കാട്ടില്‍ സൗകര്യം പോര, കുരങ്ങന്‍ താമസം മാറ്റി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക്

കൊച്ചി: കാട്ടിലെ സൗകര്യങ്ങള്‍ ഇഷ്ടപ്പെടാഞ്ഞിട്ടാകണം കുരങ്ങച്ചന്‍ കൊച്ചി വിമാനത്താവളത്തിലേക്ക് താമസം മാറ്റിയത്. പ്രളയത്തിനിടെ കാട്ടില്‍ നിന്നും നാട്ടിലെത്തിയ കുരങ്ങന് താമസിക്കാന്‍ ഇതിലും നല്ല സ്ഥലമില്ലെന്ന് മനസിലായിക്കാണും..നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര ടെര്‍മിനലിലാണ് ഇപ്പോള്‍ കുരങ്ങച്ചന്റെ താമസം. തിങ്കളാഴ്ച ഉച്ചയോടെയാണ് സന്ദര്‍ശക ഏരിയയിലെ ക്യാമറയില്‍ അപ്രതീക്ഷിതനായ അതിഥിയെ കണ്ടെത്തിയത്. ക്യാമറയില്‍ പതിഞ്ഞ കുരങ്ങന്‍ പിന്നീട് എവിടേക്ക് പോയെന്നും അന്വേഷിച്ച് ഉദ്യോഗസ്ഥര്‍ തലങ്ങും വിലങ്ങും പാഞ്ഞു.

കുരങ്ങനെ കണ്ടെത്താനായി അധികൃതര്‍ വിമാനത്താവളം മുഴുവന്‍ അരിച്ചു പെറുക്കിയിട്ടും പുതിയ അഭയാര്‍ത്ഥിയെ കണ്ടെത്താനായില്ല. ഇന്നലെ രാവിലെ വീണ്ടും കുരങ്ങനെ കണ്ടെത്തി. ലിഫ്റ്റിന്റെ ഷാഫ്റ്റ് മേഖലയാണ് കുരങ്ങന്റെ പുതിയ സങ്കേതം. നല്ല താഴ്ചയിലുള്ള സ്ഥലമായതിനാല്‍ ഇറങ്ങി പിടികൂടാന്‍ സാധ്യമല്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വിശക്കുമ്പോള്‍ ഭക്ഷണം അന്വേഷിച്ച് മുകളിലേക്ക് വരുമെന്നും അപ്പോള്‍ പിടികൂടി വനംവകുപ്പിന് കൈമാറാനുമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പദ്ധതിയിടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top