സഹോദരിമാരുടെ കൂട്ട ആത്മഹത്യ ബന്ധു നാസറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: കൂട്ട ആദ്മഹത്യ ശ്രമത്തിനിടെ യുവതിയും മകളും മരിച്ചതിനു പിന്നാലെ യുവതിയുടെ സഹോദരി ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയതിനെത്തുടര്‍ന്ന് ഇവരുടെ ബന്ധു നാസറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ജാസ്മിന്റെ ആത്മഹത്യാക്കുറിപ്പിന്റെയും ആശുപത്രിയില്‍ അപകടനില തരണംചെയ്ത അമ്മ സോഫിന്റെ മൊഴിയുടെയും അടിസ്ഥാനത്തിലാണു നാസറിനെ കസ്റ്റഡിയിലെടുത്തത്. നാസറും അടുത്ത ബന്ധുക്കളായ രണ്ടു സ്ത്രീകളുമാണു തന്റെ മരണത്തിന് ഉത്തരവാദികളെന്നു കത്തിലുള്ളതായി പൊലീസ് പറഞ്ഞു.ആത്മഹത്യാപ്രേരണയ്ക്കാണു നാസറിനെ കസ്റ്റഡിയിലെടുത്തത്. ഒരു കോടിയോളം വരുന്ന സാമ്പത്തികബാധ്യതയും ബാങ്ക് വായ്പയും ജാസ്മിനും കുടുംബത്തിനും ഉണ്ടായിരുന്നതായാണു വിവരം. ഇതു പരിഹരിക്കാന്‍ കരുതിയിരുന്ന തുക നാസര്‍ തട്ടിയെടുത്തുവെന്നാണ് ആരോപണം. ഇയാളെ ഇന്ന് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കും. ജാസ്മിന്റെ ഭര്‍ത്താവ് റഹീം ഗള്‍ഫിലാണ്.

നാടിനെ നടുക്കിയ കൂട്ടആത്മഹത്യ, കടബാധ്യതയും സാമ്പത്തിക പ്രശ്നങ്ങളും മൂലമെന്നു സൂചന. ബാധ്യത തീര്‍ക്കാന്‍ വസ്തു വിറ്റ തുകയില്‍ 65 ലക്ഷം രൂപ ബന്ധു കൂടിയായ കുടുംബസുഹൃത്ത് കബളിപ്പിച്ചെടുത്തതാണു യുവതിയും കുഞ്ഞും ആക്കുളം കായലില്‍ ചാടി ജീവനൊടുക്കിയതിനു കാരണമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
ജാസ്മിന്റെ ഭര്‍ത്താവ് ഖത്തറിലാണ്. ഭര്‍ത്താവിനൊപ്പം വിദേശത്തായിരുന്ന ജാസ്മിനും മക്കളും ആറു മാസം മുന്‍പാണു നാട്ടിലെത്തിയത്. 150 ജീവനക്കാരുമായി റഹീം ഖത്തറില്‍ സ്വന്തമായി കമ്പനി നടത്തിയിരുന്നു. എട്ടുമാസം മുന്‍പ് അപകടത്തില്‍പ്പെട്ടു റഹീമിനു സാരമായി പരുക്കേറ്റു. ജാസ്മിനും മക്കളും അന്നു പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു. അപകടത്തെ തുടര്‍ന്നു റഹീമിനു കമ്പനി ആറു മാസം പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശമ്പളം കിട്ടാതിരുന്ന ജീവനക്കാര്‍ ലേബര്‍ വകുപ്പില്‍ റഹീമിനെതിരെ കേസ് കൊടുത്തെന്ന് ഇവിടെയുള്ള ബന്ധുക്കള്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഒരു കോടിയോളം രൂപ ഞായറാഴ്ച വിദേശത്തേക്ക് അയയ്ക്കണമായിരുന്നു. ഇതിനായി ആലംകോട്ടുള്ള പത്തേമുക്കാല്‍ സെന്റ് സ്ഥലം 90 ലക്ഷം രൂപയ്ക്കു വിറ്റിരുന്നു. വസ്തു പ്രമാണം ചെയ്യാന്‍ പവര്‍ ഓഫ് അറ്റോര്‍ണി വാങ്ങാന്‍ രണ്ടാഴ്ച മുന്‍പു ജാസ്മിനും ഫാത്തിമയും ഭര്‍ത്താവിന്റെയടുത്തു പോയിരുന്നു. വസ്തു വിറ്റ പണത്തില്‍ നിന്നു കുടുംബസുഹൃത്ത് 65 ലക്ഷം രൂപ കബളിപ്പിച്ചെടുത്തതായാണു കരുതുന്നത്. ഞായറാഴ്ച രാവിലെ പതിനൊന്നിന് ഇയാള്‍ കിളിമാനൂരിലെ വീട്ടില്‍ വന്നിരുന്നതായും പറയുന്നു.

