കേരളത്തിലെ ക്രൈസ്തവ സഭകള്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്; സഭാ ചടങ്ങുകള്‍ ചിത്രീകരിക്കുന്നതില്‍ നിന്ന് ചാനലുകളെ വിലക്കി

ദൃശ്യ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ക്രൈസ്തവ സഭകള്‍. സഹായമെത്രാഭിഷേക ചടങ്ങ് ചിത്രീകരിക്കുന്നതില്‍ നിന്ന് ചങ്ങനാശേരി അതിരൂപതയാണ് കേരളത്തിലെ പ്രമുഖ ചാനലുകളെ വിലക്കിയത്. പുതു ഞായറാഴ്ച ദിനത്തില്‍ അതിരൂപതയുടെ സഹായമെത്രാനായി മാര്‍ തോമസ് തറയില്‍ അഭിഷിക്തനാകുന്ന ചടങ്ങ് ചിത്രീകരിക്കാനായി കേരളത്തിലെ എല്ലാ ദൃശ്യമാധ്യമങ്ങളും അവിടെ എത്തിയിരുന്നു. എന്നാല്‍ ഇവരെ സഭയുടെ വക്താവ് എന്ന് പരിചയപ്പെടുത്തിയ ഒരു വ്യക്തി തടയുകയായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നതല്ലേ എന്ന് പറഞ്ഞ് ഇയാള്‍ ചാനല്‍ ക്യാമറാക്കാരോട് തട്ടിക്കയറുകയായിരുന്നു. ഇവിടെ ചാനലുകള്‍ക്ക് പ്രവേശനമില്ലെന്ന് തീര്‍ത്തു പറഞ്ഞതോടെ അവര്‍ പിന്‍വാങ്ങുകയായിരുന്നു. അത്ര ആവശ്യമാണെങ്കില്‍ തങ്ങള്‍ എടുക്കുന്ന ദൃശ്യങ്ങള്‍ അയച്ചു തരാമെന്നായി പിന്നീട്. എന്നാല്‍ അത് കമ്പനിയോട് സംസാരിക്കാന്‍ ആവശ്യപ്പെട്ട് മീഡിയാ പ്രവര്‍ത്തകര്‍ സ്ഥലം വിടുകയായിരുന്നു. ഏതായാലും മെത്രാഭിഷേകച്ചടങ്ങിനു പതിവ് കവറേജ് മാധ്യമങ്ങള്‍ കൊടുത്തില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫാ. റോബിന്‍ വടക്കുഞ്ചേരിയുടെ പീഡനകഥ പുറത്തുവന്നതോടെയാണ് ക്രൈസ്തവ സഭ ചാനലുകളോട് അകലം പാലിക്കാന്‍ തീരുമാനിച്ചത്. പൊടിപ്പും തൊങ്ങലും വച്ച് ഇത് സംപ്രേഷണം ചെയ്ത് സഭയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് വലിയ വിഭാഗത്തിന്റെ പരാതി. കുടാതെ കഴിഞ്ഞ ദിവസം നടന്ന കുരിശ് കയ്യേറ്റം ഒഴിപ്പിക്കല്‍ വാര്‍ത്തയും അവലോകനവും സഭകളെ കുറ്റപ്പെടുത്തുന്നതായി എന്ന ആക്ഷേപവും ഉണ്ട്. ഇതിന്റെ ചുവടു പിടിച്ച് കൂടുതല്‍ സഭകള്‍ ദൃശ്യമാധ്യമങ്ങളെ വിലക്കാനുള്ള നീക്കത്തിലാണെന്നാണ് അറിയുന്നത്. എന്നാല്‍ പ്രിന്റ മീഡിയയിലുള്ള മാധ്യമ പ്രവര്‍ത്തകരെ ആദ്യന്തം ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കുകയും ചെയ്തു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ അനൗപചാരിക സംഭാഷണം വാര്‍ത്തയാക്കിതോടെയാണ് പെരുന്നയിലേക്കുള്ള വഴി അടഞ്ഞത്. മന്നം ജയന്തി ആഘോഷത്തിനു പോലും ഇപ്പോള്‍ ചാനലുകളെ അടുപ്പിക്കാറില്ല.

കൊല്ലം, അമ്പൂരി, തിരുവനന്തപുരം ഫൊറോനകള്‍ ഉള്‍പ്പെടുന്ന തെക്കന്‍ മിഷന്റെ ചുമതലയാണു പുതിയ സഹായമെത്രാനു നല്‍കിയിട്ടുള്ളത്. അതിരൂപതാ ആസ്ഥാന ദേവാലയമായ മെത്രാപ്പൊലീത്തന്‍ പള്ളിയിലെ വിശ്വാസിസമൂഹത്തെ സാക്ഷിയാക്കി മുഖ്യകാര്‍മികനായിരുന്ന ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സ്ഥാനചിഹ്നങ്ങളായ മുടിയും അംശവടിയും നല്‍കി. മെത്രാപ്പൊലീത്തന്‍ പള്ളിയില്‍ നടന്ന പ്രഥമ മെത്രാഭിഷേക ചടങ്ങില്‍ മാര്‍ പെരുന്തോട്ടവും തുടര്‍ന്ന് മാര്‍ ജോസഫ് പൗവത്തിലും സന്നിഹിതരായ ബിഷപ്പുമാരും പുതിയ മെത്രാന് സ്‌നേഹചുംബനം നല്‍കി അഭിനന്ദനം അറിയിച്ചു.

സിബിസിഐ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, ക്‌നാനായ അതിഭദ്രാസനത്തിന്റെ ആര്‍ച്ച്ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പൊലീത്ത എന്നിവര്‍ പ്രസംഗിച്ചു. പിന്നീട് മാര്‍ തോമസ് തറയിലിന്റെ കാര്‍മികത്വത്തില്‍ കുര്‍ബാന നടന്നു. അതിരൂപതാ ആസ്ഥാനത്തുനിന്ന് വാഹനങ്ങളുടെ അകമ്പടിയോടെ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിനൊപ്പം മെത്രാപ്പൊലീത്തന്‍ ദേവാലയത്തിലെത്തിയ മാര്‍ തോമസ് തറയിലിനെയും വിശിഷ്ട വ്യക്തികളെയും സ്വീകരിച്ച് കൊച്ചുപള്ളിയിലെത്തിച്ചു.

ധന്യന്‍ മാര്‍ കുര്യാളശേരി, ദൈവദാസന്‍ മാര്‍ കാവുകാട്ട്, മാര്‍ ജയിംസ് കാളാശേരി, പൗലോസ് മാര്‍ അക്വിനാസ് എന്നിവരുടെ കബറിടങ്ങളില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു.

Top