എസ്എഫ്‌ഐക്കാരുടെ സമരം നടക്കുമ്പോള്‍ മോഹന്‍ലാലും സംഘവും അടിച്ചു പൊളിച്ചു വരുന്നതു നോക്കി നില്‍ക്കുമായിരുന്നു; പിന്നീട് കണ്ടത് ചെന്നൈയില്‍ വെച്ച്; വീട്ടില്‍ പറഞ്ഞിട്ടാണോ വന്നിരിക്കുന്നത് എന്ന് മോഹന്‍ലാല്‍ ചോദിച്ചു; ഷാജി കൈലാസ്

മലയാളത്തിന്റെ പ്രിയ സംവിധായകനാണ് ഷാജി കൈലാസ്. മോഹന്‍ലാലിനൊപ്പം ആറ് സിനിമകള്‍ സംവിധായകന്‍ ചെയ്തിട്ടുണ്ട്. എംജി കോളെജില്‍ പഠിക്കുന്ന കാലം മുതല്‍ മോഹന്‍ലാലിനെ തനിക്കറിയാമെന്ന് സംവിധായകന്‍ പറഞ്ഞു. ബാലു കിരിയത്തിന്റെ സഹായിയായി പ്രവര്‍ത്തിക്കുന്ന സമയമാണ് മോഹന്‍ലാലിനെ പിന്നീട് കണ്ടതെന്നും എംജി കോളജിലെ വിദ്യാര്‍ഥിയായിരുന്നുവെന്ന് പറഞ്ഞപ്പോള്‍ വീട്ടില്‍ പറഞ്ഞിട്ടാണോ വന്നിരിക്കുന്നത് എന്ന് മോഹന്‍ലാല്‍ ചോദിച്ചുവെന്നും ഷാജി കൈലാസ് പറയുന്നു.

ഷാജി കൈലാസിന്റെ വാക്കുകള്‍:

എംജി കോളജില്‍ ഞാന്‍ പ്രീഡിഗ്രി വിദ്യാര്‍ഥിയായി ചെല്ലുമ്പോള്‍ മോഹന്‍ലാല്‍, നടന്‍ സന്തോഷ്, സംവിധായകന്‍ അശോക് കുമാര്‍ തുടങ്ങിയവര്‍ അവിടെ ഡിഗ്രി വിദ്യാര്‍ഥികളായിരുന്നു. സാധാരണ ഗതിയില്‍ പ്രീഡിഗ്രിക്കാരെ ഡിഗ്രിക്കാര്‍ മൈന്‍ഡ് ചെയ്യാറില്ല. നല്ല ഉയരമുള്ളതു കൊണ്ടു മാത്രമാണു കോളജില്‍ ഞാന്‍ അല്‍പം ശ്രദ്ധിക്കപ്പെട്ടത്. എസ്എഫ്‌ഐക്കു വേണ്ടി പോസ്റ്റര്‍ വരച്ചു കൊടുത്തിരുന്നതും ഞാനായിരുന്നു. എസ്എഫ്‌ഐക്കാരുടെ സമരം നടക്കുമ്പോള്‍ അവരുടെ ഏറ്റവും പിന്നിലായി മോഹന്‍ലാലും സംഘവും അടിച്ചു പൊളിച്ചു വരുന്നതു ഞങ്ങള്‍ നോക്കി നില്‍ക്കുമായിരുന്നു. കോളജ് ഡേയില്‍ മോഹന്‍ലാല്‍ അഭിനയിച്ച നാടകം കണ്ടിട്ടുണ്ട്. എങ്കിലും മോഹന്‍ലാലുമായി സംസാരിക്കാനോ ഇടപഴകാനോ അന്നു സാധിച്ചിട്ടില്ല.

