റാഫേൽക്കുരുക്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദി: മോദി സർക്കാരിനെ പ്രതിരോധത്തിലാക്കി നാലാം വർഷം മോദി പ്രതിസ്ഥാനത്ത്: അതൃപ്തിയിൽ സുപ്രീം കോടതി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അഴിമതിയുടെ കാര്യത്തിൽ കഴിഞ്ഞ യുപിഎ സർക്കാരിനെ വിമർശന മുൾ മുനയിൽ നിർത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി അഴിമതിക്കേസിൽ കുടുങ്ങുന്നു. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങളിൽ സുപ്രീം കോടതിയ്ക്ക് മുന്നിൽ നിന്നു വിയർത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര സർക്കാരും സിബിഐ അന്വേഷണത്തിന് വഴങ്ങേണ്ടി വരുമെന്ന് ഏതാണ്ട് ഉറപ്പായി. കടുത്ത പരാമർശങ്ങളോടെ റാഫേൽ ഇടപാട് കേസ് വിധി പറയുന്നതിനായി സുപ്രീം കോടതി മാറ്റി വച്ചതോടെയാണ് സർക്കാരിന്റെ അവസാന നാളുകളിൽ അഴിമതിക്കേസിൽ കൂടി പ്രധാനമന്ത്രി പ്രതിയാക്കപ്പെടുന്നത്. കരാർ ഒപ്പിടുന്നതിന് ആദ്യ മുതൽ അവസാനം വരെ ചർച്ച നടത്തിയ പ്രധാനമന്ത്രി തന്നെയാവും സിബിഐ അന്വേഷണം പ്രഖ്യാപിച്ചാൽ ഒന്നാം പ്രതിസ്ഥാനത്ത് എത്തുക. ഇതോടെ കഴിഞ്ഞ നാലു വർഷമായി ബിജെപി സർക്കാർ മുന്നോട്ടു വച്ചിരുന്ന അഴിമതി രഹിത പ്രതിഛായ തന്നെ തകർന്ന് തരിപ്പണമാകും.
ഫ്രഞ്ച് വിമാനക്കമ്പനിയായ റാഫേലിൽ നിന്നും രാജ്യത്തേയ്ക്ക് യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിലാണ് കേന്ദ്ര സർക്കാർ ഒപ്പിട്ടത്. ഇത് അംബാനി ഗ്രൂപ്പിനു വേണ്ടിയാണെന്ന് അന്ന് തന്നെ ആരോപണം ഉയർന്നിരുന്നു. റാഫേൽ വിമാനങ്ങളുടെ വില വർധിപ്പിച്ചതും, സാങ്കേതിക വിദ്യ വാങ്ങിയതും അടക്കമുള്ള ചൂണ്ടിക്കാട്ടി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കേസ് സുപ്രീം കോടതിയ്ക്ക് മുന്നിലും എത്തിയത്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളാണ് റാഫേൽ ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
ഫ്രഞ്ച് സർക്കാരിന്റെ നേതൃത്വത്തിൽ, റാഫേൽ യുദ്ധവിമാന കമ്പനിയിൽ നിന്നും സാങ്കേതിക വിദ്യയും വിമാനവും വാങ്ങാനുള്ളതായിരുന്നു കരാർ. എന്നാൽ, കേന്ദ്ര സർക്കാരിന്റെ താല്പര്യത്തിന് അനുസരിച്ച് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലിനെ ഒഴിവാക്കാനായി, നരേന്ദ്രമോദിയും സംഘവും നടത്തിയ ശ്രമങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇതാണ് ഇപ്പോൾ സുപ്രീം കോടതിയിൽ പൊളിഞ്ഞിരിക്കുന്നതും.
നാല് മണിക്കൂർ നീണ്ട വാദപ്രതിവാദത്തിനൊടുവിലാണ് കേസ് വിധി പറയാൻ മാറ്റിയത്. വാദത്തിനിടെ സുപ്രീംകോടതി വായു സേനാ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി. ഇന്ത്യൻ കോടതി ചരിത്രത്തിൽ അത്യപൂർവ്വമായ സംഭവമായി ഇത്. സുപ്രീംകോടതി ആവശ്യപ്പെട്ടതനുസരിച്ച് വായുസേനാ ഉപമേധാവി വി.ആർ.ചൗദരി, എയർ വൈസ് മാർഷൽ ടി.ചലപതി എന്നിവരുടെ നേതൃത്വത്തിലുള്ള വായു സേനാ ഉദ്യോഗസ്ഥർ സുപ്രീംകോടതിയിൽ ഹാജരായി.

