മംഗളം ചാനല്‍ കാണിച്ചത് മാധ്യമ പ്രവര്‍ത്തനമാണോ?; മാധ്യമ ലോകത്തെ പ്രമുഖര്‍ പ്രതികരിക്കുന്നു

കൊച്ചി: മന്ത്രിയുടെ ലൈഗീക ചുവയുള്ള സംഭാഷണം മഗളം ചാനല്‍ പുറത്ത് വിട്ടതതിന് പിന്നാലെ മന്ത്രി രാജി വച്ചിരിക്കുന്ന അവസരത്തില്‍ മംഗളത്തിന്റെ റിപ്പോര്‍ട്ടിംഗ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. സ്വകാര്യതയെക്കുറിച്ചും പ്രമുഖ വ്യക്തികളുടെ പ്രവര്‍ത്തികളിലെ സദാചാര പ്രശ്‌നങ്ങള്‍ ചികയലുമാണ് മാധ്യമ പ്രവര്‍ത്തനം എന്ന നില വരുന്നത് ഹിതകരമല്ലെന്ന പരാമര്‍ശമാണ് പരക്കെ ഉയരുന്നത്. സംസ്ഥാനത്തെ ഒരു മന്ത്രിയ്‌ക്കെതിരെ ഇത്രയും ഗൗരവമായ ആരോപണം ഉന്നയിക്കുന്ന ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമ്പോള്‍ അതിന് ശക്തമായ തെളിവുകളുടെ പിന്തുണയുണ്ടാവണം. എന്നാല്‍ വ്യക്തതയില്ലാത്ത ഇല്ലാത്ത ഒരു പുരുഷ ശബ്ദം മാത്രമുള്ള ഒരു ഓഡിയോ ആണ് മന്ത്രിയും പരാതിക്കാരിയായ യുവതിയും തമ്മിലുള്ള സംഭാഷണം എന്ന പേരില്‍ മംഗളം പുറത്തുവിട്ടത്.

മംഗളം ചാനലിന്റെ ഈ ജേര്‍ണലിസത്തോട് പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചില പ്രതികരണങ്ങള്‍ (ഫേസ്ബുക്കില്‍ നിന്നും):

ഇ. സനീഷ് (ന്യൂസ് 18 കേരളം )

ചാനലിനെതിരെ കേസെടുക്കമമെന്നാണ് മാതൃഭൂമി വാരികയുടെ കോപ്പി എഡിറ്ററായ മനില സി. മോഹന്‍ പറയുന്നത്. ഇത് ക്രൈം ആണ്, ജേര്‍ണലിസമല്ല.

മനില സി. മോഹന്‍ (മാതൃഭൂമി)

മന്ത്രിക്കെതിരെയല്ല ജേണലിസം എന്ന പേരില്‍ ക്രിമിനല്‍ സംപ്രേഷണം നടത്തുന്ന മംഗളം ചാനലിനെതിരെയാണ് നടപടിയെടുക്കേണ്ടത്. വാര്‍ത്താവതരണമല്ല ഇത്. അശ്ലീലച്ചിരിയോടെ നടത്തുന്ന ക്രിമിനല്‍ ആക്റ്റിവിറ്റിയാണ്. മന്ത്രിയല്ല, ചാനലും അവതാരകരും ചേര്‍ന്നാണ് കേരളത്തിലെ മനുഷ്യരെ അപമാനിച്ചുകൊണ്ടിരിക്കുന്നത്.

സനീഷ് ഇളയടത്ത് (ന്യൂസ് 18 കേരളം)

തോന്ന്യാസമാണത്, ക്രൈം ആണ്. ജേണലിസമല്ല. മന്ത്രിയായിരിക്കുമ്പോഴാണ് അയാള്‍ മന്ത്രി. ലൈംഗികതയില്‍ ഏര്‍പ്പെടുമ്പോള്‍ അയാള്‍ ലൈംഗികതയില്‍ ഏര്‍പ്പെടുന്ന ഒരു മനുഷ്യന്‍ മത്രമാണ്. അധികാര ദുര്‍വ്വനിയോഗം നടത്തി, ഒരു സ്ത്രീയെ ലൈംഗികതയിലേക്ക് പ്രേരിപ്പിച്ചു എന്നാണ് വാര്‍ത്തയെങ്കില്‍ ആ വാര്‍ത്ത ഇങ്ങനെയല്ല കൊടുക്കേണ്ടത്. രാഷ്ട്രീയ മുന്‍വിധികളുമായി വന്ന് പോസ്റ്റിന് താഴെ അര്‍മ്മാദിക്കുന്നവരെ ബ്ലോക്കാഫീസിലേക്ക് വിടുന്നതായിരിക്കും.

