മെഡിക്കൽ കോഴ: കേരള ബിജെപി പിളർപ്പിലേയ്ക്ക്; എതിർ്പ്പുമായി വി.മുരളീധര പക്ഷം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മെഡിക്കൽ കോഴയിൽ പൊട്ടിത്തെറിച്ച കേരള ബിജെപിയിലെ വിഭാഗീയത പിളർപ്പിലേയ്ക്കു നീങ്ങുന്നതായി സൂചന. ബിജെപിയിലെ ഔദ്യോഗിക വിഭാഗത്തിന്റെ നിലപാടുകൾക്കെതിരെ വി.മുരളീധര വിഭാഗം രംഗത്ത് എത്തിയതാണ് ഇപ്പോൾ പാർട്ടി പിളർപ്പിലേയ്‌ക്കെന്ന സൂചന ലഭിച്ചിരിക്കുന്നതിനു പിന്നിൽ. കൃഷ്ണദാസ് – മുരളീധര ഗ്രൂപ്പുകൾ പരസ്പരം ഏറ്റുമുട്ടലിനൊരുങ്ങുമ്പോൾ എന്ത് ചെയ്യണമെന്നറിയാനാവാതെ കുമ്മനം രാജശേഖരൻ പ്രതിസന്ധിയിലായിരിക്കുകയാണ്.
മെഡിക്കൽ കോളേജ് കോഴ വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ചോർത്തിയതിന്റെ പേരിൽ ബിജെപി സംസ്ഥാന സെക്രട്ടറിയായ വി.വി.രാജേഷിനെ സംഘടനയിലെ എല്ലാ സ്ഥാനമാനങ്ങളിൽ നിന്നും ഒഴിവാക്കിയതോടെയാണ് അണഞ്ഞു കിടന്ന വിഭാഗീയത വീണ്ടും ആളിക്കത്താൻ തുടങ്ങിയത്.

വി.വി.രാജേഷിന്റെ തല ഉരുണ്ടത് വി.മുരളിധരനെ ലക്ഷ്യം വെച്ചാണ് എന്ന തിരിച്ചറിവിൽ നിന്നാണ് വി.മുരളിധരൻ പക്ഷം ആഞ്ഞടിക്കാൻ ഒരുങ്ങുന്നത്. വി.വി.രാജേഷിനെ തെറുപ്പിക്കാൻ കാരണഭൂതനായ കേരളത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജോയിന്റ് സെക്രട്ടറി ബി.എൽ.സന്തോഷിനെ ലക്ഷ്യം വെച്ചാണ് വി.മുരളിധരപക്ഷം  നീങ്ങുന്നത്.

വി.മുരളിധരന്റെ നീക്കങ്ങൾ മുൻകൂട്ടി കണ്ടു കൃഷ്ണദാസ് പക്ഷവും കരുക്കൾ നീക്കിത്തുടങ്ങിയിട്ടുണ്ട്. പാർട്ടിയെ ഒറ്റുകൊടുക്കുന്നവർ കുലംകുത്തികൾ തന്നെ എന്ന വിശേഷണം പാർട്ടി പത്രം തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട് ചുമത്തിയിരിക്കുന്നതിനാൽ ശ്രദ്ധയോടെ ചുവട് വെയ്ക്കുകയാണ് വി.മുരളിധരൻ പക്ഷം.

കാരണം പാർട്ടി പത്രം പറഞ്ഞ കുലദ്രോഹികൾ എന്ന വിശേഷണം വി.വി.രാജേഷിനു ഇണങ്ങുന്നതാണ്. പാർട്ടി കണ്ടെത്തിയത് അന്വേഷണ കമ്മിഷൻ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് വി.വി.രാജേഷ് ആണ് എന്നാണ്. ഈ ചോർത്തൽ കാരണം പാര്‌ലമെന്റ്‌റ് തന്നെ സ്തംഭിക്കുന്ന അവസ്ഥ വരികയും ബിജെപിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായക്ക് ദേശീയ തലത്തിൽ തന്നെ വിള്ളൽ എല്ക്കുകയും ചെയ്തു.

കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ കേരളഘടക നേതാക്കൾ കോടികൾ അഴിമതി നടത്തി വസൂൽ ആക്കുകയും ആ തുക കേന്ദ്ര സർക്കാർ സംവിധാനങ്ങളെയെല്ലാം നോക്കുകുത്തിയാക്കി ഹവാല വഴി ഡൽഹിയിൽ  എത്തിക്കുകയും ചെയ്തു എന്നത് നിസ്സാരകാര്യമായല്ല ബിജെപി കേന്ദ്ര നേതൃത്വവും കേന്ദ്ര സർക്കാരും കാണുന്നത്.

