സാധനങ്ങളില്‍ പുതിയ വില രേഖപ്പെടുത്തിയ സ്റ്റിക്കറുകള്‍ ഒട്ടിക്കാന്‍ അനുമതി

ചരക്ക് സേവന നികുതിയില്‍ മാറ്റം വന്നതോടെ സാധനങ്ങളില്‍ വില രേഖപ്പെടുത്തുന്ന സ്റ്റിക്കറുകള്‍ മാറ്റി ഒട്ടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഡിസംബര്‍ വരെ സ്റ്റിക്കറുകള്‍ മാറ്റാന്‍ സാവകാശം നല്‍കിയിട്ടുണ്ട്. 11-ാം തീയ്യതി അസമിലെ ഗുവാഹത്തിയില്‍ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗം 200 ഓളം ഉല്‍പ്പന്നങ്ങളുടെ നികുതിയാണ് കുറച്ചത്. നേരത്തെ ജൂലൈ ഒന്നിന് ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വന്നപ്പോഴും എം.ആര്‍.പിയില്‍ മാറ്റം വരുത്തി പുതിയ സ്റ്റിക്കര്‍ ഒട്ടിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. സെപ്തംബറിലാണ് ഇതിന്റെ സമയപരിധി അവസാനിച്ചത്. ഈ മാസം വീണ്ടും വില കുറച്ചതോടെ ഓണ്‍ലൈന്‍ പ്രിന്റിങ് വഴിയോ അല്ലെങ്കില്‍ അച്ചടിച്ച സ്റ്റിക്കറുകള്‍ ഒട്ടിച്ചോ പുതിയ വില പാക്കറ്റുകളില്‍ കാണിക്കാം. പഴയ വിലയോടൊപ്പമാണ് പുതിയ കുറഞ്ഞവിലയും കാണിക്കേണ്ടതെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ നികുതിയും ജിഎസ്ടി കൗണ്‍സില്‍ കുറച്ചിട്ടുണ്ട്. നികുതി കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കിട്ടുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന ലീഗല്‍ മെട്രോളജി ഉദ്ദ്യോഗസ്ഥര്‍ പരിശോധനകള്‍ ശക്തമാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Top