തിരുവനന്തപുരത്ത് മമ്മൂട്ടി ഇടതുപക്ഷ സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നടന്‍ മമ്മൂട്ടി ഇടതുപക്ഷ സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തം. എന്നാല്‍ മമ്മൂട്ടി ഇതുവരെ സമ്മതമറിയിച്ചിട്ടില്ല . തിരുവനന്തപുരം ലോക്‌സഭാസീറ്റ് സി.പി.ഐയ്ക്ക് അവകാശപ്പെട്ടതായതിനാല്‍ ഇടതുസ്വതന്ത്രനായി മമ്മൂട്ടിയെ അവതരിപ്പിക്കാനാണ് നീക്കം. സി.പി.ഐ. സംസ്ഥാന നേതൃത്വത്തിനും മമ്മൂട്ടി മത്സരിക്കുന്നതിനോട് താല്‍പര്യക്കുറവില്ലെന്നാണു സൂചന. മമ്മൂട്ടിക്കുള്ള ജനപിന്തുണയും കൈരളി ചാനലിന്റെ ചെയര്‍മാന്‍ എന്നനിലയില്‍ വര്‍ഷങ്ങളായി തലസ്ഥാനത്തെ നിറസാന്നിധ്യവുമാണ് മമ്മൂട്ടിയെ തലസ്ഥാനത്തു മത്സരിപ്പിക്കാന്‍ എല്‍.ഡി.എഫിനെ പ്രേരിപ്പിക്കുന്നത്. സര്‍വേഫലങ്ങള്‍ അടക്കം ഇടതുമുന്നണിക്കെതിരായതിനാല്‍ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി എങ്ങനെയും മണ്ഡലം പിടിച്ചെടുക്കാനാണ് സി.പി.എം. നീക്കം. ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ കലാപരിപാടികളുടെ ഉദ്ഘാടനത്തിന് മമ്മൂട്ടിയെ ക്ഷണിച്ചത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്നും സൂചനയുണ്ട്. വന്‍ജനപങ്കാളിത്തമുണ്ടായ പരിപാടിയില്‍ ഒരു മണിക്കൂറോളം മമ്മൂട്ടി ഉണ്ടായിരുന്നു. പ്രതിഫലം വാങ്ങാതെയാണ് ഈ പരിപാടിയില്‍ താരം പങ്കെടുത്തതും. 2014 ല്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച ശശി തരൂര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വീണ്ടുമെത്തുമ്പോള്‍ മമ്മൂട്ടിയെപ്പോലൊരു വമ്പന്‍ സ്ഥാനാര്‍ഥിയെ രംഗത്തിറക്കി സീറ്റ് തിരിച്ചുപിടിക്കാമെന്ന് ഇടതുമുന്നണി കണക്കുകൂട്ടുന്നു.

Top