ഹര്‍ഷന്‍ പൂപ്പാറക്കാരന്‍ (മാതൃഭൂമി ന്യൂസ്)

ഇതാണ് ജേര്‍ണലിസമെങ്കില്‍ ഈ പണി നിര്‍ത്താന്‍ സമയമായി എന്ന തോന്നല്‍ ഒന്നുകൂടി ഉറച്ചു.

അപര്‍ണ്ണ കുറുപ്പ് (ന്യൂസ് 18 കേരളം)

ജേര്‍ണലിസം ഷോ ബിസിനസ്സ് മാത്രമാകുന്നവര്‍ക്ക് നെഗറ്റീവ് പബ്ലിസിറ്റി ആണെലും വലിയ പബ്ലിസിറ്റി തന്നെ, എന്ത് സംശയം ? പിന്നെ എന്തിനു എത്തിക്‌സ് ? എന്തോന്ന് പത്രധര്‍മ്മം ? കമ്പി പുസ്തകം തോല്‍ക്കുന്ന ഹെഡിങ്ങുമായി ലിങ്ക് ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെടുന്ന കേരളത്തിലെ വലിയ വിഭാഗം ഓണ്‍ലൈന്‍ മീഡിയയും , സിഡി , സരിത കഥകള്‍ കളറടിച്ചും കൊട്ടിഘോഷിച്ചും ആഘോഷിച്ച ന്യൂസ് ചാനലുകളുടെയും ഭാഗമാകാന്‍ മിനിമം ഇങ്ങനെ തുടങ്ങിയല്ലേ പറ്റൂ.

രാജീവ് മേനോന്‍ (മലയാള മനോരമ)

മന്ത്രി എന്ന സ്ഥാനം ദുരുപയോഗപ്പെടുത്തിയോ എന്നതാണു കാര്യം. അല്ലെങ്കില്‍ അയാളുടെ സ്വകാര്യതയില്‍ നമുക്കെന്തു കാര്യം? One thing is sure. Disgusting journalism indeed.

ഷിദ ജഗദ് (മീഡിയ വണ്‍)

തല്ല് എരന്നു വാങ്ങുക എന്ന ഒരു ചൊല്ലുണ്ട്. മാധ്യമ പ്രവര്‍ത്തനം അതായി പോകുന്നല്ലോ

കെ.ജെ ജേക്കബ് (ഡെക്കാന്‍ ക്രോണിക്കിള്‍)

ജോര്‍ജുകുട്ടി C/o ജോര്‍ജ്കുട്ടി എന്നൊരു പഴയ സിനിമയുണ്ട്. ആഴ്ചപ്പതിപ്പില്‍ തുടരന്‍ വായിച്ച് അതാണ് ലോകമെന്നു കരുതുന്ന ഒരു പെണ്‍കുട്ടിയുടെ കരളലിയിപ്പിക്കുന്ന കതനകത പറയുന്ന സിനിമ. അത്തരം ആണ്‍/പെണ്‍കുട്ടികള്‍ക്കുവേണ്ടി ഇപ്പോള്‍ ചാനലും തുടങ്ങിയെന്നു കേള്‍ക്കുന്നു. ഇനി അവരുടെ കതനകതകള്‍ പറയുന്ന സില്‍മകള്‍ വരട്ടെ. ഈശ്വരാ ഭഗവാനെ! പത്രപ്രവര്‍ത്തനത്തിനു നല്ലതുമാത്രം വരുത്തണേ സ്ത്രീ പരാതി പറഞ്ഞില്ലെങ്കില്‍ ഇക്കേസില്‍ മന്ത്രി രാജിവയ്ക്കരുത് എന്നാണ് എന്റെ അഭിപ്രായം.

പ്രമോദ് രാമന്‍ (മനോരമ ന്യൂസ്)

ഇത് മാധ്യമപ്രവര്‍ത്തനമല്ല, അമേധ്യപ്രവര്‍ത്തനമാണു.