രണ്ടു മണിയോടെ ഭാര്യയും മകളും പേരക്കുട്ടികളുമായി ആലംകോട്ട് പോകുന്നുവെന്നു പറഞ്ഞു കാറില്‍ തിരിച്ചതായി ജാസ്മിന്റെ പിതാവ് സൈനുദ്ദീന്‍ പറഞ്ഞു. ബാങ്കില്‍ നിന്നുള്ള അറിയിപ്പുകളാണെന്നു പറഞ്ഞ് കുറേ എഴുത്തുകള്‍ മുറിയിലെ അലമാരയില്‍ വച്ചിട്ടാണു മകള്‍ പോയതെന്നും പിതാവ് പറഞ്ഞു. ഇത് ആത്മഹത്യാക്കുറിപ്പുകളാണെന്നു ദുരന്തശേഷമാണ് ഇദ്ദേഹം മനസ്സിലാക്കുന്നത്. അങ്കിള്‍ പറ്റിച്ചുവെന്നു പറഞ്ഞാണ് അമ്മയും ഉമ്മുമ്മയും കായലില്‍ ചാടിയതെന്നും ഒപ്പം ചാടണമെന്നു തങ്ങളോടു പറഞ്ഞിരുന്നെന്നും ജാസ്മിന്റെ മക്കളായ റംസിനും റെയ്ഹാനും പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

ജാസ്മിന്‍, ഫാത്തിമ, ഇന്നലെ ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയ അനുജത്തി സജ്ന എന്നിവരുടെ മൃതദേഹങ്ങള്‍ കബറടക്കി. റംസിനെയും റെയാനെയും ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.ആത്മഹത്യാശ്രമത്തിനിടെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തിയ ജാസ്മിന്റെ അമ്മ സോഫിന്റെ നില മെച്ചപ്പെട്ടു. ഞായറാഴ്ച വൈകിട്ട് ആറിനായിരുന്നു നാടിനെ നടുക്കി കുടുംബത്തിന്റെ കൂട്ട ആത്മഹത്യാശ്രമം. കിളിമാനൂ‍ര്‍ പുതിയകാവ് ഹൈസ്കൂളിനു സമീപം ജാസ്മിന്‍ മന്‍സിലില്‍ ജാസ്മിന്‍ (30), മകള്‍ ഫാത്തിമ (മൂന്നര)യെ ആക്കുളം കായലിലേക്കു വലിച്ചെറിഞ്ഞു മാതാവ് സോഫിനുമൊത്തു പിന്നാലെ ചാടുകയായിരുന്നു. ജാസ്മിന്റെ മറ്റു രണ്ടു മക്കളോടും കൂടെച്ചാടാന്‍ പറഞ്ഞിരുന്നുവെങ്കിലും പേടിച്ചുപോയ കുട്ടികള്‍ ചാടിയില്ല.ജാസ്മിനും ഫാത്തിമയും മരിച്ചു. സോഫിനെ രക്ഷപ്പെടുത്തി. ഇന്നലെ പുലര്‍ച്ചെ ട്രെയിനില്‍ വന്നിറങ്ങിയ സജ്ന സ്റ്റേഷനില്‍ വച്ചിരുന്ന സ്കൂട്ടറില്‍ പേട്ട മൂന്നാംമനയ്ക്കലില്‍ എത്തി വണ്ടി അവിടെ വച്ചിട്ടാണു ട്രെയിനിനു മുന്നില്‍ ചാടിയതെന്നു പൊലീസ് പറഞ്ഞു.

Top