12 ക്രിമിനല്‍ കേസുകളില്‍ പ്രതി!! മഞ്ജുവിന് മലകയറാനാകില്ല

ശബരിമലയില്‍ കയറാനെത്തിയ ദലിത് യുവതിയെ മടക്കി അയക്കുമെന്ന് സൂചന. മലകയറാനെത്തിയ മഞ്ജു ദലിത് മഹിള ഫെഡറേഷന്‍ നേതാവാണ്. അതിനാല്‍ ആക്ടിവിസ്റ്റെന്ന ലേബലില്‍ ഇവര്‍ക്ക് മല കയറുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പോലീസ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ അത് നടക്കാതെ വന്നപ്പോള്‍ അവരുടെ പേരിലുള്ള ക്രിമിനല്‍ കേസുകളുടെ കാര്യം പറഞ്ഞ് അവരെ മലകയറുന്നതില്‍ നിന്നും തടയുകയാണ് പോലീസ് ചെയ്തിരിക്കുന്നത്.

നിലവില്‍ 12 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ പോലീസ് സുരക്ഷയൊരുക്കി സന്നിധാനത്തേയ്ക്ക് കൊണ്ട് പോകില്ലെന്ന് പോലീസ് വ്യക്തമാക്കി. മഞ്ജുവിന് സ്വന്തമായി പ്രതിഷേധം കവച്ചു വച്ച് പോകാനാകുമെങ്കില്‍ മല കയറാമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

ദലിത് മഹിളാ ഫെഡറേഷന്‍ നേതാവായ മഞ്ജുവിന്റെ പേരിലുള്ള കേസുകള്‍ അവരുടെ പൊതു പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉണ്ടായതാണ്. ദലിതർക്കെതിരെയുള്ള പ്രശ്നങ്ങളിൽ ശക്തമായി ഇടപെടുന്ന വ്യക്തിയാണ് മഞ്ജു. എന്നാല്‍ പോലീസ് അക്കാര്യങ്ങള്‍ മുന്‍ നിര്‍ത്തി മല കയറുന്നതിനായുള്ള സുരക്ഷയൊരുക്കുന്നതില്‍ നിന്ന് പിന്മാറുകയായിരുന്നു.

കൂടാതെ, പ്രതികൂല കാലാവസ്ഥയായതിനാല്‍ മല കയറുന്നത് എളുപ്പമല്ല നാളെ മാത്രമേ ശബരിമലയില്‍ കയറാന്‍ കഴിയൂ എന്നും ഐജി ശ്രീജിത് വ്യക്തമാക്കി. മഞ്ജുവും ഇതിനോട് യോജിച്ചു എന്ന വിവരമാണ് ഐജി ശ്രീജിത് മാധ്യമങ്ങളോട് പറഞ്ഞത്.

Latest