ഗണ്‍മാനെ കൊണ്ട് പെട്ടിപോലും എടുപ്പിക്കാത്തയാളാണ് ഞാന്‍; ആരോപണങ്ങള്‍ക്കെതിരെ മന്ത്രി മാത്യു ടി തോമസ്

തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസിനെതിരെ ജനതാദള്ളില്‍ ഒരു വിഭാഗം കലാപക്കൊടി ഉയര്‍ത്തുകയാണ്. ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റ് കെ.കൃഷ്ണന്‍കുട്ടിയെ പകരം മന്ത്രിയാക്കണമെന്നാണ് ആവശ്യം. ഇതിന് പിന്നാലെ ചില ആരോപണങ്ങളും സജീവമായി. ഇതിന് പിന്നില്‍ മന്ത്രിസ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കാനുള്ള ചില കേന്ദ്രങ്ങളുടെ താല്‍പര്യം ഉണ്ടായിരിക്കുമെന്നാണ് മാത്യു ടി തോമസ് പറയുന്നത്. പക്ഷേ, അതിനായി വ്യക്തിഹത്യയ്ക്കും അതിനപ്പുറം കുടുംബഹത്യയ്ക്കും നീക്കം നടത്തുന്നതു സങ്കടകരമാണ്. എന്നെ സംബന്ധിച്ചിടത്തോളം മന്ത്രിസ്ഥാനത്തെക്കാളുമെല്ലാം പ്രധാനമാണു കുടുംബജീവിതം മാത്യു ടി തോമസ് പറയുന്നു. ചിലയാളുകള്‍ അങ്ങനെ ഒരാവശ്യം ഉയര്‍ത്തി. ഒരാള്‍ക്കുവേണ്ടി ഒഴിഞ്ഞുകൊടുക്കണമെന്നാണ് ആവശ്യപ്പെട്ടത്.

അദ്ദേഹത്തിന് ഒരു അവസരം കൊടുക്കണമത്രെ. ഞാനും സി.കെ.നാണുവും നീലലോഹിതദാസന്‍ നാടാരുമെല്ലാം മന്ത്രിയായിട്ടുണ്ട്. അതിന് അവസരം കിട്ടാത്ത ഒരാള്‍ക്കായി മാറിക്കൊടുക്കണമെന്ന അഭിപ്രായം ചിലര്‍ പ്രകടിപ്പിച്ചു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുപറയാന്‍ കഴിയില്ല. പക്ഷേ, അവിടെ ഇക്കാര്യത്തില്‍ തീരുമാനമൊന്നുമുണ്ടായിട്ടില്ല. ദേശീയ അധ്യക്ഷന്‍ ദേവഗൗഡയെ അറിയിക്കാന്‍ നിശ്ചയിച്ചു പിരിഞ്ഞു എന്നത് മാത്രമാണ് ഉണ്ടായത് -മാത്യു ടി തോമസ് പറഞ്ഞു. പാര്‍ട്ടിയില്‍ ആരും മന്ത്രിയാകാന്‍ അയോഗ്യരല്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പക്ഷേ, മന്ത്രിസ്ഥാനം അങ്ങനെ പങ്കുവയ്‌ക്കേണ്ടതാണോയെന്നു നേതൃത്വമാണു തീരുമാനിക്കേണ്ടത്. ഇപ്പോള്‍ ചിലര്‍ പ്രചരിപ്പിക്കുന്നതുപോലെ, ഒരു കാലയളവു കഴിഞ്ഞാല്‍ ഞാന്‍ ഒഴിഞ്ഞുകൊടുക്കുമെന്ന ധാരണ മന്ത്രിസഭാ രൂപീകരണവേളയില്‍ ഉണ്ടായിട്ടില്ല. അതു തെറ്റായ പ്രചാരണമാണ്. ബംഗളൂരുവില്‍നിന്നു പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ദേവഗൗഡയാണു മന്ത്രിയെ തീരുമാനിച്ചത്. സത്യപ്രതിജ്ഞയ്ക്കുശേഷം, ഞങ്ങള്‍ പ്രധാനപ്പെട്ട നേതാക്കള്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ഇവിടെ കൂടിയിരുന്നു. ആ സമയത്തു ഞാന്‍ പാര്‍ട്ടി പ്രസിഡന്റുമാണ്.

