മൊബൈല്‍ ആധാറുമായി ബന്ധിപ്പിച്ചു; വീട്ടമ്മയുടെ തൊഴിലുറപ്പു വേതനം മൊബൈല്‍ കമ്പനിക്ക്…

മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചതിനെ തുടർന്ന് തൊഴിലുറപ്പ് ജോലി ചെയ്യുന്ന വീട്ടമ്മയുടെ പണം എയർടെൽ ബാങ്ക് അക്കൗണ്ടിലേക്ക് പോയതായി പരാതി. കോഴിക്കോട്ടെ മരുതോങ്കര പഞ്ചായത്തിലെ ജാനുവിനാണ് പണം നഷ്ടപ്പെട്ടത്. മരുതോങ്കര തൂവ്വാട്ട പൊയിലിലെ പാലോറ ജാനുവിന്‍റെ മൂവായിരത്തി ഒരുനൂറ്റിനാൽപ്പത്തിനാല് രൂപയാണ് എയർടെൽ മണി അക്കൗണ്ടിലേക്ക് പോയത്.സെപ്തബർ മാസത്തെ തൊഴിലുറപ്പ് വേതനമാണിത്.ആധാർ നമ്പറിനെ ഫോൺ നമ്പറുമായി ബന്ധിപ്പിച്ചതിന് ശേഷമാണ് പണം ഇവരറിയാതെ മൊബൈൽ കമ്പനി സൃഷ്ടിച്ച അക്കൗണ്ടിലേക്ക് മാറിയത്. നേരത്തേ മരുതോങ്കര ഗ്രാമീൺ ബാങ്ക് അക്കൗണ്ടിലേക്കായിരുന്നു പണം വന്നിരുന്നത്. തൊഴിലുറപ്പ് വേതനം പഞ്ചായത്ത് ആധാർ നമ്പറിനെ അടിസ്ഥാനമാക്കിയുള്ള അക്കൗണ്ടിലേക്കാണ് അയച്ചിരുന്നത്. എന്നാൽ ഒടുവിൽ അധാറുമായി ബന്ധപ്പെടുത്തിയത് എയർടെൽ മൊബൽ നമ്പർ ആയിരുന്നു.നാട്ടിലെ മരുതോങ്കര പഞ്ചായത്തിൽ ഇത്തരത്തിൽ കൂടുതൽ സ്ത്രികൾ പരാതിയുമായി എത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ എം സതി പറഞ്ഞു. വ്യക്തികൾ ആവശ്യപെടാതെ തന്നെ കമ്പനികൾ അക്കൗണ്ട് ഉണ്ടാക്കി സബ്സിഡി തട്ടിയെടുക്കുന്നത് സംബന്ധിച്ച് പരാതികൾ വ്യാപകമാകുന്നുണ്ട്. താൻ അറിയാതെ പണം എങ്ങനെ എയർടെല്ലിലേക്ക് മാറിയെന്നത് സംബന്ധിച്ച് അന്യേഷണം ആവശ്യപെട്ട് ജാനു കോഴിക്കോട് ജില്ലാ കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.

Latest
Widgets Magazine