പ്രവീണ്‍ എസ്.ആര്‍.പി (ദ് ഹിന്ദു)

മംഗളം കുമാരന്മാരും ശവസേന മോറല്‍ പോലീസുകളും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ? ഇവന്മാരൊക്കെ ചാനലില്‍ ഇരുന്ന് ബഹളം വെക്കുന്നത് കേട്ടാല്‍ തോന്നും കേരളത്തില്‍ ഇന്നേ വരെ ആരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലാന്ന്. മലയാളികള്‍ എല്ലാം മാനത്ത് നിന്ന് പൊട്ടി വീണതാണൊ? പരാതി ഉണ്ടോ, ഫോഴ്‌സ് ഉണ്ടോ, വേറെ എന്തെങ്കിലും ഫേവറുകള്‍ക്ക് വേണ്ടി ആണോ എന്നൊന്നും തെളിയിക്കാതെ ഈ ഫോണ്‍ സംഭാഷണം വെച്ച് മാത്രം മന്ത്രിയോട് രാജി വെക്കാന്‍ എല്‍.ഡി.എഫ്. പറയരുത്. പബ്ലിക് ഇന്ററെസ്‌റ് ഇല്ലാത്ത ഒരു കാര്യത്തിന് വേണ്ടി അനധികൃതമായി ഫോണ്‍ ടാപ്പ് ചെയ്തതിനും മാനനഷ്ടത്തിനും മംഗളം മഞ്ഞ ചാനലിന് എതിരെ കേസ് എടുക്കുകയാണ് വേണ്ടത്. ഇത് മാധ്യമ പ്രവര്‍ത്തനം അല്ല മംഗളം കുമാരാ, ഇതിനു പേര് വേറെയാണ്.

ഫയര്‍ മാഗസിനും ക്രൈം മാഗസിനും കൂടി ഓരോ ചാനല്‍ തുടങ്ങാവുന്നതാണ്, മംഗളം അതിന്റെ പത്രത്തിലെ മഞ്ഞ സ്‌ക്രീനിലും നിലനിര്‍ത്തിയ സ്ഥിതിക്ക്. ഫോഴ്‌സ് എന്ന എലമെന്റ് ഇല്ലാത്തിടത്തോളം ഉഭയകക്ഷി സമ്മതപ്രകാരമുള്ള ഇത്തരം സംഭാഷണങ്ങളുടെ ക്ലിപ്പുകള്‍ കൊണ്ട് ഒരാളെ ടാര്‍ഗെറ്റ് ചെയ്യുന്നത് തെണ്ടിത്തരം തന്നെയാണ് . മോറല്‍ പോലീസുകളുടെ സ്വന്തം നാട്ടില്‍ ഇമ്മാതിരി വാര്‍ത്തക്ക് നല്ല ചിലവുണ്ടാവും. ഇതിനെ ജേര്‍ണലിസം എന്ന് മാത്രം വിളിക്കരുത്.

ധന്യ ഇന്ദു (മനോരമ ന്യൂസ്)

ആരോപണം നിഷേധിച്ചെങ്കില്‍ പിന്നെ രാജിയെന്തിന്? ധാര്‍മികതയുടെ പേരിലാണെങ്കില്‍ ഭാര്യയെ കൊണ്ട് വാര്‍ത്താ സമ്മേളനം നടത്തിക്കരുത് പ്‌ളീസ്. 3 വര്‍ഷങ്ങള്‍ക്കു മുമ്പ് തലയുയര്‍ത്താതെ നിന്ന് ഭര്‍ത്താവിനെ ന്യായീകരിച്ച ഒരു ജന പ്രതിനിധിയുടെ ഭാര്യയെ കണ്ടതിന്റെ വേദന വീണ്ടും കാണാന്‍ വയ്യ . മന്ത്രിയാണേലും ആരാണേലും സ്വകാര്യത സ്വകാര്യത തന്നെയാണ്. ആ സ്ത്രീ പരാതിപ്പെടാത്തിടത്തോളം കാലം ശശീന്ദ്രന്‍ എം.എല്‍.എ രാജി വയ്‌ക്കേണ്ടിയിരുന്നില്ല. പിന്നെ ചീഞ്ഞ മാധ്യമ പ്രവര്‍ത്തനം ഇതാദ്യമായല്ലല്ലോ. നമ്പി നാരായണനെയൊക്കെ മറക്കാന്‍ സമയമായിട്ടില്ല.

അജേഷ് ചന്ദ്രന്‍ (ജനയുഗം)

മന്ത്രി എ.കെ ശശീന്ദ്രന്റേതെന്ന് പറയപ്പെടുന്ന ഫോണ്‍ ലൈംഗിക സംഭാഷണം മംഗളം ചാനല്‍ പുറത്തുവിട്ടിരിക്കുകയാണ്. തികച്ചും സ്വകാര്യമായ സംഭാഷണം പരസ്പര സമ്മതത്തോട് കൂടെയുള്ളതാണെന്ന് കേള്‍ക്കുന്ന ആര്‍ക്കും മനസ്സിലാവും. അതെങ്ങിനെ ചൂഷണമാകും..? മറുഭാഗം വെളിപ്പെടുത്തുന്നതു വരെ ഇതൊരു ട്രാപ്പാണ് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്.

കടപ്പാട്:  ഡൂള്‍ ന്യൂസ്‌

Top