ജഗതി ശ്രീകുമാറിന്റെ അവസ്ഥയ്ക്ക് പരിഹാരവുമായി പാരമ്പര്യ വൈദ്യന്‍ രംഗത്ത്; ആ നാഡീ ഞരമ്പുകളിലോടൊന്ന് വിരലോടിച്ചാല്‍ മതിയെന്ന് വൈദ്യര്‍

നടന്‍ ജഗതി ശ്രീകുമാറിന്റെ ഇപ്പോഴത്തെ അവസ്ഥ താന്‍ മാറ്റുമെന്ന വാഗ്ദാനവുമായി ഒരു പാരമ്പര്യ വൈദ്യന്‍ രംഗത്തെത്തി. കാസര്‍ഗോഡ് നിന്നുള്ള മാധവന്‍ വൈദ്യരാണ് ജഗതി ശ്രീകുമാറിനെക്കുറിച്ച് പ്രതീക്ഷ പുലര്‍ത്താവുന്ന വാക്കുകള്‍ പറഞ്ഞിരിക്കുന്നത്. ‘ആ മനുഷ്യന്റെ അവസ്ഥയ്ക്ക് പരിഹാരമുണ്ട് എന്റെ അടുത്ത് ഒന്ന് എത്തിച്ചാല്‍ മതി’- മാധവന്‍ വൈദ്യന്റെ ഉറച്ച വാക്കുകളാണിത്.

‘അദ്ദേഹത്തിന്റെ ശരീരത്തിലൊന്നു തൊട്ടാല്‍ മതി…ആ നാഡീ ഞരമ്പുകളിലോടൊന്ന് വിരലോടിച്ചാല്‍ മതി, ധാരാളം. ആ മനുഷ്യന്റെ ദീനത്തിന് ഞാന്‍ പ്രതിവിധി പറയാം. ജഗതി ശ്രീകുമാര്‍ പഴയ പോലെ എഴുന്നേറ്റ് നടക്കും, സംസാരിക്കും. ഇത് എന്റെ ഉറപ്പ്’- മാധവന്‍ വൈദ്യര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഒരു പ്രമുഖ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വൈദ്യര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കാസര്‍കോട് പരപ്പയിലെ ബാനം ഗ്രാമത്തിലാണ് മാധവന്‍ വൈദ്യര്‍ താമസിക്കുന്നത്. കാസര്‍കോട്ടുകാരുടെ സ്വന്തം വൈദ്യര്‍. ശരീരം പാതി തളര്‍ന്നു പോയവര്‍ക്കും, വൃക്കയും കരളും പണിമുടക്കിയവര്‍ക്കും എത്രയോ തവണ പുതു ജീവന്‍ നല്‍കിയിരിക്കുന്നു വൈദ്യര്‍.

‘ദൈവത്തിന്റെ കരുണയും കടാക്ഷവും നിലനിര്‍ത്തിക്കൊണ്ട് പറയട്ടേ, ജഗതിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് എന്റെ പക്കല്‍ പരിഹാരമുണ്ട്. എന്റെയടുത്ത് ഒന്ന് എത്തിച്ചാല്‍ മാത്രം മതി. എന്നാലാവുന്ന ചികിത്സ ഞാന്‍ ചെയ്യും. ആ ശരീരത്തില്‍ ഒന്ന് തൊട്ടാല്‍ മതി എനിക്ക് കാര്യം തിരിയും. അവസ്ഥ മനസിലാകും. അത് ആയൂര്‍വേദത്തിനു മാത്രം മനസിലാകുന്ന സിദ്ധിയാണ്. ഏഴ് തലമുറയായി ഞങ്ങള്‍ പാരമ്പര്യ വൈദ്യം സിദ്ധിച്ചു പോരുന്നു. അലോപ്പതി ചികിത്സയെ തള്ളിപ്പറഞ്ഞു കൊണ്ടല്ല ഞാനിതൊക്കെ ചെയ്യുന്നത്.

അവര്‍ വൈദ്യശാസ്ത്രത്തില്‍ വിശ്വസിക്കുന്നു. ഞാന്‍ ആയുര്‍വേദത്തിന്റെ കരുത്തില്‍ വിശ്വസിക്കുന്നു അത്രയേ ഉള്ളൂ വ്യത്യാസം. പിന്നെ മറ്റൊരു കാര്യം ചികിത്സാര്‍ത്ഥം ജഗതി ശ്രീകുമാറിന്റെ കുടുംബം ഞാനുമായി ബന്ധപ്പെട്ടു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ല. പലരും എന്നോട് ജഗതിയുടെ രോഗാവസ്ഥ ധരിപ്പിച്ചു, എന്റെയടുക്കല്‍ പ്രതിവിധിയുണ്ടോ എന്ന് ആരാഞ്ഞു. അപ്പോഴാണ് ഞാന്‍ ഇക്കാര്യം അറിയിച്ചത്. ഞാന്‍ ആവര്‍ത്തിക്കട്ടെ, ആ മനുഷ്യന്റെ അവസ്ഥയ്ക്ക് പരിഹാരമുണ്ട്’- മാധവന്‍ വൈദ്യരുടെ വാക്കുകളില്‍ ആത്മവിശ്വാസം നിറഞ്ഞിരുന്നു.

Latest
Widgets Magazine