‍ക്കിങ് ഫീസ് ചോദിച്ചപ്പോള്‍ രസീത് ചോദിച്ചു. തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് കേസിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇവിടെ ക്ലെറിക്കല്‍ പിഴവ് ഉണ്ടായെന്നതാണ് വസ്തുത. തൊട്ടടുത്ത ദിവസമാണ് കേസ് ഫയല്‍ ചെയ്തത്. ഇതിനായി രമാ ജോര്‍ജ്ജ് ഉപഭോക്തൃ കോടതിയിലെത്തി. അവിടെ വ്ച്ചാണ് വക്കിലീന്റെ ക്ലര്‍ക്ക് ഹര്‍ജി തയ്യാറാക്കിയത്. കോടതിയില്‍ രമാ ജോര്‍ജിന്റെ കാറിന്റെ അടുത്ത് ഉപഭോക്തൃ ഫോറം അംഗത്തിന്റെ കാറും ഇട്ടിരുന്നു. ഹര്‍ജിയില്‍ ക്ലര്‍ക്ക് അറിയാതെ നല്‍കിയത് ഈ കാറിന്റെ നമ്പറാണ്. എന്നാല്‍ ലുലുവിലെത്തിയത് മാരുതി എഎക്‌സ് 4 വാഹനത്തിലാണെന്ന് എഴുതിയിട്ടുമുണ്ട്. ഹര്‍ജിയിലെ നമ്പര്‍ പരിശോധിച്ചാല്‍ അത് മാരുതി സ്വിറ്റ് കാറിന്റേതാണെന്നും മനസ്സിലാകും.

ഈ ക്ലറിക്കല്‍ പിഴവാണ് ജില്ലാ ഉപഭോക്തൃ വേദിയെ അപമാനിക്കാന്‍ ലുലു ഉപയോഗിക്കുന്നത്. ഈ തെറ്റ് തിരിച്ചറിഞ്ഞ് തിരുത്താനുള്ള അപേക്ഷ രമാ ജോര്‍ജ് കോടതിയില്‍ നല്‍കുകയായിരുന്നു. ഇതോടെയാണ് ഇതിനെ വ്യാജ പ്രചരണത്തിന് ഉപയോഗിക്കാന്‍ ലുലു തെരഞ്ഞെടുത്തതെന്ന് രമാ ജോര്‍ജ്  പറഞ്ഞു. ലുലുവിലെ പാര്‍ക്കിങ് കൊള്ളയ്ക്ക് എതിരെ നിയമപോരാട്ടം തുടരുമെന്നും കാര്യങ്ങളെല്ലാം ഹൈക്കോടതിയെ ധരിപ്പിക്കുമെന്നും രമാ ജോര്‍ജ് വിശദീകരിച്ചു. തന്നെ സ്വാധീനിക്കാന്‍ പറ്റാത്തതു കൊണ്ടാണ് വ്യാജ ആരോപണങ്ങളുമായി എത്തുന്നതെന്നും രമാ ജോര്‍ജ് പറയുന്നു. ലുലുവിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ തന്നെ തന്റെ മാരുതി എഎക്‌സ് 4 വാഹനം പ്രസ്തുത ദിവസം ലുലുവില്‍ എത്തിയിരുന്നോ എന്നത് വ്യക്തമാകുമെന്ന് രമാ ജോര്‍ജ് പറയുന്നു.Lulu_Mall_Kochi

ഇടപ്പള്ളി ലുലു ഷോപ്പിങ് മാളില്‍ പാര്‍ക്കിങ് ഫീസ് ഈടാക്കുന്നതിനെതിരെ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ജില്ലാ ഉപഭോക്തൃ വേദി പാസാക്കിയ ഇടക്കാല ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഉപഭോക്തൃ വേദിയെ തന്നെ അപാനിക്കുന്ന തരത്തിലെ പ്രചരണം നടത്തുന്ത്. എം.എ. യൂസഫലി, മാനേജര്‍ ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിങ് മാള്‍ (പ്രൈ.) ലിമിറ്റഡ് എന്നിവരെ എതിര്‍കക്ഷികളാക്കി എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഇടക്കാല ഉത്തരവ് പാസാക്കുകയായിരുന്നു. എന്നാല്‍ എതിര്‍കക്ഷികളുടെ വിശദീകരണം കേള്‍ക്കാതെ ധൃതിപിടിച്ച് വേദി ഇടക്കാല ഉത്തരവ് പാസാക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി സ്‌റ്റേ നല്‍കിയത്.

