മട്ടന്നൂരില്‍ സിപിഎം ബ്രാഞ്ച് ഓഫീസിന് നേരെ ബോംബേറ്

കണ്ണൂര്‍: മട്ടന്നൂര്‍ നടുവനാട് സിപിഎം ഓഫീസിന് നേരെ ആക്രമണം. ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെയാണ് ബോംബേറുണ്ടായത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് നേരെ ബോംബേറുണ്ടായത്. സംഭവത്തില്‍ ഓഫീസിന്റെ ജനാലകളും വാതിലുകളും തകര്‍ന്നു. കഴിഞ്ഞ കുറേ നാളുകളായി മട്ടന്നൂര്‍ കേന്ദ്രീകരിച്ച് തുടര്‍ച്ചയായി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പരിഹാരം കാണാന്‍ ജില്ലാഭരണകൂടം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയിരുന്നു. പുതുവര്‍ഷത്തിന് ശേഷം ഇതുവരെ ആക്രമണങ്ങള്‍ ഒന്നും നടന്നിരുന്നില്ല. അതേസമയം ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. പ്രകോപനം നടത്തി സംഘര്‍ഷം തുടരാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം ഇന്നലെ അര്‍ദ്ധരാത്രിയോടെ തലശ്ശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് നേരെ ആക്രമണമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സരീഷിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Latest
Widgets Magazine