മെഡിക്കല്‍ പിജിക്കാര്‍ക്ക് സ്റ്റൈപ്പന്‍ഡായി നല്‍കുന്നത് വര്‍ധിപ്പിച്ച ഫീസിന്റെ ഒരു ഭാഗം’; വിചിത്രവാദവുമായി മന്ത്രി ശൈലജ; മറുപടി നല്‍കി ബല്‍റാം

തിരുവനന്തപുരം :മെഡിക്കല്‍ പിജി കോഴ്‌സിലെ ഫീസ് വര്‍ധനയില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ വിചിത്രവാദം. ഇന്നലെയാണ് സംഭവം. വി.ടി ബല്‍റാം അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിനുളള മറുപടിയിലാണ് ഫീസായി ഈടാക്കുന്ന തുകയുടെ ഒരു ഭാഗം കുട്ടികള്‍ക്ക് സ്റ്റൈപ്പന്‍ഡായി നല്‍കുമെന്ന വാദം മന്ത്രി അറിയിച്ചത്. ഇതിന് ഉടനടി തന്നെ വി.ടി ബല്‍റാം എംഎല്‍എ മറുപടി കൊടുക്കുകയും ചെയ്തു. പുതിയ അധ്യയനവര്‍ഷം ക്ലിനിക്കല്‍ പിജി കോഴ്‌സുകള്‍ക്ക് 14 ലക്ഷവും നോണ്‍ ക്ലിനിക്കല്‍ കോഴ്‌സുകള്‍ക്ക് എട്ടുലക്ഷവുമാണ് ഫീസ്. മുന്‍വര്‍ഷം ഇത് യഥാക്രമം 6.5 ലക്ഷവും 2.6 ലക്ഷവുമായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ഫീസ് വര്‍ധനയാണിതെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്.
എല്ലാ സീറ്റിലും നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തുന്നതിലൂടെ മെറിറ്റ്, മാനെജ്‌മെന്റ് വ്യത്യാസം ഇല്ലാതായെന്നും ഇതാണ് ഫീസ് വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകാന്‍ കാരണമെന്നും മന്ത്രി മറുപടിയായി പറഞ്ഞു. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ മുന്‍ വര്‍ഷങ്ങളിലെപ്പോലെ അന്‍പത്, അന്‍പത് അനുപാതത്തില്‍ സീറ്റ് വിഭജനം സാധ്യമല്ല. ഫീസ് നിയന്ത്രണ സമിതിയാണ് ഫീസ് നിശ്ചയിച്ചത്. മെഡിക്കല്‍ പിജിക്ക് 72 സീറ്റ് കൂടുതല്‍ നേടാന്‍ സര്‍ക്കാരിനായി. കൂടാതെ ഇക്കൊല്ലം അമൃത കൂടി കേന്ദ്രീകൃത അലോട്ട്‌മെന്റില്‍ വരും.

കോളെജുകളുടെ ബാലന്‍സ് ഷീറ്റും മറ്റും പരിശോധിച്ചാണ് അതോറിറ്റി ഫീസ് നിശ്ചയിച്ചത്. സ്റ്റൈപ്പന്‍ഡും വര്‍ധിപ്പിച്ചു. സര്‍ക്കാരായിട്ട് ഫീസ് കൂട്ടിയിട്ടില്ല. ക്രൈസ്തവ മാനെജ്‌മെന്റുകളുമായി മാത്രമാണ് കരാറായത്. അവര്‍ ഈ ഫീസ് ഘടന അംഗീകരിക്കുകയായിരുന്നു. മറ്റ് മാനെജ്‌മെന്റുകള്‍ 20 ലക്ഷം ആവശ്യപ്പെട്ടു. ക്ലിനിക്കല്‍ വിഭാഗങ്ങളുടെ ഫീസ് ആറുലക്ഷത്തില്‍ നിന്നും 14 ലക്ഷമാക്കി ഉയര്‍ത്തിയതില്‍ 5.316ലക്ഷം സ്റ്റൈപ്പന്‍ഡ് വരും. അതോടെ യഥാര്‍ത്ഥ ഫീസ് 8.84 ലക്ഷമാകും. നോണ്‍ ക്ലിനിക്കിന്റേത് സ്‌റ്റൈപ്പന്‍ഡ് കഴിഞ്ഞാല്‍ 3.34 ലക്ഷം മാത്രമായിരിക്കും. ഈ വര്‍ധിപ്പിച്ച ഫീസില്‍ ഒരുഭാഗമാണ് കുട്ടികള്‍ക്ക് സ്റ്റൈപ്പന്‍ഡായി ലഭിക്കുന്നത്.
മുന്‍കാലങ്ങളില്‍ 20 ലക്ഷവും ആറുലക്ഷവുമായിരുന്നു ഫീസ്. ഇനി അത് നടക്കില്ല. ആ കണക്ക് നോക്കിയാല്‍ ഫീസില്‍ അഞ്ചുലക്ഷം വരെ കുറച്ചെന്നും ഇതില്‍ നിന്ന് വര്‍ധന അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് മന്ത്രിയുടെ വാക്കുകളെ വി.ടി ബല്‍റാം എംഎല്‍എ ചോദ്യം ചെയ്തു. ആശുപത്രിയില്‍ പിജി കുട്ടികളുടെ അധ്വാനത്തിനാണ് സ്റ്റൈപ്പന്‍ഡ് നല്‍കുന്നതെന്ന് ബല്‍റാം പറഞ്ഞു. ഇതവരുടെ ജോലിക്കുളള പ്രതിഫലമാണ്. അവരുടെ അധ്വാനത്തിനുളള പ്രതിഫലത്തെ മാനെജ്‌മെന്റിന്റെ കണക്കില്‍പ്പെടുത്താന്‍ ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് എങ്ങനെ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
കമ്മ്യൂണിസം കൊണ്ടുവരാനുളള ആഗ്രഹമുണ്ടെങ്കിലും അതിവിടെ നടക്കില്ലെന്നായിരുന്നു മന്ത്രി ഇതിന് നല്‍കിയ മറുപടി. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നെന്ന് കരുതി കമ്മ്യൂണിസം ആകെ നടപ്പാക്കാനാകില്ല. ഭരണഘടനയ്ക്കും നിയമത്തിനും ഉളളില്‍നിന്നെ സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ കഴിയുകയുളളൂവെന്നും മന്ത്രി വിശദമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top