ഒരു മാസത്തെ ശമ്പളം കിട്ടിയില്ല; ഭക്ഷണത്തിന് പണമില്ല; മാനേജരെ 6 തവണ കുത്തി ജീവനക്കാരൻ

ശമ്പളം കിട്ടാത്തതിന്റെ പേരില്‍ ജീവനക്കാരന്‍ മാനേജരെ ആക്രമിച്ചു. മംബൈയിലെ ഹൗസ് കീപ്പിംഗ് സ്ഥാപനത്തിലാണ് സംഭവം. സെപ്റ്റംബറിലെ ശമ്പളം കിട്ടാത്തതിന്റെ പേരിലാണ് മുപ്പത്കാരനായ ജീവനക്കാരന്‍ മാനേജരെ കുത്തിയത്. ഓഫീസിന് അകത്ത് വെച്ച് ആറ് തവണയാണ് കത്തി വെച്ച് മോസസ് ഡിസൂസ എന്നയാള്‍ മാനേജരായ റിഷികാന്ത് വഡ്കറിനെ ആക്രമിച്ചത്. കഴുത്ത്, നെഞ്ച്, തല എന്നിവിടങ്ങളില്‍ കുത്തേറ്റ റിഷികാന്ത് ഗുരുതരാവസ്ഥയില്‍ ഭാട്ടിയ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു വര്‍ഷത്തോളമായി ഈ സ്ഥാപനത്തിലെ ജോലിക്കാരനാണ് മോസസ് ഡിസൂസ. കഴിഞ്ഞ മാസത്തെ ജോലിക്ക് ശേഷം മാനേജര്‍ ഇയാളോട് കുറച്ച് നാള്‍ വരേണ്ടതില്ല എന്നറിയിച്ചു. സെപ്റ്റംബറിലെ ശമ്പളമായ 14,000 രൂപ വീട്ടിലുള്ളപ്പോള്‍ ആയാലും തരുമെന്നും അറിയിച്ചു. ഒക്ടോബര്‍ ആദ്യ ആഴ്ചയില്‍ സ്ഥാപനത്തിലെ മറ്റെല്ലാ ജീവനക്കാര്‍ക്കും ശമ്പളം ലഭിച്ചെങ്കിലും മോസസിന് ലഭിച്ചില്ല. ഇത് ചോദിക്കാന്‍ മാനേജരെ പലതവണ ഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും മോസസിനെ അവഗണിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.മാനേജരെ കണ്ട് ഭക്ഷണത്തിന് പോലും പണമില്ലെന്നും ശമ്പളം തരണമെന്നും ആവശ്യപ്പെട്ടു. പക്ഷേ മോസസിനോട് പുറത്ത് കടക്കാനാണ് മാനേജര്‍ ആവശ്യപ്പെട്ടത്. ഇതോടെ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് മോസസ് റിഷികാന്തിനെ ആക്രമിക്കുകയായിരുന്നു. മോസസിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

Latest
Widgets Magazine