എല്ലാ രണ്ടുദിവസം കൂടുമ്പോഴും പാര്‍ക്കിങ് കലക്ഷന്‍ വേദി മുമ്പാകെ പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കുവാന്‍ ഉത്തരവിട്ടിരുന്നു. യാതൊരു അടിസ്ഥാന നിയമങ്ങളും പാലിക്കാതെയാണ് ഇടക്കാല ഉത്തരവ് പാസാക്കിയതെന്നും ഇടക്കാല ഉത്തരവും ഹര്‍ജി തന്നെയും നിലനില്‍ക്കുന്നതല്ലെന്നാണ് ലുലുവിന്റെ വാദം. ഫോറത്തിന്റെ ഉത്തരവ് അധികാര പരിധിക്കപ്പുറമാണെന്ന വാദം സ്വീകരിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പാസാക്കുകയായിരുന്നു. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസാണ് ഹര്‍ജി പരിഗണിച്ചത്. ഈ ഹര്‍ജിയില്‍ രമാ ജോര്‍ജിനോട് നിലപാട് അറിയിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ വിഷയത്തില്‍ സത്യം ബോധ്യപ്പെടുത്താന്‍ രമാ ജോര്‍ജ് ഹൈക്കോടതിയെ സമീപിക്കുമെന്ന സ്ഥിതി വന്നതോടെയാണ് പുതിയ പ്രചരണം. ഇതിലൂടെ കണ്‍സ്യൂമര്‍ ഫോറത്തെ അപകീര്‍ത്തിപ്പെടുത്താനും ഹൈക്കോടതിയെ തെറ്റിദ്ദരിപ്പിക്കാനുമാണ് ലുലുവന്റെ ശ്രമമെന്നാണ് വിലയിരുത്തല്‍.LULUMALALALA

കേരള കെട്ടിട നിര്‍മ്മാണ ചട്ടമനുസരിച്ച് മാളുകളില്‍ പാര്‍ക്കിങ് ഏര്യ നിര്‍ബന്ധമാണ്. ലുലുമാളിലെ താഴത്തെ നില ഇതിനായി മാറ്റിവച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ പാര്‍ക്കിങ് ഫീസ് പിരിവ് അന്യായമാണെന്നാണ് രമാ ജോര്‍ജിന്റെ വാദം. എന്നാല്‍ ഫ്‌ലാറ്റുകളിലും മറ്റും താമസക്കാര്‍ക്കായി പാര്‍ക്കിങ് ഏര്യ തയ്യാറാക്കും. അവ അവര്‍ക്ക് വിലയ്ക്ക് നല്‍കുകയും ചെയ്യും. ഇതനുസരിച്ച് മാളുകളിലും മറ്റും വാടക ഈടാക്കാന്‍ അവസരമുണ്ട്. ഇത് മനസ്സിലാക്കി സ്വന്തം ഇഷ്ടപ്രകാരം ആളുകള്‍ കാറുമായി എത്തി പാര്‍ക്ക് ചെയ്യുകയാണ്. അത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് ലുലുവിന്റെ വാദം. ഈ സാഹചര്യത്തിലാണ് കെട്ടിട നിര്‍മ്മാണ ചട്ടത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് വ്യക്തമാക്കി ഹൈക്കോടതിയില്‍ വിശദീകരണം നല്‍കാന്‍ രമാ ജോര്‍ജ് തയ്യാറാകുന്നത്.

മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ മുന്‍കൂര്‍ അനുമതിയില്ലെന്നത് ഗൗരവത്തോടെയുള്ള വസ്തുതയാണ്. ഇക്കാര്യത്തില്‍ കളമശ്ശേരി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ വിവരാവകാശം കരുത്തകാരുമെന്നാണ് പ്രതീക്ഷ. നിയമവിരുദ്ധമായുള്ള പ്രവര്‍ത്തനത്തെ തെറ്റായ വ്യാഖ്യാനത്തിലൂടെ നിയമ വിധേയമാക്കാനാണ് ശ്രമമെന്നാണ് രമാ ജോര്‍ജിന്റെ വിലയിരുത്തല്‍. പാര്‍ക്കിങ് സൗകര്യം ഒരുക്കേണ്ടത് സ്ഥാപന ഉടമകളുടെ ചുമതലയാണെന്നും അനധികൃതമായി പാര്‍ക്കിങ് ഫീസ് ഈടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമുള്ള രമയുടെ വാദങ്ങളെ അംഗീകരിച്ചു കൊണ്ടാണ് കണ്‍സ്യൂമര്‍ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈക്കോടതിയേയും ഇക്കാര്യം ബോധ്യപ്പെടുത്തി ശതകോടീശ്വരനായ യൂസഫലിയുടെ ലുലു മാളിലെ കൊള്ള തടയുമെന്നാണ് രമാ ജോര്‍ജ് വിശദീകരിക്കുന്നത്.

