പാസ്‌പോര്‍ട്ട് മറക്കാതിരിക്കാന്‍ ഷൂവിനകത്ത് വെച്ച മുകേഷ്; ജഗദീഷ് പറയുന്നു

വിദേശ രാജ്യങ്ങളിലെ വിമാനത്താവളത്തിലെത്തിയാല്‍ സിനിമാ താരങ്ങളാണെങ്കിലും സാധാരണക്കാരനാണെങ്കിലും കൃത്യമായി പരിശോധിച്ചേ വിടൂ. എത്രയോ പ്രമുഖരെ മണിക്കൂറുകള്‍ നിര്‍ത്തിവെച്ച് ചോദ്യം ചെയ്തിട്ടുണ്ട്. നിരവധിപ്പേര്‍ക്ക് മോശം അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസം ചാനല്‍ പരിപാടിയില്‍ എത്തിയ സീരിയല്‍-സിനിമാ നടന്‍ ശരത്തും അത്തരമൊരു കഥ പറഞ്ഞു. സീരിയലിന്റെ ആവശ്യത്തിനായി അമേരിക്കയില്‍ പോയതാണ്. കൂടെ മല്ലിക ചേച്ചി (മല്ലിക സുകുമാരന്‍), രഞ്ജിത്ത് ശങ്കര്‍ എന്നിവരും ഉണ്ടായിരുന്നു. പക്ഷേ അവര്‍ നേരത്തെ പോയിരുന്നു. ഞാന്‍ വെളുത്ത ജുബ്ബയൊക്കെയിട്ട് അവിടെയെത്തി. ആദ്യത്തെ വിദേശയാത്രയായിരുന്നു. വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഒരു മദാമ ചോദിച്ചു ‘വൈ ആര്‍ യു ഹിയര്‍’ എന്ന് ചോദിച്ചു. ഞാന്‍ ഷൂട്ടിനാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ ഞെട്ടി. പക്ഷേ പിന്നീട് ഞാന്‍ സിനിമാ ഷൂട്ട് ആണെന്ന് പറഞ്ഞ് മനസ്സിലാക്കി. പിന്നീട് ശരീരം മുഴുവന്‍ പരിശോധിച്ചു. എന്റെ ഇടുപ്പിന്റെ ഭാഗത്ത് എത്തുമ്പോള്‍ ബീപ് സൗണ്ട് കേള്‍ക്കാന്‍ തുടങ്ങി. ഞാന്‍ ചാവി മറന്ന് പോകാതിരിക്കാന്‍ പൂണൂലില്‍ കെട്ടിവെച്ചതായിരുന്നു. അവസാനം എങ്ങനെയൊക്കെയോ രക്ഷപ്പെട്ടു. ശരത് പറഞ്ഞു. ഇതുകേട്ടതോടെ ജഗദീഷ് നടന്‍ മുകേഷിന് പറ്റിയ അമളി ഓര്‍ത്തെടുത്തു. അമേരിക്കന്‍ പര്യടനമായ അക്കരെ അക്കരെ അക്കരെ യില്‍ പോയപ്പോഴാണ് സംഭവം. മുകേഷിന് സ്ഥിരം മറവിയാണ്. എന്തെങ്കിലും കാര്യങ്ങള്‍ റൂമില്‍ മറന്നുവെച്ച് വരും. ഒരു ദിവസം മോഹന്‍ലാല്‍, ശ്രീനിവാസന്‍ എല്ലാവരും മുകേഷിനോട് ഒന്നും മറക്കരുതെന്ന് പ്രത്യേകമായി പറഞ്ഞു. പിറ്റേന്ന് വെളുപ്പിന് തന്നെ ഞങ്ങള്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. 7മണിക്കായിരുന്നു ഫ്‌ലൈറ്റ്. പകുതി വഴിയെത്തിയപ്പോള്‍ മുകേഷ് തന്റെ ഷൂ മറന്നുവെച്ചെന്ന് പറഞ്ഞു. പരിപാടിയുടെ പ്രൊഡ്യൂസറായ സെവന്‍ ആര്‍ട്‌സ് വിജയകുമാര്‍ ‘അത് കുഴപ്പമില്ല മുകേഷേ, വേറെ ഷൂ വാങ്ങിത്തരാമെ’ന്ന് പറഞ്ഞു. മുകേഷ് പറഞ്ഞു ‘അതല്ല വിജയകുമാറേ പ്രശ്‌നം. മറക്കാതിരിക്കാന്‍ വേണ്ടി ഞാനെന്റെ പാസ്‌പോര്‍ട്ട് ഷൂവിനകത്താണ് വെച്ചത്’ എന്ന്. ജഗദീഷ് പറഞ്ഞത് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.

Latest