മകളോടുള്ള പ്രണയത്തിന്റെ ആഴം കാണിക്കാന്‍ കാമുകിയുടെ അച്ഛന്‍ പറഞ്ഞു: യുവമോര്‍ച്ച നേതാവ് സ്വയം വെടിവെച്ചു

ഭോപ്പാല്‍: ആത്മഹത്യയിലൂടെ പ്രണയം തെളിയിക്കണമെന്ന് കാമുകിയുടെ പിതാവ് ആവശ്യപ്പെട്ടതോടെ യുവമോര്‍ച്ച നേതാവ് സ്വയം വെടിവച്ചു. ഗുരുതരമായി പരുക്കേറ്റ യുവാവ് വെന്റിലേറ്ററിലാണ്. ഇയാള്‍ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഭോപ്പാലില്‍ നടന്ന സംഭവത്തെക്കുറിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.

ഭാരതീയ ജനത യുവമോര്‍ച്ച ഭോപ്പാല്‍ വൈസ് പ്രസിഡന്റ് അതുല്‍ ലോഖണ്ഡെയാണ് സ്വയം വെടിവച്ചത്. ഇന്നലെ രാത്രി 9.30 ഓടെ കാമുകിയുടെ വീട്ടിലെത്തിയ അതുല്‍ കൈയ്യില്‍ കരുതിയിരുന്ന തോക്കുപയോഗിച്ച് തലയില്‍ നിറയൊഴിക്കുകയായിരുന്നു. അതുലിനൊപ്പം എത്തിയ ബന്ധുവാണ് കാമുകിയുടെ സഹായത്തോടെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്.

കാമുകിയുടെ പിതാവ് ആത്മഹത്യ ചെയ്ത് പ്രണയം തെളിയിക്കാന്‍ തന്നോട് ആവശ്യപ്പെട്ടതായി അതുല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എഴുതിയിരുന്നു. ആത്മഹത്യയില്‍നിന്നും രക്ഷപ്പെട്ടാല്‍ മകളെ വിവാഹം കഴിച്ചു കൊടുക്കാമെന്നും മറിച്ചാണെങ്കില്‍ അടുത്ത ജന്മത്തില്‍ ഇരുവര്‍ക്കും ഒന്നിക്കാമെന്നും പെണ്‍കുട്ടിയുടെ പിതാവ് തന്നോട് പറഞ്ഞതായി ഫെയ്‌സ്ബുക്ക് പോസ്റ്റിലുണ്ട്. പെണ്‍കുട്ടിയില്ലാതെ തനിക്ക് ജീവിക്കാനാവില്ലെന്നും തന്റെ പ്രവൃത്തിക്ക് കാമുകിയെ ആരും കുറ്റപ്പെടുത്തരുതെന്നും അതുല്‍ എഴുതിയിരുന്നു.

കഴിഞ്ഞ 13 വര്‍ഷമായി അതുലും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. പെണ്‍കുട്ടിയെ വിവാഹം കഴിച്ചു കൊടുക്കാന്‍ പിതാവ് സമ്മതിച്ചിരുന്നില്ലെന്നും അവര്‍ പറഞ്ഞു. അതേസമയം, യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ഡപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ധര്‍മ്മന്ദ്ര ചൗധരി വ്യക്തമാക്കി.

Latest
Widgets Magazine