മെസിയെ റാഞ്ചാൻ പദ്ധതിയിട്ടു; രഹസ്യം വെളിപ്പെടുത്തി റയൽ പ്രസിഡന്റ്

സ്‌പോട്‌സ് ഡെസ്‌ക്

മാഡ്രിഡ്: ബാഴ്സലോണയുടെ സൂപ്പർതാരമായ ലയണൽ മെസിയെ തങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി റയൽ മഡ്രിഡ് പ്രസിഡന്റ് ഫ്ളോറൻഡീനോ പെരസ്. മെസിയെ സ്വന്തമാക്കുന്നതിനായി താൻ ആദ്യ വട്ടം പ്രസിഡന്റായപ്പോൾ ശ്രമം നടത്തിയിരുന്നുവെന്നാണ് പെരസ് പറയുന്നത്.

2000ൽ ആണ് പെരസ് ആദ്യമായി റയലിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 2001ലാണ് മെസി ബാഴ്സയുടെ കൗമാര ടീമിലെത്തിയത്. 2006 വരെ റയൽ പ്രസിഡന്റായി തുടർന്ന പെരസ് പിന്നീട് 2009ലാണ് രണ്ടാം വട്ടം റയൽ നേതൃനിരയിലേക്ക് തിരിച്ചുവരുന്നത്. 2001ൽ മെസി ബാഴ്സയിൽ ചേരുന്നതിന് മുമ്പാണ് 13കാരനെ സ്വന്തമാക്കാൻ റയലും ശ്രമിച്ചത്.
പെരസ് റയൽ പ്രസിഡന്റായ ആദ്യ ടേമിലായിരുന്നു ലൂയിസ് ഫിഗോയെ ബാഴ്സയിൽ നിന്ന് റയൽ സ്വന്തം നിരയിലെത്തിച്ചത്. ഫിഗോയെ കൂടാതെ സിനദീൻ സിദാൻ, ഡേവിഡ് ബെക്കാം എന്നിവരും റയൽ നിരയിലെത്തിയത് ഈ കാലഘത്തിലായിരുന്നു. ‘പ്രസിഡന്റെന്ന നിലയിലെ എന്റെ ആദ്യടേമിൽ അവനെ സ്വന്തം നിരയിലെത്തിക്കാൻ ഞങ്ങൾ ശ്രമിച്ചിരുന്നു. സിദാനെ പോലെയുളള ഒരു കളിക്കാരനാണ് അവൻ’ പെരസ് പറയുന്നു.

അതെസമയം നിലവിൽ മെസിയെ സ്വന്തമാക്കുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണെന്ന് പറയുന്ന റയൽ പ്രസിഡന്റ് മെസി ബാഴ്സയിൽ നിരവധി വർഷങ്ങൾ കളിച്ച് കഴിഞ്ഞതായും കൂട്ടിച്ചേർത്തു.ബാഴ്സലോണയുമായി മെസി ഇതുവരെ കരാർ പുതുക്കാത്ത സാഹചര്യത്തിലാണ് പെരസിന്റെ പുതിയ വെളിപ്പെടുത്തൽ. ജൂലൈയിൽ അഞ്ച് വർഷത്തേയ്ക്ക് മെസി ബാഴ്സയുമായി കരാർ പുതുക്കിയെന്ന് പ്രസിഡന്റ് ജോസഫ് മരിയ ബാർത്തമെന്യൂ പ്രഖ്യാപിച്ചിരുന്നെങ്കിലും മെസി കരാറിൽ ഒപ്പിട്ടിരുന്നില്ല.

ഇതിനിടെ മെസിയെ ട്രയലിനായി ബാഴ്സലോണയിൽ എത്തിച്ച ഏജന്റ് ഹൊറാസിയോ ജഗ്ഗോലി നിർഭാഗ്യം കൊണ്ട് മാത്രമാണ് മെസി റയലിലെത്താതിരുന്നതെന്ന് വെളിപ്പെടുത്തിയിരുന്നു.

Latest