ഞാന്‍ പറഞ്ഞത് എന്റെ അനുഭവമാണ്; അതിന് സിപിഐ എന്തിനിത്ര ആക്രോശിക്കുന്നുവെന്ന് എം സ്വരാജ്

kisan03-Battl

കൊച്ചി: എം സ്വരാജ് എംഎല്‍എ കമ്യൂണിസ്റ്റ് കഴുതയാണെന്നും ഒരു ചരിത്രവുമറിയാത്തവനാണെന്നും പറഞ്ഞ് സിപിഐ വിമര്‍ശിക്കുകയുണ്ടായി. സിപിഐ മുഖപത്രമായ ജനയുഗത്തിലാണ് സ്വരാജിനെതിരെ വിമര്‍ശനമുയര്‍ന്നത്. ഇതിനു ചുട്ടമറുപടിയുമായി സ്വരാജ് രംഗത്തെത്തി. ഞാന്‍ പറഞ്ഞതെന്ത്? സിപിഐ കേട്ടതെന്ത്? എന്ന തലക്കെട്ടോടെയാണ് സ്വരാജിന്റെ മറുപടി.

സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ…

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞാന്‍ പറഞ്ഞതെന്ത്? സിപിഐ കേട്ടതെന്ത്?

ഉദയംപേരൂരിലെ പ്രസംഗത്തിനിടെ ഒരു സിപിഐ കാരനെ ഞാനാദ്യമായി നേരില്‍ കാണുന്നത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ തൃശൂരില്‍ വെച്ചാണെന്ന് പറയുകയുണ്ടായി . അതിന് എന്നെ പുലഭ്യം പറയുന്നതെന്തിനാണെന്ന് എനിക്കിപ്പോഴും മനസിലാവുന്നില്ല. ഞാന്‍ പറഞ്ഞത് എന്റെ അനുഭവമാണ്. അത് പറയാന്‍ എനിക്കാരുടേയും സമ്മതം ആവശ്യമില്ല. ഞാന്‍ പഠിച്ച സ്‌കൂളിലോ കോളേജിലോ എ ഐ എസ് എഫ് പ്രവര്‍ത്തിച്ചിട്ടില്ല. (അന്നുമില്ല ഇന്നുമില്ല), എന്റെ ഗ്രാമത്തില്‍ സിപിഐയും ഉണ്ടായിരുന്നില്ല.

ഇക്കാര്യത്തില്‍ എന്നെ തെറി പറയുന്നവര്‍ ഉദ്ദേശിക്കുന്നതെന്താണ്? എന്റെ അനുഭവം ഞാന്‍ പറയരുതെന്നാണോ? ഇക്കാര്യം ആര്‍ക്കെങ്കിലും മനോവിഷമം ഉണ്ടാക്കുന്നുണ്ടെങ്കില്‍ ഞാനിനി ഇത് ആവര്‍ത്തിച്ച് പറഞ്ഞ് ആരെയും വിഷമിപ്പിക്കുന്നില്ല. പക്ഷെ എന്റെ അനുഭവം എന്റെ അനുഭവമാണ്. അത് പറയരുതെന്ന് ആക്രോശിക്കാന്‍ ആര്‍ക്കും അവകാശമില്ല. പ്രസ്തുത പ്രസംഗത്തോട് പ്രതികരിച്ചു കൊണ്ട് സിപിഐ ജില്ലാ സെക്രട്ടറി എഴുതി തയ്യാറാക്കി നല്‍കിയ പ്രസ്താവനയില്‍ കളവായ ആരോപണം ഉന്നയിച്ചപ്പോള്‍ അക്കാര്യം ഞാന്‍ ഫേസ് ബുക്ക് പേജിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. അതോടെ ഇക്കാര്യത്തില്‍ ഇനി കൂടുതല്‍ പ്രതികരണം വേണ്ടെന്നാണ് ഞാന്‍ കരുതിയത്.

ഇത്തരം കാര്യങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും സ്‌കോപ്പുള്ളതല്ല. സംഘപരിവാര്‍ അതിക്രമങ്ങള്‍ക്കും നവലിബറല്‍ നയങ്ങള്‍ക്കുമെല്ലാം എതിരെ യോജിച്ച മുന്നേറ്റം ആവശ്യമായി വരുന്ന സമയത്ത് അതിന് സഹായകരമായ നിലപാട് സ്വീകരിക്കാന്‍ ഇടതു പക്ഷത്ത് നില്‍ക്കുന്നവര്‍ക്കെല്ലാം ഉത്തരവാദിത്വമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അതു കൊണ്ട് തുടര്‍ പ്രകോപനങ്ങളെല്ലാം ഞാന്‍ അവഗണിക്കുകയായിരുന്നു. സിപിഐ നേതാക്കന്‍മാരില്‍ നിന്നും തുടര്‍ച്ചയായി ആക്ഷേപങ്ങളും വില കുറഞ്ഞ പരാമര്‍ശങ്ങളും വന്നു കൊണ്ടിരുന്നു. ഞാന്‍ അപ്പോഴെല്ലാം മൗനം പാലിച്ചത് പുലഭ്യം പറച്ചിലുകാര്‍ക്ക് ഈര്‍ജജമായി മാറിയെന്നാണ് തോന്നുന്നത്.

Top