പാർട്ടി തലത്തിൽ രഹസ്യ അന്വേഷണം നടത്തി കുറ്റക്കാരെ പിടികൂടി ഒതുക്കാൻ കഴിയാത്തതിന് കാരണം കേരളത്തിലെ വിഭാഗീയതയാണ് എന്ന കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിനു അഭിപ്രായ വ്യത്യാസമില്ല. അതുകൊണ്ട് തന്നെ വിഭാഗീയത ഒതുക്കുക എന്ന ലക്ഷ്യത്തോടെയാണ് വി.മുരളിധരൻ പക്ഷത്തിന്റെ വലംകയ്യായ വി.വി,രാജേഷിനെ കേന്ദ്ര നേതൃത്വം വെട്ടിയത്.

പക്ഷെ വി.മുരളിധരൻ പക്ഷം ചോദിക്കുന്നത് ഇത്ര മാത്രമാണ്. കോടികൾ കോഴ വാങ്ങുന്നതാണോ കാര്യം? അല്ലെങ്കിൽ ആ റിപ്പോർട്ട് ചോർത്തുന്നതാണോ കാര്യം? ഈ ചോദ്യം അവർ എറിയുന്നത് കേന്ദ്ര നേതൃത്വത്തെ ലക്ഷ്യമാക്കിയാണ്. ഇപ്പോൾ പറയണം ആര് ചെയ്തതാണ് ക്രൂരകൃത്യം എന്ന്? ഈ ചോദ്യത്തിനു തത്ക്കാലം കേന്ദ്ര നേതൃത്വത്തിനു ഉത്തരമില്ല. കാരണം അപ്പോൾ ഒട്ടുവളരെ തലകൾ ഉരുളും.

പക്ഷെ തങ്ങളുടെ ചോദ്യത്തിന്ഉ ത്തരം പറയിപ്പിക്കുക ലക്ഷ്യമിട്ട്  വി.മുരളിധരൻ പക്ഷം കേന്ദ്ര നേതൃത്വത്തിനു പരാതി നൽകിയിട്ടുണ്ട്. ആ പരാതി രാജേഷിനെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ട ബി.എൽ.സന്തോഷിനെതിരെയാണ്. ബി.എൽ.സന്തോഷ് കേരളത്തിൽ ഗ്രൂപ്പ് കളിക്കുകയാണ്. സന്തോഷിന്റെ നടപടി വിഭാഗീയത സൃഷ്ടിക്കലാണ്.

കോഴ വാങ്ങിയവർക്കെതിരെ നടപടി എടുക്കാതെ, റിപ്പോർട്ട് ചോർത്തി എന്നു പറഞ്ഞു രണ്ടു പേരെ ക്രൂശിക്കുന്നതു നീതിരഹിതമായ നടപടിയാണ്. പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പാർട്ടി സംസ്ഥാന അധ്യക്ഷൻ കുമ്മനം പക്ഷെ കേന്ദ്ര നിർദ്ദേശങ്ങൾക്ക് അനുസൃതമായി ചുവട് വയ്ക്കാൻ ഒരുങ്ങിയിരിക്കുകയാണ്.

കാരണം കേന്ദ്ര നേതൃത്വം നേരിട്ടാണ് കേരളത്തിലെ കാര്യങ്ങൾ തീരുമാനിക്കുന്നത്. അത് കുമ്മനത്തിനു അറിയാം. തന്നെ സംസ്ഥാന അധ്യക്ഷൻ ആക്കിയതും ഇതേ കേന്ദ്ര നേതൃത്വമാണ്. വിഭാഗീയതയും, വി.മുരളിധരൻ, കൃഷ്ണദാസ് പക്ഷങ്ങളും പണ്ട് മുതലേ കേരളത്തിൽ ഉണ്ട്. എല്ലാ തിരഞ്ഞെടുപ്പിലും എല്ലാവരും കൂടി ആഞ്ഞുവെട്ടി ഒരു എംഎൽഎയെപ്പോലും നിയമസഭ കാണിച്ചിട്ടുമില്ല.

ഇതിൽ മടുത്തിട്ടാണ് കേന്ദ്ര നേതൃത്വം നേരിട്ട് തന്നെ അധ്യക്ഷൻ ആക്കിയത്. ഈ കാലത്ത് എല്ലാ വിമർശകരുടെയും വായടിപ്പിച്ച് ഒ.രാജഗോപാൽ എന്ന ബിജെപി എംഎൽഎയെ താൻ നിയമസഭ കാണിച്ചിട്ടുണ്ട്. അത് കേന്ദ്ര നേതൃത്വത്തിനു അറിയാം. ഈ ആശ്വാസത്തിലാണ് ബിജെപി അധ്യക്ഷൻ എന്ന കസേരയിൽ കുമ്മനം അമർന്നിരിക്കുന്നത്.

ഏത് സമയത്തും എഴുന്നേറ്റ് പോകാൻ കുമ്മനത്തിനു മടിയുമില്ല. കാരണം കുമ്മനം സംഘപ്രചാരകനാണ്. അതേ സമയം ഗ്രൂപ്പ് പോരിൽ പെട്ടു വലഞ്ഞുപോയത് പാർട്ടിയുടെ യഥാർത്ഥ  അണികളാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളെ കണ്ടു ബിജെപി പ്രവർത്തനങ്ങൾ ഉഷാറാക്കാനുള്ള പ്രവർത്തനങ്ങളിലായിരുന്നു അണികൾ.