കോട്ടയം പുതുപ്പള്ളക്കാരിയായ രമാ ജോര്‍ജ്ജിന്റെ പോരാട്ടമാണ് ലുലുവിന്റെ പാര്‍ക്കിങ് കൊള്ളയെ കുറിച്ചുള്ള വിവരങ്ങള്‍ വെളിയില്‍ കൊണ്ടുവന്നത്. രാംവിലാസ് പാസ്വാന്റെ എല്‍ജെപിയെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവാണ് അവര്‍. ചിലപ്പോഴൊക്കെ കുടുംബവും കൊച്ചിയിലെത്തും. അത്തരമൊരു ദിവസം സാധാരണ ഷോപ്പിംഗിനായി ലുലു മാളിലെത്തിയതാണ് രമാ ജോര്‍ജ്ജ്. അപ്പോഴാണ് കാര്‍ പാര്‍ക്ക് ചെയ്യണമെങ്കില്‍ ഫീസ് നല്‍കണമെന്ന ആവശ്യം മുന്നിലെത്തിയത്. പണം നല്‍കാം രസീത് എവിടെയെന്ന് ചോദിച്ചപ്പോള്‍ സെക്യൂരിറ്റിക്കാരന്‍ പറഞ്ഞ മറുപടി ഉള്‍ക്കൊള്ളാനാകുന്നതല്ലായിരുന്നു. രസീത് നല്‍കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം. പക്ഷേ പണം തരികയും വേണം. നിര്‍ബന്ധിച്ചപ്പോള്‍ ഗത്യന്തരമില്ലാതെ സെക്യൂരിറ്റിക്കാരന്‍ രസീത് നല്‍കി. ഇവിടെ നിന്നാണ് ശതകോടീശ്വരനായ എം എ യൂസഫലിയുടെ ലുലുമാളിനെതിരെ നിയമ പോരാട്ടം തുടരുന്നത്.

ഹൈക്കോടതിയില്‍ ലുലു അപ്പീല്‍ നല്‍കിയതോടെ പുതിയ സാധ്യതയാണ് രമാ ജോര്‍ജ് കാണുന്നത്. ഹൈക്കോടതിയെ കൊണ്ട് വിഷയത്തില്‍ അനുകൂല തീരുമാനം ഉണ്ടായാല്‍ സംസ്ഥാനത്താകെ ആ വിധി നടപ്പാക്കേണ്ടി വരും. അതുകൊണ്ട് തന്നെ നിയമത്തിന്റെ എല്ലാ പഴുതുകളും അടച്ച് ലുലു കേസില്‍ വിശദീകരണം നല്‍കാനാണ് തീരുമാനം. എന്ത് സമ്മര്‍ദ്ദമുണ്ടായാലും പിന്മാറില്ലെന്നും അവര്‍  പറഞ്ഞു. കൊച്ചിയിലെ തന്നെ ശീമാട്ടിയുമായി ബന്ധപ്പെട്ട പാര്‍ക്കിങ് വിഷയത്തിലെ കേസ് കണ്‍സ്യൂമര്‍ കോടതിയില്‍ എത്തിയിരുന്നു. അന്ന് ശീമാട്ടിയുടെ മുതലാളി ബീനാകണ്ണനെതിരെയാണ് ഉത്തരവ് വന്നത്. എന്നാല്‍ അപ്പീല്‍ അധികാരികള്‍ ഈ വിധി റദ്ദ് ചെയ്തു. അപ്പീല്‍ വാദത്തില്‍ പരാതിക്കാര്‍ എത്തിയിരുന്നില്ല. ഈ കേസില്‍ ആ സാഹചര്യം ഉണ്ടാകില്ലെന്നാണ് രമാ ജോര്‍ജ് ഉറപ്പു പറയുന്നത്.

ഈ അനധികൃത പിരിവ് തടയാന്‍ ഉത്തരവാദിത്തപ്പെട്ട കളമശ്ശേരി നഗരസഭാ അധികൃതരും ഒന്നും മിണ്ടാതെ മൗനം പാലിക്കുകായായിരുന്നു. സാധാരണ നിലയില്‍ നഗരസഭയുടെ അനുമതിയോടെ പാര്‍ക്കിങ് ഫീസ് ഈടാക്കാം. എന്നാല്‍, ഇതിനായി പ്രത്യേകം രസീതും നല്‍കുകയാണ് വേണ്ടത്. എന്നാല്‍ ഇതെല്ലാം ലംഘിച്ചായിരുന്നു ലുലുവിന്റെ പാര്‍ക്കിങ് കൊള്ള.

Latest
Widgets Magazine