നാല് വര്‍ഷം മുമ്പ് കാണാതായ മലേഷ്യന്‍ വിമാനം മനഃപ്പൂര്‍വം റൂട്ട് മാറിപ്പറന്നെന്ന് സ്ഥിരീകരണം

ക്വാലാലംപൂര്‍: നാല് വര്‍ഷം മുമ്പ് കാണാതായ എംഎച്ച് 370 മലേഷ്യന്‍ വിമാനം റൂട്ട് മാറിപ്പറന്നെന്ന് സ്ഥിരീകരണം. വിമാനം മനഃപ്പൂര്‍വം റൂട്ട് മാറിപ്പറന്നതായാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അന്വേഷണസംഘം 495 പേജുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുകയും ചെയ്തു. അതേസമയം എന്തുകൊണ്ടാണ് റൂട്ട് മാറിപ്പറന്നതെന്ന് കണ്ടെത്താന്‍ എംഎച്ച് 370 സേഫ്റ്റി ഇന്‍വെസ്റ്റിഗേഷന്‍ സംഘത്തിന് സാധിച്ചില്ല.

നാലു വര്‍ഷം കൊണ്ടു തയാറാക്കിയ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ നിരാശാജനകമാണെന്ന് കാണാതായവരുടെ ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ ഇപ്പോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് അന്തിമമല്ലെന്നും കൂടുതല്‍ വിഭാഗങ്ങളുടെ കണ്ടെത്തലുകള്‍ വരാനിരിക്കുകയാണെന്നും അന്വേഷണത്തിന് നേതൃത്വം വഹിച്ച കോക് സൂച ചോന്‍ മാധ്യമങ്ങളോട് പറഞ്ഞു. 239 യാത്രക്കാരുമായി ക്വാലാലംപുരില്‍ നിന്ന് ബെയ്ജിംഗിലേക്കുള്ള യാത്രാമധ്യേ 2014 മാര്‍ച്ച് എട്ടിനാണ് എംഎച്ച് 370 വിമാനം അപ്രത്യക്ഷമായത്. വിവിധ രാജ്യങ്ങളുടെ സഹകരണത്തോടെ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും വിമാനത്തെക്കുറിച്ച് സ്ഥിരീകരിക്കാവുന്ന തെളിവുകള്‍ ലഭിച്ചിരുന്നില്ല. വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളിലൂടെ പറന്നിരിക്കാമെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top