ഒരു മണിക്കൂര്‍ ആയുസ്സാണ് പ്രവചിച്ചത്; ഇങ്ങനെ പിറന്നുവീണ കുഞ്ഞിന്‍റെ ഇപ്പോഴത്തെ രൂപം അതിശയിപ്പിക്കും  

വാര്‍വിക്ഷയര്‍ : തലച്ചോര്‍ പുറത്തായാണ് ജാമി ഡാനിയേല്‍ ജനിച്ചുവീണത്. ലോകത്ത് അത്യപൂര്‍വമായ ശാരീരിക വൈകല്യമായിരുന്നു അത്. കുഞ്ഞിനെ രക്ഷപ്പെടുത്താനാവില്ലെന്ന് ഡോക്ടര്‍മാര്‍ തീര്‍ത്തുപറഞ്ഞു. ഒരുമണിക്കൂറാണ് അവര്‍ ആയുസ്സ് പ്രവചിച്ചത്. എന്നാല്‍ ജാമി ഡാനിയേല്‍ ഇക്കഴിഞ്ഞയിടെയാണ് തന്റെ പത്താം ജന്‍മദിനം ആഘോഷിച്ചത്. ഗുരുതര ആരോഗ്യപ്രശ്‌നവുമായി ജനിച്ചുവീണിട്ടും ജീവിതം തിരികെ പിടിച്ച ഈ അദ്ഭുത ബാലന്‍ ഇംഗ്ലണ്ടിലെ വാര്‍വിക്ഷെയര്‍ സ്വദേശിയാണ്. 2011 ജനുവരി 8 നാണ് ലിയാനേ ഡാനിയേല്‍ ജാമിയ്ക്ക് ജന്‍മം നല്‍കുന്നത്. ഇരട്ടക്കുട്ടികളായിരുന്നു. ജാമിയും ഒരു പെണ്‍കുഞ്ഞും. എന്നാല്‍ തലച്ചോര്‍ പുറത്തായാണ് ജാമി ജനിച്ചത്. പെണ്‍കുഞ്ഞ് പൂര്‍ണ ആരോഗ്യത്തോടെയും പിറന്നു. തലയോട്ടിക്ക് അകത്ത് നിലകൊള്ളുന്നതിന് പകരം തലച്ചോര്‍ കണ്ണിന് സമീപത്തായി നെറ്റിയില്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്ന രീതിയിലായിരുന്നു ജാമി. ഒരു മണിക്കൂര്‍ മാത്രം ആയുസ്സ് പ്രവചിക്കപ്പെട്ട കുട്ടി പതിയെ ആരോഗ്യം വീണ്ടെടുത്തു. ഒരാഴ്ച പിന്നിട്ടപ്പോള്‍ ഡിസ്ചാര്‍ജായി. പിന്നീട് മാതാവ് ലിയാനേ ഡാനിയേല്‍ ബര്‍മ്മിങ്ഹാമിലെ, കുട്ടികളുടെ ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരെ കണ്ടു. തുടര്‍ന്ന് കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. തലയ്ക്ക് പുറത്തുള്ള ബ്രെയിന്‍ വിജയകരമായി നീക്കം ചെയ്തു. അവനിപ്പോള്‍ 10 വയസ്സായി. ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും സെറിബ്രല്‍ പാള്‍സിയുടെ പിടിയിലാണ്. പഠനത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. പക്ഷേ അവന്റെ രൂപമാറ്റം ആരെയും അതിശയിപ്പിക്കും. ഏവരോടും അവന്‍ നല്ല രീതിയില്‍ ഇടപഴകുകയും സ്‌നേഹിക്കുകയും ചെയ്യുന്നു. സ്‌കൂള്‍ അവന്‍ നന്നായി ആസ്വദിക്കുന്നു. അതിന് പുറമെ കുതിര സവാരിയും ടിവി കാണുന്നതുമെല്ലാമാണ് ഹോബികള്‍. മറ്റുള്ളവരില്‍ നിന്ന് തനിക്ക് എന്തെങ്കിലും വ്യത്യാസമുള്ളതായി തോന്നാറില്ലെന്ന് ജാമിയും വ്യക്തമാക്കുന്നു.

34

Top