വീരമൃത്യുവരിച്ച വസന്തകുമാര്‍ വീട്ടില്‍ നിന്ന് മടങ്ങിയത് അഞ്ച് ദിവസം മുമ്പ്; പഞ്ചാബില്‍ നിന്ന് സ്ഥലം മാറിയെത്തിയത് കാശ്മീരിലേയ്ക്ക്

പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വി.വി വസന്തകുമാര്‍(42) വീട്ടില്‍ നിന്ന് മടങ്ങിയത് ഒരാഴ്ച്ച മുമ്പ് മാത്രം. പത്ത് ദിവസത്തെ അവധിക്ക് ലക്കിടിയിലെ കുന്നത്തിടവക വാഴക്കണ്ടി വീട്ടില്‍ എത്തിയ വസന്തകുമാര്‍ ഫെബ്രുവരി 9 നാണ് ജമ്മുകശ്മീരിലേക്ക് തിരികെ പോയത്.

കഴിഞ്ഞ 18 വര്‍ഷമായി സൈനികസേവനം ചെയ്യുന്ന വസന്തകുമാര്‍ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട ബറ്റാലിയന്‍ മാറ്റത്തെ തുടര്‍ന്നാണ് അവധി ലഭിച്ച് നാട്ടിലെത്തിയത്. ഇത്രയും കാലം പഞ്ചാബിലായിരുന്നു അദ്ദേഹം. പഞ്ചാബില്‍ നിന്ന് 82ാം ബറ്റാലിയന്‍ അംഗമായാണ് വസന്തകുമാര്‍ ശ്രീനഗറിലെത്തുന്നത്. . രണ്ട് വര്‍ഷം കൂടി കഴിഞ്ഞ് വിരമിക്കാനിരിക്കെയാണ് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജില്ലാ ഭരണകൂടം ഔദ്യോഗികമായി മരണവിവരം വീട്ടുകാരെ അറിയിച്ചിട്ടില്ലെങ്കിലും വസന്തകുമാര്‍ ഇനിയില്ലെന്ന് വീട്ടുകാര്‍ അറിഞ്ഞു കഴിഞ്ഞു. ഇന്നലെ സൈന്യത്തില്‍ നിന്നുള്ള ഫോണ്‍ സന്ദേശം വീട്ടുകാരെ തേടിയെത്തിയിരുന്നു. അഞ്ച് മണിയോടെയാണ് ഔദ്യോഗിക സ്ഥിരീകരണം വീട്ടുകാര്‍ക്ക് ലഭിക്കുന്നത്. മൃതദേഹം ഇന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെന്നുമെന്നാണ് വിവരം.

അമ്മ: ശാന്ത, അച്ഛന്‍: പരേതനായ വാസുദേവന്‍, ഭാര്യ: ഷീന(പൂക്കോട് വെറ്രറിനറി കോളേജ് താത്ക്കാലിക ജീവനക്കാരിയാണ്), സഹോദരി: വസുമിത. മൂന്നാം ക്ലാസ്സ് വിദ്യാര്‍ഥിനിയായ അനാമിക, യുകെജി വിദ്യാര്‍ഥിയായ അമര്‍ദീപ് എന്നിവര്‍ മക്കളാണ്.

സമീപകാലത്ത് രാജ്യംകണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് വ്യാഴാഴ്ച പുല്‍വാമയിലുണ്ടാവുന്നത്. വസന്തകുമാര്‍ ഉള്‍പ്പെടെ 44 സി.ആര്‍.പി.എഫ്. ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. 2547 ജവാന്മാരുമായിപ്പോയ വാഹന വ്യൂഹത്തിനുനേരെ വ്യാഴാഴ്ച വൈകീട്ട് മൂന്നേകാലോടെ ഭീകരര്‍ ചാവേറാക്രമണം നടത്തുകയായിരുന്നു. പാകിസ്താന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റു. മരണസംഖ്യ ഉയരാനിടയുണ്ട്.

Top