ഫോബ്‌സ് മാഗസീന്റെ കോടീശ്വര പട്ടികയില്‍ ഇടം പിടിച്ച സാനിയുടെ ആസ്തികള്‍ ലേലത്തിന്; ലേലം കടബാധ്യതകള്‍ തീര്‍ക്കാന്‍

റിയാദ്: ശതകോടീശ്വരനായിരുന്ന സാദ് ഗ്രൂപ്പ് ഉടമ മാന്‍ അല്‍ സാനിയുടെ സ്വത്തുക്കള്‍ ലേലം ചെയ്യാനൊരുങ്ങുന്നു. ലോകത്തിലെ 100 ശതകോടീശ്വരന്‍മാരുടെ പട്ടികയിലുണ്ടായിരുന്ന സൗദി സ്വദേശിയായ സാനിക്ക് ഉണ്ടായിരുന്ന കടങ്ങള്‍ വീട്ടാന്‍ വേണ്ടിയാണ് സ്വത്തുക്കള്‍ അടുത്തമാസം മുതല്‍ ലേലം ചെയ്യുക. കോടികള്‍ കടമെടുത്ത ശേഷം തിരികെ അടയ്ക്കാതിരുന്നതിനെ തുടര്‍ന്നാണ് നടപടി. ഫോബ്‌സ് മാഗസീന്‍ 2007 ല്‍ പുറത്തിറക്കിയ കോടീശ്വരന്മാരുടെ പട്ടികയില്‍ ആദ്യ 100 പേരില്‍ സ്ഥാനം പിടിച്ചിരുന്ന ആളാണ് മാന്‍ അല്‍ സാനി. എന്നാല്‍ 2009 മുതല്‍ ഇയാളുടെ കമ്പനി കടക്കെണിയിലായി. കഴിഞ്ഞവര്‍ഷം കടം തിരികെ അടയ്ക്കാതിരുന്നതിനെ തുടര്‍ന്ന് മാന്‍ അല്‍ സാനിയെ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ഒമ്പത് വര്‍ഷമായി സാദ് ഗ്രൂപ്പില്‍ നിന്ന് തിരികെ ലഭിക്കാനുള്ള പണത്തിനായി കടം നല്‍കിയവര്‍ കേസ് നടത്തുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സാദ് ഗ്രൂപ്പിന്റെ കടങ്ങള്‍ തീര്‍ക്കാര്‍ ആസ്തികള്‍ ലേലം ചെയത് വില്‍ക്കാന്‍ ട്രിബ്യൂണല്‍ ഉത്തരവിട്ടു. ഇതിനായി കണ്‍സോര്‍ഷ്യത്തിനെയും ചുമതലപ്പെടുത്തി. കോബാര്‍, ദമാം എന്നിവിടങ്ങളിലുള്ള വാണിജ്യ ഭൂമി, ഫാം, പാര്‍പ്പിടസമുച്ചയങ്ങള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ ലേലം ചെയ്യുന്നത്. അഞ്ചുമാസത്തിനുള്ളില്‍ ലേലം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം. റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ ലേല നടപടികള്‍ നടക്കും. സാനിയുടെ 200 കോടി റിയാല്‍ മൂല്യംവരുന്ന ആസ്തികളാണ് ലേലം ചെയ്യുക. കഴിഞ്ഞ മാര്‍ച്ചില്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള 900 വാഹനങ്ങള്‍ ലേലം ചെയ്ത് കിട്ടിയ പണം കടം തീര്‍ക്കാനായി വിനിയോഗിച്ചിരുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന ലേലത്തില്‍ നിന്ന് ലഭിക്കുന്ന തുക ബാങ്കുകളുള്‍പ്പെടെ 34 പേര്‍ക്കായാണ് വീതിച്ചു നല്‍കുക. ലേലം പൂര്‍ത്തിയായി കടം മുഴുവന്‍ അടച്ചുതീരുന്ന മുറയ്ക്ക് മാന്‍ അല്‍ സാനിയെ മോചിപ്പിച്ചേക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top