മയക്കുമരുന്ന് കേസില്‍ മുന്‍ ബോളിവുഡ് സ്വപ്നസുന്ദരി മമത കുല്‍ക്കര്‍ണിക്ക് ജാമ്യമില്ലാ വാറണ്ട്

മുംബൈ: 2000 കോടിയുടെ മയക്കുമരുന്ന് കേസില്‍ മുന്‍ ബോളിവുഡ് സ്വപ്നസുന്ദരി മമതാ കുല്‍ക്കര്‍ണ്ണിക്കും കാമുകന്‍ വിക്കി ഗോസ്വാമിക്കുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. തിങ്കളാഴ്ച താനെയിലെ പ്രത്യേക കോടതിയാണ് ഇരുവര്‍ക്കുമെതിരേ വാറന്റ് പുറപ്പെടുവിച്ചത്.ഗുജറാത്തിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ മകനടക്കം ഉള്‍പ്പെട്ട കേസില്‍ ഇരുവര്‍ക്കുമെതിരെ നിരവധി തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്ന് അന്വേഷണ സംഘം പ്രത്യക കോടതിയെ അറിയിച്ചതിനു പിന്നാലെയാണിത്. പ്രത്യേക കോടതി ജഡ്ജി എച്ച്.എം. പട് വര്‍ധനാണ് വാറണ്ട് പുറപ്പെടുവിച്ചത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് രാജ്യത്തെ പിടിച്ചുലച്ച കാലിത്തീറ്റ കുംഭകോണത്തിലും മമതക്ക് പങ്കുണ്ടായിരുന്നു.

എഫെഡ്രൈന്‍ എന്ന രാസവസ്തു ഇന്ത്യയില്‍ നിന്ന് കെനിയയിലേക്ക് കടത്തിക്കൊണ്ടുപോവുകയും അവിടെ ഇതുപയോഗിച്ച് മെതാംഫെറ്റാമിന്‍ എന്ന മാരക മയക്കുമരുന്നു നിര്‍മിച്ച് തിരിച്ചു കൊണ്ടുവരികയും ചെയ്യുന്നതിനു നേതൃത്വം നല്‍കി എന്നാണ് കേസ്. 2000 കോടി രൂപയുടെ ഇടപാടാണ് ഇത്തരത്തില്‍ ഇവര്‍ നടത്തിയത്. കേസില്‍ അന്വേഷണം ആരംഭിച്ചതോടെ മമത ഒളിവില്‍ പോയി. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് കെനിയയില്‍ അറസ്റ്റിലായ വിജയ് ഗോസാമിയെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് അമേരിക്കക്കു കൈമാറിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മമതയ്ക്കും വിജയ്ഗിരി, വിക്കി എന്നീ അപരനാമങ്ങളുള്ള വിജയ് ഗോസാമിക്കുമെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ശിശിര്‍ ഹിരായി കോടതിയെ അറിയിച്ചു. കേസില്‍ അറസ്റ്റിലായ ഒരാളുടെ കുറ്റസമ്മതത്തില്‍ മമതയ്ക്കും വിജയ് ഗോസാമിക്കും കേസിലുള്ള പങ്കിനെക്കുറിച്ച് കൃത്യമായി പറയുന്നുണ്ട്. ഇന്ത്യക്കും കെനിയയ്ക്കുമിടയില്‍ മയക്കുമരുന്നു പാതയുണ്ടാക്കിയതില്‍ ഇവരാണ് മുഖ്യ കുറ്റവാളികളെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. ഈ വാദം അംഗീകരിച്ചാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.

അറസ്റ്റിലായ ജയ് മുഖി, കിഷോര്‍ റാത്തോഡ് എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് കോടിക്കണക്കിനു രൂപയുടെ മയക്കുമരുന്നു കച്ചവടത്തിന്റെ ഞെട്ടിക്കുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചത്. വിജയ് ഗോസാമി, മമത കുല്‍ക്കര്‍ണി എന്നിവരുടെ നേതൃത്വത്തില്‍ കെനിയയിലെ ആഡംബര ഹോട്ടലുകളില്‍ പല തവണ സംഘാംഗങ്ങള്‍ ഒന്നിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തിരുന്നത്. ഇവര്‍ തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണമുള്‍പ്പെടെയുള്ള തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

ഗുജറാത്തിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ മകനാണ് കിഷോര്‍ റാത്തോഡ്. ഒന്‍പതു മാസത്തോളം ഒളിവിലായിരുന്ന കിഷോര്‍ കഴിഞ്ഞ ജനുവരിയിലാണ് അറസ്റ്റിലായത്. അവോണ്‍ ലൈഫ് സയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ മറവിലാണ് രാസവസ്തുക്കള്‍ കെനിയയിലേക്കു കടത്തിയിരുന്നത്. മമതയെ ഈ കമ്പനിയുടെ ഡയറക്ടറാക്കാനും ഉദ്ദേശിച്ചിരുന്നു.2014ല്‍ മുംബൈയിലെ താനെയില്‍ പോലീസ് നടത്തിയ റെയിഡിലാണ് മയക്കുമരുന്നു ശൃംഖലയെക്കുറിച്ചുള്ള ആദ്യ സൂചനകള്‍ കിട്ടിയ്ത്. 20 ടണ്‍ എഫെഡ്രൈന്‍ താനെയില്‍ നിന്ന് പോലീസ് പിടിച്ചെടുത്തിരുന്നു.

Top