രണ്ടു പദവിയും ഒരാള്‍ വഹിക്കുന്നതു ശരിയല്ലെന്നു ഗൗഡ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍, പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാമെന്നു ഞാന്‍ പറഞ്ഞു. ‘അപ്പോള്‍ അത് അവസാനിച്ചിരിക്കുന്നു’ എന്നായിരുന്നു ഗൗഡയുടെ പ്രതികരണം. പിന്നീടു ഞാനില്ലാത്ത ചര്‍ച്ചകളില്‍ മറിച്ചെന്തെങ്കിലും ധാരണയുണ്ടായിട്ടുണ്ടോയെന്നു ഞാന്‍ ദേവഗൗഡയോടു ചോദിച്ചിരുന്നു. ഇല്ലെന്ന് അദ്ദേഹം തീര്‍ത്തുപറഞ്ഞു. എന്റെയോ, സി.കെ.നാണുവിന്റെയോ നീലലോഹിതദാസന്‍ നാടാരുടെയോ സാന്നിധ്യത്തില്‍ അങ്ങനെ ഒരു പങ്കുവയ്ക്കല്‍ തീരുമാനമുണ്ടായിട്ടില്ല.

മന്ത്രിസ്ഥാനം അന്നു നേടിയെടുക്കാനും ഇപ്പോള്‍ സംരക്ഷിക്കാനും പാര്‍ട്ടി ബാഹ്യമായ ശക്തികളുടെ സഹായം തേടിയെന്ന ആക്ഷേപവും മാത്യു ടി തോമസ് തള്ളിക്കളയുന്നു. അത് പരിപൂര്‍ണമായും അവാസ്തവമാണ്. മാര്‍ത്തോമ്മാ സഭയെ ഇടപെടുത്തി എന്നൊക്കെയാണല്ലോ ആക്ഷേപം. എന്റെ കാര്യത്തില്‍ അങ്ങനെയൊരു ഇടപെടല്‍ സഭാനേതൃത്വത്തില്‍ നിന്നുണ്ടാകുമോ ഇല്ലയോ എന്നതു തിരുവല്ലാക്കാര്‍ക്ക് എന്തായാലും അറിയാം. വര്‍ഗീയവാദിയെന്നു വരെയാണ് എന്നെ ആക്ഷേപിച്ചത്. ഉന്നതമായ മൂല്യങ്ങള്‍ പിന്തുടരുന്ന ഒരു വൈദികന്റെ മകനാണു ഞാന്‍. വിശ്വാസിയായിരിക്കെത്തന്നെ ഇടതുപക്ഷത്തിന്റെ മാനവികത ഉയര്‍ത്തിപ്പിടിക്കാനാണ് എക്കാലവും ശ്രമിച്ചിട്ടുള്ളത്. മതേതരനാകാന്‍ വേണ്ടി. അതേസമയം, പിതാവിനെ തള്ളിപ്പറയാനും എന്നെക്കിട്ടില്ല. മന്ത്രി പറഞ്ഞു.

ഔദ്യോഗികവസതിയിലെ ഒരു മുന്‍ ജീവനക്കാരി കുടുംബാംഗങ്ങള്‍ക്കെതിരെ ഉന്നയിച്ച ആരോപണം ചില കൂടിക്കാഴ്ചകളെ തുടര്‍ന്നാണ് ഈ നീക്കം ഉണ്ടായതെന്നാണു മനസ്സിലാക്കുന്നത്. വീട്ടില്‍ ഷൂ തുടപ്പിച്ചുവെന്നൊക്കെയാണ് ആരോപണം. ഞങ്ങളാരും ഷൂ ഉപയോഗിക്കാത്തതിനാല്‍ വീട്ടില്‍ ബ്രഷുമില്ല, പോളിഷുമില്ല. ഗണ്‍മാനെക്കൊണ്ടു പെട്ടിപോലും എടുപ്പിക്കാത്തയാളാണു ഞാന്‍. ഭാര്യ എന്നെക്കാള്‍ ജനകീയസ്വഭാവമുള്ള കോളെജ് പ്രിന്‍സിപ്പലും. കുടുംബത്തെ അനാവശ്യ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കുന്നത് അങ്ങേയറ്റം വിഷമമുണ്ടാക്കുന്നു. മറ്റാരെയും വെറുതെ ബുദ്ധിമുട്ടിക്കാന്‍ പാടില്ലെന്ന ചിന്താഗതിയും സംസ്‌കാരവും വച്ചുപുലര്‍ത്തുന്നവരാണു ഞങ്ങളെല്ലാവരും-മാത്യു ടി തോമസ് വ്യക്തമാക്കി.

Top