മാവോയിസ്റ്റുകളുടെ ചിത്രമെടുത്തു; പൊലീസുകാരനു പണിപോകും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നിലമ്പൂർ കരുളായി വനത്തിൽ പൊലീസ് വെടിയേറ്റു മരിച്ചു വീണ മാവോയിസ്റ്റുകളുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ച തണ്ടർബോൾട്ട് സേനാംഗമായ പൊലീസുകാരനു പണിപോകുമെന്നു റിപ്പോർട്ട്. ചിത്രം പുറത്തു വന്നത് തണ്ടർബോൾട്ട് അംഗമായ പൊലീസുകാരൻ സംഭവ സ്ഥലത്തു നിന്നു പകർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതിനെ തുടർന്നാണെന്നു കണ്ടെത്തിയിട്ടുണ്ട്.
മൃതദേഹങ്ങളുടെ ചിത്രങ്ങൾ ചോർന്ന സംഭവത്തിൽ പോലീസുകാർക്കെതിരേ അന്വേഷണം തുടങ്ങി. 24ന് സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസുകാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
നവംബർ 24ന് ഉച്ചയ്ക്കായിരുന്നു വനാന്തരത്തിൽ പോലീസ് നടപടിയുണ്ടായത്. പിറ്റേന്നു രാവിലെ ടിവി ചാനലുകളിലും അതിനു പിറ്റേന്ന് അച്ചടിമാധ്യമങ്ങളിലും മൃതദേഹങ്ങളുടെ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത് ഡി.ജി.പി. അടക്കമുള്ളവരെ ഞെട്ടിച്ചു.
ഉൾവനത്തിൽ നടന്ന സംഭവങ്ങൾക്കു ദൃക്‌സാക്ഷികളുണ്ടായിരുന്നില്ല. വെടിവയ്പിന്റെ വിവരങ്ങളും പോലീസ് നീക്കങ്ങളും അതീവരഹസ്യമായി സൂക്ഷിക്കണമെന്നു നിർദേശമുണ്ടായിരിക്കെ ചിത്രങ്ങൾ ചോർന്നത് ഉന്നതോദ്യോഗസ്ഥർ ഗൗരവമായാണു കാണുന്നത്. നടപടിയിൽ പങ്കെടുത്ത പോലീസ് സേനാംഗങ്ങൾ മൃതദേഹങ്ങളുടെ ദൃശ്യം മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തി സാമൂഹിക മാധ്യമങ്ങൾ വഴി പുറംലോകത്തെത്തിക്കുകയായിരുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങൾക്കു ലഭിച്ച സൂചന.
വെടിവയ്പിനെ തുടർന്ന് കരുളായി വനത്തിലും ഫോറസ്റ്റ് സ്‌റ്റേഷൻ പരിസരത്തും വേഷപ്രച്ഛന്നരായി ചുറ്റിത്തിരിഞ്ഞ മാവോയിസ്റ്റ് വിരുദ്ധ സ്‌ക്വാഡ് അംഗങ്ങൾ ഫോറസ്റ്റ് സ്‌റ്റേഷന്റെ സമീപത്തുണ്ടായിരുന്ന അമ്പതോളം മാധ്യമ പ്രവർത്തകരുടെ സംസാരം ശ്രദ്ധിച്ചിരുന്നു. 25നു പുലർച്ചെയാണ് മാധ്യമങ്ങൾക്ക് ഫോട്ടോകൾ ചോർന്നുകിട്ടിയതെന്ന സൂചനയാണു പോലീസിനു കിട്ടിയിരിക്കുന്നത്. വെടിവയ്പ്പ് നടന്ന പ്രദേശത്തിന് അഞ്ചു കിലോമീറ്റർ അകലെ വരെ മാത്രമേ മാധ്യമപ്രവർത്തകരെ പോലീസ് കൂട്ടിക്കൊണ്ടുപോയുള്ളൂ.
കുപ്പു ദേവരാജന്റെ മൃതദേഹം കമഴ്ന്നു കിടക്കുന്ന നിലയിലും അജിതയുടെ മൃതദേഹം കഴുത്ത് ചെരിഞ്ഞ് മലർന്ന നിലയിലുമായിരുന്നു. ഈ ദൃശ്യങ്ങൾ പരസ്യമായതോടെ മനുഷ്യാവകാശ പ്രവർത്തകർ ഒട്ടേറെ സംശയങ്ങളാണ് ഉന്നയിച്ചത്. കുപ്പു ദേവരാജൻ പോലീസിനു നേരേ വെടിയുതിർത്തിരുന്നെന്നും പിസ്റ്റൾ കൈയിൽ മുറുടെ പിടിച്ച നിലയിലാണു മൃതദേഹം കണ്ടെത്തിയതെന്നുമാണ് പോലീസ് ഭാഷ്യം.
നിരവധി തവണ പോലീസിന്റെ വെടിയേറ്റിട്ടും കുപ്പു ദേവരാജന്റെ കൈയിൽ നിന്നു തോക്ക് തെറിച്ചുപോകാതിരുന്നത് അസാധാരണമാണെന്ന് സംഭവസ്ഥലം പരിശോധിച്ച ഫോറൻസിക് ഉദ്യോഗസ്ഥർ അനൗദ്യോഗികമായി സൂചിപ്പിച്ചിട്ടുണ്ട്. ചിത്രങ്ങൾ ചോർന്നതുകൊണ്ടാണ് പോലീസ് നടപടികളിൽ കൂടുതൽ ദുരൂഹത ആരോപിക്കപ്പെടുന്നതെന്ന അഭിപ്രായവും ഉന്നതോദ്യോഗസ്ഥർക്കുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top