മരുഭൂമിയിൽ മഴ പെയ്യുമ്പോൾ മലയാളികൾ എന്ത് ചെയ്യണം? മുരളി തുമ്മാരുകുടി എഴുതുന്നു

മരുഭൂമിയിൽ മഴ പെയ്യുന്പോൾ മലയാളികൾ എന്ത് ചെയ്യണം?

മുരളി തുമ്മാരുകുടി എഴുതുന്നത്:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1999 മുതൽ നാല് വർഷം ഒമാനിൽ ആയിരുന്നു ജോലി. വേനൽക്കാലത്ത് പൊടിക്കാറ്റ് ഉണ്ടാകുന്പോൾ വിൻഡോ ക്ളീൻ ചെയ്യാനല്ലാതെ കാറിന്റെ വൈപ്പർ ഉപയോഗിച്ച ഓർമ്മയില്ല. മഴ കാണാനായി മസ്കറ്റിലുള്ളവർ സലാല വരെ പോകുന്നതുകണ്ട് അതിശയം വിചാരിച്ചിട്ടുണ്ട്.

കാര്യങ്ങൾ ഇപ്പോൾ ഏറെ മാറി. 2007 ൽ ഗോനു കൊടുങ്കാറ്റ് ഒമാനിൽ വലിയ മഴയും വെള്ളപ്പൊക്കവും, ആൾ നാശവും, അർത്ഥനാശവും ഉണ്ടാക്കി. അതിനുശേഷം ഗൾഫ് രാജ്യങ്ങളിൽ മഴയും വെള്ളപ്പൊക്കവും ഇടക്കിടക്ക് കേൾക്കാറുണ്ട്. ഖത്തർ മുതൽ കുവൈറ്റ് വരെയുള്ള പ്രദേശങ്ങളിൽ നിന്നും ഇപ്പോൾ മഴയുടേയും വെള്ളപ്പൊക്കത്തിന്റെയും വാർത്തകൾ വരുന്നു. മലയാളികൾ ധാരാളമുള്ള സ്ഥലങ്ങളാണ്. അവർ എന്ത് ചെയ്യണം?

1. ‘ഞങ്ങൾ മലയാളികളാണ്, മഴ ഒക്കെ കുറെ കണ്ടിട്ടുണ്ട്, ഓ ഇതൊക്കെ എന്ത്’ എന്ന ഭാവം ആദ്യം ഉപേക്ഷിക്കണം. നാട്ടിലെ മഴയല്ല ഗൾഫിലെ മഴ. അര മണിക്കൂറുകൊണ്ട് പോലും വെള്ളപ്പൊക്കം ഉണ്ടാകും എന്നതിനാൽ മഴയെ അല്പം ബഹുമാനത്തോടെ, വേണമെങ്കിൽ അല്പം പേടിയോടെ കണ്ടോളൂ.

2. നാട്ടിലെ തോട്ടിൽ അരക്കൊപ്പം വെള്ളത്തിൽ മീൻ പിടിക്കാൻ പോയതും കുളത്തിൽ കഴുത്തറ്റം വെള്ളത്തിൽ കുളിക്കാൻ പോയതും ഓർത്ത് ഗൾഫിലെ ‘വാദി’യിലെ (വല്ലപ്പോഴും മാത്രം വെള്ളം ഒഴുകുന്ന വരണ്ട നദികളെയാണ് ഗൾഫിൽ വാദി എന്ന് പറയുന്നത്) വെള്ളത്തെ കാണരുത്. ഒരടി വെളളം മതി നിങ്ങളെ കമഴ്‌ത്തിയടിക്കാൻ, മുങ്ങി മരിക്കാൻ മൂക്ക് മുങ്ങാനുള്ള വെള്ളവും.

3. ഗൾഫിലെ നഗരങ്ങൾ അതിവേഗത്തിലാണ് വളർന്നിരിക്കുന്നത്. നഗരപ്രാന്തങ്ങളിൽ പണ്ട് വാദികൾ ആയിരുന്നിടത്തൊക്കെ വില്ലയും ഫ്ലാറ്റും ഉണ്ടാക്കിയിട്ടുണ്ട്. വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടയുന്നതിനാൽ വെള്ളം റോഡിലൂടെ കയറിവരാറും ഉണ്ട്. സൂക്ഷിക്കുക. അരയടി വെള്ളം ഒഴുകുന്ന റോഡിൽ പോലും വാഹനങ്ങൾ സുരക്ഷിതമല്ല.