കാരണം സിപിഎം അക്രമം, അഴിമതി, യുഡിഎഫ് അഴിമതി. അവിഹിതകഥകൾ. രണ്ടും ചൂണ്ടിക്കാട്ടി കുറച്ച് വോട്ടു പിടിക്കാം എന്നു കരുതി ഇറങ്ങുമ്പോഴാണ് മെഡിക്കൽ കോളേജ് കോഴ വിവാദം തലപൊക്കുന്നത്. ഒന്നും രണ്ടുമല്ല അഞ്ച് കോടി. പണം ഡൽഹിയിൽ എത്തിച്ചത് ഹവാല സംവിധാനം വഴി.

പിന്നാലെ വന്നു പാർട്ടി നേതാവിന്റെ തൃശൂരിലെ കള്ളനോട്ടടി, അറസ്റ്റ് തീർന്നില്ല പാർട്ടി പിരിവിനു വ്യാജ റസീപ്റ്റ്, ലക്ഷങ്ങളുടെ അഴിമതി. അവർ എല്ലാം അടങ്ങാൻ കാത്തിരിക്കുയായിരുന്നു. എല്ലാം അടങ്ങിയിട്ട് മതി പൊതു പ്രവർത്തനം. ഇപ്പോൾ അവർ എല്ലാം തണുത്തു എന്നു കരുതി പാർട്ടി പ്രവർത്തനം ഉഷാറാക്കാൻ ഇറങ്ങാൻ തുടങ്ങുമ്പോഴാണ് അതാ വീണ്ടും വരുന്നു. പാർട്ടി സസ്‌പെൻഷൻ. അതും സംസ്ഥാന സെക്രട്ടറിക്ക്.

പാർട്ടിയുടെ രഹസ്യ റിപ്പോർട്ട് ചോർത്തി മാധ്യമങ്ങൾക്ക് നൽകി എന്നു പാർട്ടി എഫ്‌ഐആറും. നടപടിയെടുക്കുന്നത് പാർട്ടി കേന്ദ്രനേതൃത്വവും. അണികൾ എല്ലാ ആശകളും വെടിഞ്ഞു ഇരിപ്പ് തുടങ്ങിയിരിക്കുകയാണ്. താത്കാലത്തേക്ക്അ ഒന്നും ചെയ്യാൻ കഴിയില്ല. അതേ സമയം വി.വി.രാജേഷിനെ അങ്ങിനെ കുരുതി കൊടുക്കേണ്ട എന്ന രീതിയിൽ പാർട്ടിയിൽ ചിലർ നീക്കങ്ങൾ നടത്തുന്നുണ്ട്.

വി.വി.രാജേഷിനു വലിയ പരിക്ക് ഏൽക്കാതെ രക്ഷിക്കാനാണ് പദ്ധതി. വി.വി.രാജേഷ് വലിയ പരസ്യ പ്രതികരണങ്ങൾ നടത്തി സംഗതി അലമ്പാക്കാതിരുന്നാൽ വി.വി.യെ തിരിച്ച് എടുക്കണം എന്നു വലിയ വിഭാഗം കരുതുന്നുണ്ട്. ഈ രീതി മനസിലാക്കിയിട്ടാണ് വി.വി.രാജേഷിന്റെ പ്രതികരണവും.

പ്രതികരണങ്ങൾ ചോദിച്ച മാധ്യമങ്ങൾക്ക് പ്രതികരണം ഒന്നും നൽകാൻ രാജേഷ് തയ്യാറാകുന്നില്ല. ഈ നീക്കം മുൻകൂട്ടി കണ്ടാണിത്. എന്തായാലും വി.വി.രാജേഷിനെതിരായുള്ള കേന്ദ്ര നടപടി പാർട്ടിയിൽ അണഞ്ഞു കിടന്ന വിഭാഗീയത ആളിക്കത്തിക്കുകയാണ്.

കാരണം പാർട്ടിയിൽ പ്രബല വിഭാഗമായ വി.മുരളിധരൻ പക്ഷത്തിനു മുറിവേറ്റിരിക്കുന്നു. പെട്ടെന്ന് ഉണക്കാൻ കഴിയാത്ത ഒരു മുറിവാണിത്. വി.മുരളിധരന്റെ നാളിതുവരെയുള്ള കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റിച്ച ഈ കേന്ദ്രനീക്കത്തിനു മുന്നിൽ അസ്തപ്രജ്ഞരായിരിക്കുകയാണ് തത്ക്കാലം വി.മുരളിധരപക്ഷം. അതുകൊണ്ട് തന്നെ ആഞ്ഞടിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഇവർ.

Latest
Widgets Magazine