റഫാൽ ഇടപാടിൽ ഫ്രഞ്ച് സർക്കാരിൻറെ ഗ്യാരൻറിയില്ലെന്ന് കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെകെ.വേണുഗോപാലിന് സുപ്രീംകോടതിയിൽ സമ്മതിക്കേണ്ടി വന്നു. റഫാൽ യുദ്ധവിമാനത്തിൻറെ പ്രത്യേകതകളെക്കുറിച്ചും നിലവിൽ ഇന്ത്യ ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങളെക്കുറിച്ചും അതിൻറെ സാങ്കേതിക വശങ്ങളെക്കുറിച്ചുമാണ് കോടതി എയർ വൈസ് മാർഷൽ ടി.ചലപതിയോട് അന്വേഷിച്ചത്.

1985ന് ശേഷം പുതിയ യുദ്ധ വിമാനങ്ങൾ വാങ്ങിയിട്ടില്ലെന്ന് എയർ ഫോഴ്‌സ് വൈസ് മാർഷൽ അറിയിച്ചു. ഡിഫൻസ് പ്രോക്യൂർമെൻറ് പോളിസിയിൽ 72 ൽ വരുത്തിയിട്ടുള്ള മാറ്റം എന്തിനായിരുന്നെന്നും ഏത് സാഹചര്യത്തിലാണ് അത്തരത്തിൽ മാറ്റങ്ങൾ വരുത്തിയതെന്നും അഡി. ഡിഫൻസ് സെക്രട്ടറി വരുൺ മിത്രയോട് സുപ്രീംകോടതി വിശദാശങ്ങൾ തേടി.

റഫാൽ കരാർ പ്രതിരോധ മേഖലയ്ക്ക് അത്യാവശ്യമാണെന്നായിരുന്നു കേന്ദ്ര സർക്കാർ കോടതിയിൽ വാദിച്ചത്. കരാറിൽ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമാണ് കരാറിൽ ഒപ്പ് വച്ചതെന്ന് സർക്കാറിന് വേണ്ടി എജി അറിയിച്ചു. ദേശീയ സുരക്ഷയേ ബാധിക്കുന്നതിനാലാണ് കരാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തുവിടാത്തതെന്നും സർക്കാർ വാദിച്ചു. കോടതിക്ക് നൽകിയ വിവരങ്ങൾ ചോരാതിരിക്കാൻ കോടതി കൂടി ശ്രദ്ധിക്കണമെന്ന് എജി കെകെ.വേണുഗോപാൽ ആവശ്യപ്പെട്ടു.

അതേസമയം കരാറിന് എന്ത് ഉറപ്പാണുള്ളതെന്ന ചോദ്യത്തിന് ഉറപ്പുകളൊന്നും ഇല്ലെന്നും എന്നാൽ ഫ്രഞ്ച് സർക്കാറിൽ നിന്ന് ഒരു കത്ത് ഇത് സംമ്പന്ധിച്ച് ലഭിച്ചിരുന്നെന്നും എജി അറിയിച്ചു. അതാത് സമയത്തെ ആവശ്യകതയ്ക്കനുസരിച്ചാണ് പ്രതിരോധ കരാറുകളിൽ മാറ്റം വരുത്തുന്നതെന്നും എജി കോടതിയെ അറിയിച്ചു.

ഹർജിക്കാർക്ക് വേണ്ടി വാദിച്ച പ്രശാന്ത് ഭൂഷൺ, അരുൺ ഷൂറി, കപിൽ സിബൽ, എഎൽ.ശർമ്മ എന്നിവർ ശക്തമായ വാദമുഖങ്ങളാണ് നിരത്തിയത്. കരാർ മൊത്തം തട്ടിപ്പാണെന്നും അതിനാൽ പ്രത്യേക അന്വേഷണസംഘത്തെ വച്ച് കേസ് അന്വേഷിക്കണമെന്നും പ്രശാന്ത് ഭൂഷണും അരുൺ ഷൂറിയും വാദിച്ചു. റഫാൽ ഇടപാട് സർക്കാരുകൾ തമ്മിലുള്ള കരാർ അല്ലെന്ന് കോൺഗ്രസ് കോടതിയിൽ വാദിച്ചു.

ഡാസോയും പ്രതിരോധ മന്ത്രാലയവും തമ്മിലാണ് കരാർ ഒപ്പിട്ടതെന്നും ഫ്രഞ്ച് സർക്കാർ സമ്മതപത്രം നൽകുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു കപിൽ സിബലിൻറെ വാദം. എറിക് ട്രാപ്പിയർ പറയുന്നത് കള്ളമാണ്. എച്ച്.എഎല്ലിന് ഭൂമിയില്ലാത്തതിനാൽ ഒഴിവാക്കിയെന്ന ട്രാപ്പിയറിന്റെ വാദവും കള്ളമാണ് ഭൂമിയുള്ളതിനാൽ റിലയൻസിനെ പങ്കാളിയാക്കിയെന്ന വാദവും കള്ളമാണെന്ന് കപിൽ സിബൽ വാദിച്ചു.

Latest
Widgets Magazine