മൂന്നാറില്‍ സിപിഎം ഏരിയ്യാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കയ്യേറിയത് പത്തേക്കര്‍; സര്‍ക്കാര്‍ ഭൂമിയില്‍ നേതാക്കള്‍ കെട്ടിപ്പൊക്കിയത് വന്‍ കെട്ടിടങ്ങള്‍

തൊടുപുഴ: മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങള്‍ വീണ്ടും ചര്‍ച്ചയാകുമ്പോള്‍ പ്രതികൂട്ടില്‍ വീണ്ടും സിപിഎം. പത്തേക്കറോളം ഭൂമി സിപിഎം നേതാക്കള്‍ കയ്യേറിയെന്ന പുതിയ പരാതിയാണ് ഇപ്പോള്‍ ഉയരുന്നത്. ഭൂമി കയ്യേറി പാര്‍ട്ടി ഗ്രാമമാക്കി മാറ്റിയെന്നാണ് ആരോപണം.

ഇക്കാനഗര്‍ എന്നാണു പാര്‍ട്ടി ഗ്രാമം അറിയപ്പെടുന്നത്. സ്ഥലം പരിശോധനയ്ക്കു റവന്യു ഉദ്യോഗസ്ഥരെത്തിയാല്‍ നേരിടാന്‍ ക്വട്ടേഷന്‍ സംഘങ്ങളെയും രഹസ്യമായി നിയോഗിച്ചു. ദേവികളും സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടറാമിനെ മാറ്റാനുള്ള കളികള്‍ക്ക് പിന്നിലും ഈ ഭൂമി തട്ടിപ്പാണെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊതുമരാമത്തു വകുപ്പിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും സ്ഥലമാണു കയ്യേറിയത്. കോടികള്‍ വിലമതിക്കുന്നതാണ് ഈ ഭൂമി. മുന്‍ ഏരിയാ സെക്രട്ടറിയാണു കയ്യേറ്റത്തിനു വഴികാട്ടിയത്. പിന്നാലെ ലോക്കല്‍ സെക്രട്ടറിയും അണികളും സ്ഥലം കയ്യേറി. ഒടുവില്‍ സ്ഥലം എംഎല്‍എ എസ്.രാജേന്ദ്രനും സര്‍ക്കാര്‍ ഭൂമിയുടെ ‘അവകാശി’യായി മാറി. ഇക്കാനഗറില്‍ സി.പി.എം ഓഫിസിനു പിന്‍ഭാഗത്തു കണ്ണായ പത്തേക്കറോളം ഭൂമി ഇപ്പോള്‍ സി.പി.എം നേതാക്കളുടേതാണ്. 1990 വരെ പൊതുമരാമത്തു വകുപ്പിന്റെ ക്വാര്‍ട്ടേഴ്സുകളും ഓഫിസുകളും സ്ഥിതി ചെയ്തിരുന്നതാണ് ഈ സ്ഥലം

എംഎല്‍എ മുതല്‍ ലോക്കല്‍ സെക്രട്ടറിമാര്‍ വരെയുള്ളവര്‍ രണ്ടും മൂന്നും നില കെട്ടിടങ്ങളാണ് ഇവിടെ പണിതുയര്‍ത്തിയിരിക്കുന്നത്. ചിലര്‍ കയ്യേറിയ ഭൂമി മറിച്ചുവിറ്റു കോടികള്‍ സമ്പാദിച്ചു. ഇത്തരം കയ്യേറ്റങ്ങള്‍ പുറത്തുവരുമെന്നു ഭയന്നാണു റവന്യു വകുപ്പിനെതിരെ ദേവികുളത്തു സി.പി.എം പ്രത്യക്ഷ സമരത്തിന് ഇറങ്ങിയിരിക്കുന്നതെന്നാണ് ആരോപണം. ആക്ഷേപം സജീവമാകുന്നതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും മൂന്നാറിലേക്ക് എത്തുകയാണ്. ചെന്നിത്തല തിങ്കളാഴ്ചയും കുമ്മനം ഞായറാഴ്ചയുമാണ് മൂന്നാറില്‍ എത്തുക. കയ്യേറ്റം ഭരണകക്ഷിയുടെ പിന്തുണയോടെയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. പട്ടയങ്ങള്‍ പരിശോധിക്കാന്‍ പോലും അധികൃതരെ അനുവദിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പേരില്‍ വസ്തു ഇല്ലാതിരുന്നിട്ടും പ്രത്യേക പരിഗണനയെന്ന് കുറിപ്പെഴുതിയാണ് ഫയല്‍ തീര്‍പ്പാക്കിയത്. ഇതിന് തൊട്ടടുത്ത് എംഎല്‍എയുടെ സഹോദരന്‍ കതിരേശനും സി.പി.എം മറയൂര്‍ ഏരിയ സെക്രട്ടറി ലക്ഷ്മണനും വീട് വച്ചു. കൈയേറ്റം ഒഴിപ്പിക്കാനെത്തുന്ന ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യാന്‍ സി.പി.എം നേതാക്കളുടെ നിര്‍ദേശമെന്നാണ് ആരോപണം. രണ്ട് മാസം മുന്‍പ് റവന്യൂ സംഘത്തിന് നേരെ എംഎല്‍എയുടെ ഭാര്യ ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. എംഎല്‍എ ഇല്ലാതിരുന്ന സമയത്തായിരുന്നു അന്നത്തെ നടപടി. പിറ്റേന്ന് അതേ പ്രദേശം വീണ്ടും കൈയേറി. എന്നാല്‍, റവന്യൂ വകുപ്പ് നടപടിയെടുത്തിട്ടില്ല. എംഎല്‍എയും ബന്ധുക്കളും കൈയേറിയ ഭൂമി അളന്നു തിട്ടപ്പെടുത്താന്‍ പോലും അവര്‍ തയാറായില്ല. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ ബിജെപിയും ഇടപെടുന്നത്.

Top