അടുത്ത രണ്ട് ദിവസത്തേയ്ക്ക് യാതൊരു വിമര്‍ശനവുമില്ല; മോദിയ്ക്ക് പിന്തുണയറിയിച്ച് രാഹുല്‍ ഗാന്ധി

ലോക്‌സഭാ തെരഞ്ഞെടുപ്പും റഫാല്‍ അഴിമതിയും മറ്റും കത്തി നില്‍ക്കുന്ന സമയമായിട്ടും പുല്‍വാമ തീവ്രവാദ ആക്രമണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മോദി സര്‍ക്കാരിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇനി വരുന്ന ഒന്നുരണ്ടു ദിവസങ്ങളില്‍ മറ്റു ചര്‍ച്ചകളിലേക്ക് പോകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ‘ഇത് പ്രതിസന്ധി ഘട്ടമാണ്. ഞാന്‍ സര്‍ക്കാരിനേയും ജവാന്മാരേയും പിന്തുണയ്ക്കും.’ രാഹുല്‍ ഗാന്ധി പറഞ്ഞു. രാഷ്ട്രീയ വിവാദങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും അദ്ദേഹം വിട്ടുനിന്നു. അത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സമയമിതല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും സമാനമായ നിലപാടാണ് സ്വീകരിച്ചത്. ‘ഇത് ദു:ഖിക്കേണ്ട സമയമാണ്. നമ്മുടെ രാജ്യത്തിന് 40 ജവാന്മാരെ നഷ്ടപ്പെട്ടിരിക്കുകയാണ്. അവരുടെയും പരുക്കേറ്റവരുടെയും ബന്ധുക്കളെ ആശ്വസിപ്പിക്കേണ്ട സമയമാണിത്. ഒപ്പം തീവ്രവാദത്തെ അപലപിക്കാന്‍ നമ്മള്‍ അവര്‍ക്കൊപ്പം നില്‍ക്കേണ്ടതുണ്ട്. ‘ മന്‍മോഹന്‍ സിംഗ് പറഞ്ഞു.

Top