മഞ്ജു വാര്യരെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് സ്ഥാനാര്‍ഥിയാക്കാന്‍ സിപിഐഎമ്മില്‍ ആലോചന

കൊച്ചി: നടി മഞ്ജു വാര്യരെ  അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്ത് സ്ഥാനാർഥിയാക്കാൻ സിപിഐഎമ്മിൽ ആലോചന. ഇതു സംബന്ധിച്ച് നേതാക്കൾക്കിടയിൽ അനൗപചാരിക ചർച്ചകൾ പല തവണ നടന്നുകഴിഞ്ഞു.പാർട്ടി നേതാക്കൾക്കിടയിൽ ഇതു സംബന്ധിച്ച് ധാരണയായതായാണ് വിവരം. ഏതു വിധവും എറണാകുളം പിടിക്കണമെന്ന ഉറച്ച തീരുമാനമാണ് തെരഞ്ഞെടുപ്പിൽ മഞ്ജു വാര്യരുടെ പ്രതിച്ഛായ മുതലാക്കാനുള്ള നീക്കത്തിന് പിന്നിൽ. ഇടതു സർക്കാറിന്‍റെ പല പദ്ധതികളുടെയും ബ്രാൻഡ് അംബാസഡറാണ് മഞ്ജു.  അടുത്ത സമയത്തായി സർക്കാറിന്റെ പ്രവർത്തനത്തെ തുറന്ന് പ്രശംസിക്കുകയും ചെയ്തിരുന്നു. എറണാകുളത്ത് പല പരിപാടികളിലും സജീവമാകാനും അവർ ശ്രമിക്കുന്നുണ്ട്. പി. രാജീവിനെ തന്നെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കാനും ലോക്സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ സ്ഥാനാർഥിയാക്കാനുമാണ് നേരത്തെ ധാരണയുണ്ടായിരുന്നത്.എന്നാൽ, പുതിയ ധാരണ അനുസരിച്ച് രാജീവ് അടുത്ത മൂന്ന് വർഷവും സെക്രട്ടറിയായി തുടരും. വിശാല കൊച്ചി വികസന അതോറിറ്റിയുടെ അധ്യക്ഷനായ പിണറായിയുടെ വിശ്വസ്തൻ സി.എൻ. മോഹനനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താനും ധാരണയായിട്ടുണ്ട്.

Top