പാര്‍ട്ടി അംഗങ്ങളില്‍നിന്ന് ഒരു രൂപ സംഭാവന പിരിച്ചുണ്ടാക്കിയ ഇരുനില കെട്ടിടം; റോഡ് വികസനത്തിന് പാര്‍ട്ടി ഓഫിസ് പൊളിച്ചുനീക്കി വേറിട്ട മാതൃകയായി മുസ്ലീം ലീഗ്

ദേശീയപാത വികസനത്തിന് പാര്‍ട്ടി ഓഫിസ് പൊളിച്ചുനീക്കി മലപ്പുറത്ത് വേറിട്ട മാതൃകയായി മുസ്ലീം ലീഗ്. രാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍ക്കാര്‍ ഭൂമികൈയ്യേറുന്നു എന്നുള്ള ആരോപണങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ റോഡ് വികസനത്തിന് പാര്‍ട്ടി ഓഫിസ് പൊളിച്ചുനീക്കിയാണ് മലപ്പുറത്ത് മുസ്ലീം ലീഗ് വാര്‍ത്തകളില്‍ നിറയുന്നത്. കോട്ടപ്പടിഫതിരൂര്‍ റോഡിലെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫിസാണ് പൊളിച്ചുനീക്കുന്നത്. പാര്‍ട്ടി ഓഫീസിലെ അവസാന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഞായറാഴ്ച നടന്നു. യോഗത്തില്‍ അധ്യക്ഷത വഹിച്ച പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് ഓഫിസ് പൊളിച്ചുനീക്കുന്നത് ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചത്. നാല് പതിറ്റാണ്ടുമുമ്പാണ് നാല് സെന്‍േറാളം സ്ഥലത്ത് ഇരുനിലയുള്ള ജില്ല ആസ്ഥാനമന്ദിരം പണിതത്. പാര്‍ട്ടി അംഗങ്ങളില്‍നിന്ന് ഒരു രൂപ സംഭാവന പിരിച്ചുകൊണ്ടായിരുന്നു പണി തുടങ്ങിയത്. 1972 സെപ്റ്റംബര്‍ രണ്ടിനാണ് ഓഫിസിന് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ തറക്കല്ലിട്ടത്. അഞ്ച് വര്‍ഷമെടുത്താണ് ഓഫിസ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 1977 സെപ്റ്റംബര്‍ 18ന് അന്നത്തെ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഓഫിസ് തുറന്നുകൊടുത്തു. സാമ്പത്തിക ചെലവ് പൂര്‍ണമായി വഹിക്കാമെന്ന് സമ്പന്നനായ ഒരാള്‍ ഏറ്റിരുന്നെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് സംഭാവന വാങ്ങി നിര്‍മ്മാണം നടത്താനാണ് അന്ന് മുസ്ലീം ലീഗ് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത്. കെട്ടിടം അടുത്ത ദിവസം പൊളിക്കും. തിരൂര്‍മലപ്പുറം റോഡില്‍ മലപ്പുറം ടൗണിലേക്ക് എത്തുമ്പോഴുള്ള ഗതാഗത കുരുക്ക് റോഡ് വീതി കൂട്ടുന്നതോടെ ഇല്ലാതാകും. കോട്ടപ്പടി വലിയവരമ്പ് ബൈപാസിലാണ് പുതിയ ഓഫിസ് സമുച്ചയം ഉയരുന്നത്. ദേശീയപാത വികസനത്തിനായി സ്വന്തം വീടിന്റെ പാതിപോകുന്നത് പരിഗണിക്കാതെ സ്ഥലം വിട്ടുകൊടുത്ത മന്ത്രി ജി സുധാകരന്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

Latest
Widgets Magazine