കാര്‍ കത്തിയിട്ടും ഉള്ളിലുള്ളവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കാത്തത് എന്ത്? ദുരൂഹതകള്‍ ബാക്കിയാക്കി മലയാളി കുടുംബം കാറിനുള്ളില്‍ കത്തിയമര്‍ന്നു

ചെന്നൈ: മഹാബലിപുരത്ത് കാര്‍ കത്തി മലയാളി കുടുംബം മരിച്ച സംഭവത്തില്‍ ദുരൂഹതകള്‍ മാത്രം. സംഭവത്തില്‍ കൊലപാതക സാധ്യത തള്ളാനാവില്ലെന്നു തമിഴ്‌നാട് പൊലീസും വ്യക്തമാക്കി. ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് പാലക്കാട് സ്വദേശിയും ചെന്നൈയില്‍ സ്ഥിരതാമസവുമായ പാലക്കാട് പട്ടഞ്ചേരി ചങ്ങംവീട്ടില്‍ ജയദേവന്‍ (55), ഭാര്യ രമാദേവി (49), മകള്‍ ദിവ്യശ്രീ (24) എന്നിവര്‍ മഹാബലിപുരത്തിനടുത്ത് മനമൈ ഗ്രാമത്തിലെ ഒഴിഞ്ഞ പറമ്പില്‍ കാര്‍ കത്തി മരിച്ചത്. ആരെയും തിരിച്ചറിയാത്ത വിധം കത്തിച്ചാമ്പലായിരുന്നു.

പലപല സംശയങ്ങളാണ് സംഭവവുമായി ബന്ധപ്പെട്ട് ഉയരുന്നത്. നിര്‍ത്തിയിട്ട കാറാണ് കത്തിനശിച്ചതെന്നതുതന്നെ പ്രധാനം. എസിയുടെ ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണു പൊലീസിന്റെ നിഗമനം. എന്നാല്‍, നിര്‍ത്തിയിട്ട കാര്‍ കത്തുമ്പോള്‍ ഉള്ളിലുണ്ടായിരുന്ന മൂന്നുപേര്‍ക്കും എന്തുകൊണ്ട് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്ന ചോദ്യം അവശേഷിക്കുന്നു. മനമൈ ഗ്രാമത്തില്‍ കെട്ടിടം നിര്‍മ്മിക്കാനായി അളന്നുതിരിച്ചിട്ട സ്ഥലത്താണ് മൂവരും കാറിനുള്ളില്‍ കത്തിയമര്‍ന്നത്. ഏറെക്കാലമായി ചെന്നൈയില്‍ താമസിക്കുന്ന ജയദേവനും കുടുംബവും വീടുവയ്ക്കാന്‍ ആലോചിച്ചിരുന്നു. ഇതിനായി വാങ്ങിയ സ്ഥലത്താണോ സംഭവമെന്നു സംശയിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാറിനുള്ളില്‍ കത്തിയമര്‍ന്ന മൂന്നുപേരെയും ബംഗളുരുവില്‍നിന്നെത്തിയ രമാദേവിയുടെ സഹോദരന്‍ മോതിരം കണ്ടാണു തിരിച്ചറിഞ്ഞത്. ചെന്നൈ ക്രോംപേട്ടിലാണ് ജയദേവന്‍ താമസിച്ചിരുന്നത്. മകള്‍ ദിവ്യശ്രീയുടെ വിവാഹം അഞ്ചുമാസം മുമ്പായിരുന്നു. കരസേനാംഗമായ ശരതാണ് ഭര്‍ത്താവ്. കുറച്ചുനാള്‍ ഡല്‍ഹിയില്‍ ശരതിനൊപ്പം താമസിച്ച ദിവ്യശ്രീ ചെന്നൈയിലേക്കു മടങ്ങിവന്നിരുന്നു. ഇതെന്തുകൊണ്ടാണെന്നും ബന്ധുക്കള്‍ക്ക് അറിയില്ല. ചെന്നൈയില്‍നിന്ന് എഴുപതു കിലോമീറ്റര്‍ അകലെയാണ് മനമൈ. ഇവിടെ ഇവര്‍ സ്ഥലം നോക്കുന്നതായി ബന്ധുക്കള്‍ക്കൊന്നും അറിവില്ല. സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നതായും ആരും കരുതുന്നില്ല.

മനമൈയിലെ കെട്ടിടം നിര്‍മ്മിക്കാന്‍ അളന്നു തിരിച്ചിട്ട സ്ഥലത്തേക്ക് എന്തിനാണ് ഇവര്‍ എത്തിയതെന്നും കണ്ടെത്തിയാലേ സംഭവത്തിന്റെ നിജസ്ഥിതി മനസിലാകൂ. ശനിയാഴ്ച രാത്രി ഇവര്‍ കാറെടുത്തു പുറത്തേക്കു പോകുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു. സംഭവത്തില്‍ ദുരൂഹത ഉള്ളതായാണ് മഹാബലിപുരം പൊലീസിന്റെയും നിഗമനം. സാധാരണ പുറത്തുപോകുമ്പോള്‍ എങ്ങോട്ടാണു പോകാറുള്ളതെന്നും എപ്പോള്‍ മടങ്ങിവരുമെന്നും അയല്‍വാസികളോടു പറയാറുണ്ട്. എന്നാല്‍ ശനിയാഴ്ച ആരോടും ഇങ്ങനെയൊന്നും പറഞ്ഞിരുന്നില്ല.

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലായിരുന്നു ജയദേവനു ജോലി. കുറച്ചു മാസം മുമ്പ് ജോലി വിട്ട് ചില ഓണ്‍ലൈന്‍ ജോലികളുമായി വീട്ടില്‍തന്നെയായിരുന്നു ജയദേവന്‍. അപകട വിവരമറിഞ്ഞ് ബന്ധുക്കള്‍ ചെന്നൈയിലേക്കു തിരിച്ചിട്ടുണ്ട്. മൂവരും മരിച്ചെന്ന വാര്‍ത്ത വിശ്വസിക്കാനാവാത്ത നിലയിലാണ് ബന്ധുക്കള്‍. ജയദേവന്റെ സഹോദരന്മാരായ സുകുമാരനും മുരളീധരനുമാണ് ചെന്നൈയിലേക്കു തിരിച്ചിരിക്കുന്നത്.

Top