
കൊച്ചി:കോൺഗ്രസിലെ പോര് തുടരുകയാണ് .കെ സുധാകരനെതിരെ മുൻ നേതാക്കൾ ഒറ്റക്കും കൂട്ടായും രംഗത്ത് എത്തിയിരിക്കയാണ് .അതേസമയം കോണ്‍ഗ്രസ് പുനഃസംഘടന വിഷയത്തില്‍ കെ സുധാകരന്‍ എംപിക്ക് മറുപടിയുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത് വന്നും . സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ പുനഃസംഘടന നടത്തുന്നത് അധാര്‍മ്മികമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. താന്‍ ഇന്നേവരെ ആരോടും വൈരാഗ്യ ബുദ്ധിയോടെ പെരുമാറിയിട്ടില്ല. പരമാവധി മൗനം പാലിക്കാനാണ് ശ്രമിക്കുന്നതെന്നും തന്റെ മൗനം വാചാലമാണന്ന് പൊതു സമൂഹത്തിന് അറിയാമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ അവകാശപ്പെട്ടു.
ഒരുതരത്തിലും താന്‍ സുധാകരനെ വിമര്‍ശിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി രാമചന്ദന്‍ പറഞ്ഞു. അദ്ദേഹം നന്നായി പ്രവര്‍ത്തിക്കണമെന്ന് വിചാരിക്കുന്നതു കൊണ്ടാണ് മൗനം പാലിക്കുന്നത്. പ്രസിഡന്റാകാന്‍ മല്‍സരിക്കുന്ന ആള്‍ തന്നെ സംഘടന തെരഞ്ഞെടുപ്പ് നടത്തുന്നത് വിശ്വാസ്യത തകര്‍ക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.എഐസിസി സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുനഃസംഘടന നിര്‍ത്തിവെക്കണമെന്ന ആവശ്യം കെപിസിസി നേതൃയോഗത്തില്‍ കഴിഞ്ഞ ദിവസം ഉയര്‍ന്നിരുന്നു. പുനഃസംഘടനയോടുള്ള ഭിന്നത വ്യക്തമാക്കി എ, ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഗ്രൂപ്പ് നിര്‍ദേശങ്ങള്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ തള്ളുകയായിരുന്നു.