രാജ്യത്ത് പണിത കക്കൂസുകളുടെ എണ്ണം ചൂണ്ടിക്കാട്ടി മോദി സര്‍ക്കാരിനെ പുകഴ്ത്തി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം

നാലരവര്‍ഷം കൊണ്ട് രാജ്യത്ത് പണിത കക്കൂസുകളുടെ എണ്ണം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം മോദി സര്‍ക്കാരിനെ പ്രശംസിച്ചത്. നാല് വര്‍ഷം കൊണ്ട് പത്തരക്കോടി കക്കൂസ് പണിത വേറെ ഏത് സര്‍ക്കാരാണ് ലോക ചരിത്രത്തില്‍ ഉള്ളതെന്നും കണ്ണന്താനം ചോദിക്കുന്നു.

‘മോദി സര്‍ക്കാര്‍ 2014 ല്‍ അധികാരത്തിലെത്തിയ സമയത്ത് വെറും 38 ശതമാനം ആളുകള്‍ക്ക് മാത്രമായിരുന്നു നോര്‍ത്ത് ഇന്ത്യയില്‍ കക്കൂസ് ഉണ്ടായിരുന്നത്.

ഇന്ന് അത് 97 ശതമാനത്തിലേയ്ക്ക് ഉയര്‍ന്നിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് മോദി സര്‍ക്കാരിനാണ്. അതുപോലെ തന്നെയാണ് ബാങ്ക് അക്കൗണ്ടുകളുടെ കാര്യവും’. കണ്ണന്താനം പറഞ്ഞു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിച്ചത്.

രണ്ടരക്കോടിയിലധികം കുടുംബങ്ങള്‍ക്ക് വൈദ്യുതി എത്തിച്ചുവെന്നും അഞ്ചരക്കോടി എല്‍പിജി കണക്ഷന്‍ ഇതിനകം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. നമ്പി നാരായണനെ വിമര്‍ശിച്ച ടിപി സെന്‍കുമാറിനെയും അല്‍ഫോന്‍സ് കണ്ണന്താനം വിമര്‍ശിച്ചു.

അംഗീകാരം ലഭിക്കുമ്പോള്‍ പാരവയ്ക്കുന്നത് മലയാളിയുടെ ജനിതക പ്രശ്നമാണ്. ഒരു മലയാളിക്ക് അംഗീകാരം കിട്ടുമ്പോള്‍ ആഹ്ലാദിക്കുകയാണ് ചെയ്യേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

Latest