ആർത്തവമാണെന്നു മോഹൻലാലിനോടു പറയാനാവില്ലെന്നു പത്മപ്രിയ..!

സിനിമാ ഡെസ്‌ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ മലയാള സിനിമയിൽ പൊട്ടിത്തെറികൾ അരങ്ങേറുകയാണ്. മലയാള സിനിമാ മേഖലയെ പിടിച്ചു കുലുക്കുന്ന പല വമ്പൻ വെളിപ്പെടുത്തലുകളും ഇതിനിടെ പുറത്തു വന്നു കഴിഞ്ഞു. സൂപ്പർ താരം ദിലീപ് ജയിലിലാകുകയും, മറ്റു നിരവധി താരങ്ങൾ കേസിൽ കുടുങ്ങുകയും ചെയ്തു കഴിഞ്ഞു. ഇതിനിടെയാണ് ഇപ്പോൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പത്മപ്രിയ എത്തിയിരിക്കുന്നത്.
മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് എന്ന ഓമനപ്പേരിൽ പല നടിമാരും പീഡനത്തിനു ഇരയാകുന്നുണ്ടെന്ന വെളിപ്പെടുത്തലും നടന്നിരുന്നു. ഇതിനു പിന്നാലെ മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി നടിമാർക്കു വേണ്ടി ഒരു സംഘടനയും രൂപീകരിക്കപ്പെട്ടു. ഇതിനിടെയാണ് ഇപ്പോൾ പത്മപ്രിയ വിവാദപരാമർശം നടത്തിയിരിക്കുന്നത്.
കാസ്റ്റിങ് കൗച്ച് മാത്രമല്ല, മറ്റ് പല പ്രശ്നങ്ങളും ഷൂട്ടിങ് സെറ്റിൽ സ്ത്രീകൾക്ക് നേരിടേണ്ടി വരാറുണ്ട് എന്ന് നടി പത്മപ്രിയ വെളിപ്പെടുത്തുന്നു. ആർത്തവ കാലത്തൊക്കെയാണ് ഏറെ ബുദ്ധിമുട്ടുകൾ. ഗ്രഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ലൊക്കേഷനിൽ സ്ത്രീകൾ നേരിടുന്ന പ്രയാസങ്ങളെ കുറിച്ച് കാസ്റ്റിങ് കൗച്ചിനെ കുറിച്ചും പത്മപ്രിയ പ്രതികരിച്ചത്.
ഒരു സിനിമാ സെറ്റിൽ എവിടെ തിരിഞ്ഞാലും പുരുഷന്മാർ മാത്രമായിരിക്കും. അഭിനേത്രികൾ ഒഴികെ സ്ത്രീകളുടെ എണ്ണം സെറ്റിൽ വളരെ കുറവായിരിക്കും എന്നും ഇത് പലതരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും പത്മപ്രിയ പറയുന്നു.
പലപ്പോഴും സെറ്റിൽ നേരിടുന്ന പ്രശ്നങ്ങൾ ആരോടും പറയാൻ കഴിയില്ല. ചില കാര്യങ്ങൾ സ്ത്രീകളോട് മാത്രമേ പറയാൻ കഴിയൂ. പീരീഡ്സ് ആയെന്ന് തോന്നിയാൽ ഒന്ന് പറയണമെങ്കിൽ ഒരു സ്ത്രീ വേണം. അതെനിക്ക് എന്നെക്കാൾ പ്രായമുള്ള മോഹൻലാലിനോടും മമ്മൂട്ടിയോടും പറയാൻ കഴിയുമോ എന്നാണ് നടിയുടെ ചോദ്യം.
മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ചിങ് ഉണ്ടെന്നും പത്മപ്രിയ വെളിപ്പെടുത്തുന്നു. എന്നാൽ ഇത് പഴയ കാലമല്ലെന്നും, പുതിയ ജനറേഷനിലുള്ള പെൺകുട്ടികൾ കാസ്റ്റിങ് കൗച്ചിങിന് നിന്ന് തരില്ല എന്നും നടി പറയുന്നു. തനിക്കത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല എന്നും പത്മപ്രിയ വ്യക്തമാക്കി.
മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ചിങ് ഉണ്ടോ എന്ന ചോദ്യത്തിന്, മോശം നടിമാർ കിടക്ക പങ്കിടും എന്ന് അമ്മയുടെ പ്രസിഡന്റിന്റ് പറഞ്ഞിരുന്നു. അപ്പോൾ മോശം നടിമാർക്കൊപ്പം കിടക്ക പങ്കിട്ട നടന്മാരെ എന്ത് വിളിക്കണം എന്നാണ് പത്മപ്രിയയുടെ ചോദ്യം.
നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തെ കുറിച്ചും പത്മപ്രിയ പ്രതികരിച്ചു. ആ നടിയെയും നടനെയും എനിക്കറിയാം. അങ്ങനെയൊരു അനുഭവത്തിലൂടെ കടന്നുപോകുന്ന സ്ത്രീയുടെ മാനസികാവസ്ഥ ആലോചിച്ചിട്ടുണ്ടോ?? ഞങ്ങളൊക്കെ ചുറ്റുമുള്ളവരെ വിശ്വസിച്ചാണ് ഒരു മാസമൊക്കെ വേറെ സ്ഥലത്തു പോയി താമസിക്കുന്നത് പത്മപ്രിയ പറയുന്നു.

കുറ്റമാരോപിക്കപ്പെട്ട നടന്റെ കാര്യമോ? അതൊരു കെട്ടുകഥയാണോ എന്ന് ആർക്കറിയാം? എന്തായാലും ഈ സംഭവം കൊണ്ട് ഒരു കാര്യമുണ്ടായി, പല കാര്യങ്ങളും പുറത്തുവന്നു എന്ന് പത്മപ്രിയ പറയുന്നു.

Latest
Widgets Magazine