മലയാറ്റൂര്‍ കുരിശ് പള്ളിയില്‍ വൈദികനെ കപ്യാര്‍ കുത്തിക്കൊന്നു

കൊച്ചി:രാജ്യാന്തര തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിൽ വൈദികൻ കപ്യാരുടെ കുത്തേറ്റു മരിച്ചു. മലയാറ്റൂർ കുരിശുമുടി റെക്ടറായ ഫാ. സേവ്യർ തേലക്കാട്ടാണ് കൊല്ലപ്പെട്ടത്. 52 വയസ്സായിരുന്നു. വൈദികനെ കുത്തിയശേഷം വനത്തിലേക്ക് ഓടി രക്ഷപ്പെട്ട കപ്യാർ ജോണിക്കായി തിര‍ച്ചിൽ തുടരുകയാണ്. കുരിശുമുടിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളെത്തുടർന്ന് കപ്യാർക്കെതിരെ ഫാ.സേവ്യർ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വൈദികനോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്ന കപ്യാർ, ഇന്ന് കുരിശുമുടിയിലെ ആറാം സ്ഥലത്തുവച്ച് ഉടലെടുത്ത വാക്കുതർക്കത്തിനു പിന്നാലെ കത്തിയെടുത്തു കുത്തുകയായിരുന്നുവെന്ന് പറയുന്നു. ഇരുവർക്കുമിടയിൽ നേരത്തേ മുതൽ ചില തർക്കങ്ങളുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. പരുക്കേറ്റ ഫാ. സേവ്യറിനെ ഉടൻ തന്നെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കാലിൽ കുത്തേറ്റ വൈദികൻ രക്തം വാർന്നാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. കൊച്ചി ചേരാനെല്ലൂർ തേലക്കാട്ട് പൗലോസ്–ത്രേസ്യാമ്മ ദമ്പതികളുടെ എട്ടു മക്കളിൽ രണ്ടാമനാണ് ഫാ.സേവ്യർ. കഴിഞ്ഞ ഏഴു വർഷമായി കുരിശുമുടിയിലെ റെക്ടറായി സേവനം ചെയ്തു വരികയാണ്. 1993 ഡിസംബർ 27ന് ബിഷബ് മാർ ജേക്കബ് മനത്തോടത്തിൽനിന്ന് തിരുപ്പട്ടം സ്വീകരിച്ച ഫാ. സേവ്യർ തേല‍ക്കാട്ട് സിഎൽസി അതിരൂപതാ ഡയറക്ടർ, പിഡിഡിപി വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

Latest
Widgets Magazine