അറിഞ്ഞില്ല, അച്ഛനായിരുന്നു ആ വണ്ടിയില്‍…!! എംജി കോളജില്‍ പില്‍ക്കാലത്തു ഞങ്ങള്‍ കില്ലാടികളായി മാറി. അക്കാലത്തു ടൗണ്‍ ബസിന്റെ ഫുട്‌ബോര്‍ഡില്‍ തൂങ്ങി യാത്ര ചെയ്തിരുന്ന എംജി കോളജ് വിദ്യാര്‍ഥികളെ പ്ലാമൂട്ടില്‍ വച്ചു ചിലര്‍ ടാറില്‍ മുക്കിയ വടി കൊണ്ട് അടിച്ചു. അവര്‍ പരാതിയുമായി കോളജിലെത്തിയതോടെ വിദ്യാര്‍ഥികള്‍ ഇളകി. ഞങ്ങള്‍ എല്ലാവരും കൂടി കോളജില്‍ നിന്നു പ്ലാമൂട്ടിലേക്കു പ്രതിഷേധ ജാഥ നടത്തി. പോകുന്ന വഴിക്കു കാണുന്ന കാറുകളിലും ബസിലുമെല്ലാം അടിച്ചു കൊണ്ടാണു പോകുന്നത്. ഞങ്ങള്‍ പ്ലാമൂട്ടില്‍ ചെന്നപ്പോള്‍ അടിച്ചവര്‍ സ്ഥലം വിട്ടിരുന്നു. വൈകുന്നേരം ഞാന്‍ വീട്ടിലെത്തിയപ്പോള്‍ അവിടെ ശ്മശാന മൂകതയാണ്.

അമ്മ എന്നെ കണ്ടെങ്കിലും ഒന്നും മിണ്ടാതെ പോയി. അച്ഛന്‍ എന്തോ വായിച്ചു കൊണ്ടിരിപ്പുണ്ട്. ഞാന്‍ ഒന്നും മിണ്ടാതെ പോകാനൊരുങ്ങിയപ്പോള്‍ ”അവിടെ നില്‍ക്കൂ” എന്ന് അച്ഛന്‍ പറഞ്ഞു. ”ഇന്നു കോളജില്‍ പോയില്ലേ”യെന്നായി അടുത്ത ചോദ്യം. പോയെന്നു പറഞ്ഞപ്പോള്‍, ”റോഡിലെന്തായിരുന്നു പ്രശ്‌ന”മെന്നു ചോദ്യം വന്നു.

ഉരുണ്ടു കളിച്ചപ്പോഴാണ് ഒരു സത്യം അറിയുന്നത്. പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയറായ അച്ഛന്‍ സഞ്ചരിച്ചിരുന്ന വണ്ടിയിലും ഞാനും കൂട്ടുകാരും അടിച്ചു ബഹളം വച്ചിരുന്നു. അകത്ത് അച്ഛന്‍ ഇരിക്കുന്നതു കണ്ടില്ല. മേലില്‍ ഇത് ആവര്‍ത്തിച്ചാല്‍ പഠിത്തം നിര്‍ത്തുമെന്ന ഉഗ്ര താക്കീതാണ് അച്ഛന്റെ ഭാഗത്തു നിന്നുണ്ടായത്.

ബാലു കിരിയത്തിന്റെ ‘വാ കുരുവീ..വരു കുരുവീ…’ എന്ന സിനിമയില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിക്കാനായി പില്‍ക്കാലത്തു ഞാന്‍ ചെന്നൈയിലെത്തി. മോഹന്‍ലാലാണു നായകന്‍. അദ്ദേഹത്തിന്റെ അടുത്തു ചെന്ന് എംജി കോളജിലെ വിദ്യാര്‍ഥിയായിരുന്നുവെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം പരിചയ ഭാവത്തില്‍ പുഞ്ചിരിച്ചു. തുടര്‍ന്ന് ഒരു ചോദ്യം,”വീട്ടില്‍ പറഞ്ഞിട്ടാണോ വന്നിരിക്കുന്നത്………”. ഇതേ മോഹന്‍ലാലിനെ നായകനാക്കി പില്‍ക്കാലത്ത് എട്ടു സിനിമകള്‍ സംവിധാനം ചെയ്യാന്‍ എനിക്കു ഭാഗ്യം ലഭിച്ചുവെന്നതു ചരിത്രം.

Latest
Widgets Magazine