അംബാനിയുടെ തുടങ്ങാത്ത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ആനുകൂല്യങ്ങള്‍ ചൊരിഞ്ഞ് ബിജെപി സര്‍ക്കാര്‍; ശ്രേഷ്ഠ പദവിക്ക് പിന്നാലെ മഹാരാഷ്ട്രയില്‍ സാമ്പത്തിക ഇളവും

കേന്ദ്രസര്‍ക്കാര്‍ ശ്രേഷ്ഠപദവി നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്ഥലവും സാമ്പത്തിക ആനുകൂല്യങ്ങളും നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍. ഇതുവരെയും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലാത്ത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെ ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഈ ആനുകൂല്യം. ഇത്തരത്തില്‍ ഇളവുകള്‍ നല്‍കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്ര. നവി മുംബൈയ്ക്കടുത്തുള്ള കര്‍ജാത്തില്‍ 800 ഏക്കറിലായി വരുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കാന്‍ 9500 കോടി മുടക്കുമെന്നാണ് റിലയന്‍സ് ഫൗണ്ടേഷന്‍ വ്യക്തമാക്കുന്നത്.

2021 ല്‍ പ്രവര്‍ത്തന സജ്ജമാകണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇപ്പോള്‍ കടലാസില്‍ മാത്രമുള്ള ഒരു സ്ഥാപനത്തിന് ശ്രേഷ്ഠപദവി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ്(ഐഐഎസ്സി), ഐഐടി ഡല്‍ഹി, ഐഐടി ബോംബെ, ബിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ എന്നിവയോടൊപ്പമാണ് റിലയന്‍സിന്റെ തുടങ്ങാത്ത സ്ഥാപനത്തിന് ശ്രേഷ്ഠ പദവി നല്‍കിയത്. ഇതില്‍ ബോംബെ ഐഐടിയുടെ ക്യാമ്പസ് വിപുലീകരിക്കാനില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയതോടെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനാകും ഈ ആനുകൂല്യം ലഭിക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇളവുകള്‍ പ്രഖ്യാപിച്ചതോടെ കെട്ടിടം പണിയാന്‍ കൃഷിയിടങ്ങള്‍ നികത്താനുള്ള തടസ്സവുമില്ല. യുജിസി ആവശ്യ പ്രകാരം സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ശ്രേഷ്ഠപദവിയുള്ള സ്ഥാപനങ്ങളിലെ മുദ്രപത്രങ്ങള്‍ക്ക് പണമടയ്ക്കുന്നതിനും ഇളവുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ നികുതിയില്‍ ഇളവ് വരുത്താനാകില്ലെന്നാണ് റവന്യു വകുപ്പിന്റെ നിലപാട്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലോകനിലവാരത്തില്‍ ഉയര്‍ത്താനാണ് ലക്ഷ്യമെന്ന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ വിനോദ് താവ്‌ടെ പറഞ്ഞു. റവന്യു വകുപ്പ് ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ആനുകൂല്യങ്ങളുടെ തുടര്‍നടപടികള്‍ക്കുമായി മന്ത്രിസഭ ഉപസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ നിന്ന് പത്തും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പത്തും ഉള്‍പ്പെടെ ആകെ ഇരുപത് ശ്രേഷ്ഠ സ്ഥാപനങ്ങള്‍ രാജ്യത്ത് സ്ഥാപിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

Top