വിമര്‍ശനങ്ങളെ സ്വര്‍ണഖനി പോലെയാണ് കാണുന്നതെന്ന് പ്രധാനമന്ത്രി മോദി 

ലണ്ടന്‍: വിമര്‍ശനങ്ങളെ താന്‍ സ്വര്‍ണഖനിയായിട്ടാണ് കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരോഗ്യരഹസ്യം എന്താണെന്നുള്ള  ചോദ്യത്തിനാണ് വിമര്‍ശനങ്ങളാണ് തന്റെ നല്ല ആരോഗ്യത്തിന് പിന്നിലെ രഹസ്യമെന്നും അദ്ദേഹം മറുപടി പറഞ്ഞത്. കഴിഞ്ഞ 20 വര്‍ഷമായി താന്‍ ഒരു പ്രത്യേക ഡയറ്റിലാണ്. ഒാരോ ദിവസവും 20 മുതല്‍ 30 കിലോ വരെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങും. അതാണ് തന്റെ ഫിറ്റ്‌നസിന്റെ രഹസ്യമെന്നും മോദി പറഞ്ഞു. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്ററിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മോദി ഇക്കാര്യം പറഞ്ഞത്. ജനാധിപത്യത്തിന്റെ അടിത്തറയാണ് വിമര്‍ശനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമര്‍ശനങ്ങളെ കുറിച്ച് താന്‍ ആകുലനല്ലെന്ന പറഞ്ഞ മോദി വിമര്‍ശനങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ജാഗരൂകരായും ഉണര്‍ന്നിരിക്കാനും സാധിക്കൂ എന്നും പറഞ്ഞു. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണങ്ങള്‍ക്ക് പ്രധാനമന്ത്രി എപ്പോഴും മൗനം പാലിക്കുന്നു എന്ന ആരോപണത്തിനും മോദി മറുപടി പറഞ്ഞു. ”ഞാന്‍ എപ്പോഴും വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ വിമര്‍ശനങ്ങള്‍ക്ക് ഞാന്‍ വലിയ പ്രാധാന്യം തന്നെ നല്‍കുന്നുണ്ട്. അത് ഞാന്‍ എന്റെ ജീവിതത്തില്‍ അംഗീകരിക്കാന്‍ ശ്രമിക്കുകയാണ്. അതൊരു സ്വര്‍ണഖനിയാണ്”,മോദി വ്യക്തമാക്കി.

Latest
Widgets Magazine