കാസ്റ്റിങ് കൗച്ച് പണ്ടുമുതലേ ഉള്ളതാണ്; ഇന്നസെന്റ് നല്ല സംഘാടകന്‍; ദിലീപ് ബുദ്ധിമാനാണ്; തുറന്ന് പറഞ്ഞ് മധു

കൊച്ചി: മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് പണ്ടുമുതലേയുള്ളതാണെന്ന് നടന്‍ മധു. മലയാളത്തില്‍ മാത്രമല്ല, മറ്റ് സിനിമാ മേഖലയിലും ഇത് ഉണ്ടായിരുന്നതാണെന്നും നടന്‍ മധു പറയുന്നു. കൂടുതല്‍ അടുപ്പമുള്ളവരുമായി ഇത്തരം ബന്ധം കൂടുതല്‍ സാധ്യമായതിനാല്‍ അത് നടന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലൈംഗിക താല്‍പര്യത്തോടെയുള്ള ഇത്തരത്തിലുള്ള ബന്ധങ്ങള്‍ സിനിമയില്‍ മാത്രമല്ല എല്ലാ മേഖലയിലുമുള്ളതാണ്. എല്ലാ സമൂഹത്തിലുമുണ്ടാകും. എന്ന് വെച്ച് അത് ആ സമൂഹത്തിന്റെ മുഴുവന്‍ സ്വഭാവമല്ലല്ലോ. അതുപോലെതന്നെയാണ് സിനിമയിലെ ഇത്തരം ബന്ധങ്ങളുമെന്ന് മധു പറഞ്ഞു.

താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ഇന്നസെന്റിന് പകരം മറ്റൊരാള്‍ തന്റെ മനസിലില്ല. ഇന്നസെന്റ് തമാശ നടനാണെങ്കിലും നല്ല സംഘാടകനാണ്. എല്ലാവരുമായും നല്ല സുഹൃദ്ബന്ധവും അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന് മാത്രമേ ഇത്ര നല്ല രീതിയില്‍ സംഘടനയെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയൂ എന്നും മധു ചൂണ്ടിക്കാട്ടി. നടി ആക്രമിക്കപ്പെട്ട കാര്യത്തെ കുറിച്ച് തനിക്ക് കൃത്യമായ വിവരങ്ങളൊന്നും അറിയില്ല. ദിലീപ് ഇത് ആസൂത്രണം ചെയ്‌തെന്ന് താന്‍ കരുതുന്നില്ലെന്നും മധു പറഞ്ഞു.

ദിലീപ് ബുദ്ധിമാനാണ്.. അദ്ദേഹം ഇതുപോലൊരു വിഡ്ഢിത്തം കാണിക്കുമോ എന്ന കാര്യം തനിക്ക് സംശയമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നടിക്ക് ദുരനുഭവം ഉണ്ടായെന്നത് സത്യമാണ്. ഇതിന് പിന്നില്‍ ദിലീപാണോ എന്ന കാര്യത്തെ കുറിച്ച് തനിക്ക് ഉറപ്പില്ലെന്നാണ് പറഞ്ഞതെന്ന് മധു വീണ്ടും വ്യക്തമാക്കി തന്നെ പറഞ്ഞിരുന്നു.

Latest
Widgets Magazine