4. നാട്ടിലെ നൊസ്റ്റാൾജിയ ഓർത്ത് മഴ വരുന്പോൾ അത് കാണിക്കാനായി കുട്ടികളെയും കൊണ്ട് പുറത്തിറങ്ങരുത്. ഗൾഫിൽ മഴക്കാലത്ത് വലിയ ഇടിമിന്നൽ ഉണ്ടാകാം, ആലിപ്പഴം വീഴുന്നതും അസാധാരണമല്ല. പൊടിക്കാറ്റിൽ നിന്നും എണ്ണ ഉല്പാദിപ്പിക്കുന്നിടത്തു നിന്നുമുള്ള മാലിന്യങ്ങളും മഴയിൽ ഉണ്ടാകാം.

5. മഴ ‘ക്ലാര’യാണ് എന്നോർത്ത് റൊമാന്റിക് ഡ്രൈവിന് പോകരുത്. സാധാരണയിൽ കൂടുതൽ റിസ്ക് ഉള്ള സമയമാണ്, വിസിബിലിറ്റി കുറവ്, ബ്രെക്കിട്ടാൽ വണ്ടി വിചാരിച്ചിടത്ത് നിൽക്കില്ല. അപകടം തുരുതുരെ ഉണ്ടാകുന്ന സമയമായതിനാൽ ആശുപത്രിയിൽ പോയാലും വെയിറ്റ് ചെയേണ്ടി വരും, വേണ്ട…

6. വാഹനം ഓടിക്കുന്ന സമയത്ത് മഴ വന്നാൽ ഹെഡ്‍ലൈറ്റിട്ട് മുൻപിലുള്ള വാഹനങ്ങളുമായി സാധാരണ ഇടുന്ന ഗ്യാപ്പിന്റെ ഇരട്ടിയിട്ട് സാധാരണയിലും കുറഞ്ഞ സ്പീഡിൽ ഓടിക്കുക. നിങ്ങളുടെ വാഹനം രണ്ടു സെക്കൻഡ് കൊണ്ട് ഓടുന്ന ദൂരമാണ് മുൻപിലെ വാഹനവുമായി ഇടേണ്ട ഗ്യാപ്പ്. എഴുപത് കിലോമീറ്റർ വേഗതയിൽ പോകുന്ന വാഹനം മുൻപിലെ വാഹനവുമായി നാല്പത് മീറ്റർ ഗ്യാപ്പെങ്കിലും ഇടണം. മഴ സമയത്ത് ഇരട്ടിയും. റോഡിൽ തിരക്കും മഴയുമുള്ള സമയത്ത് അവിടുത്തെ നിയമം അനുസരിച്ച് ഹസാഡ് ലൈറ്റ് ഇടാം.

7. നിങ്ങളുടെ വീടോ ഫ്ലാറ്റോ ഇരിക്കുന്ന സ്ഥലത്തിന്റെ ഗൂഗിൾ എർത്ത് ഇമേജ് നോക്കിയാൽ അതൊരു വാദി ആണെങ്കിൽ നഗരത്തിന് പുറത്തുള്ള ഭാഗത്തെ ഭൂപ്രകൃതിയിൽ നിന്നും എളുപ്പത്തിൽ അറിയാനാകും. പഴയ വടികളിൽ താമസിക്കുന്നവർ, പ്രത്യേകിച്ചും വില്ലകളിലുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. വീടിനകം മുഴുവൻ വെള്ളം കയറാനോ, വാഹനങ്ങൾ ഒഴുകി പോകാനോ സാധ്യതയുണ്ട്.

8. സർക്കാർ നൽകുന്ന മുന്നറിയിപ്പുകൾ അക്ഷരം പ്രതി പാലിക്കുക. ഇടക്കൊക്കെ മഴയുടെ പ്രവചനം ശരിയായില്ല എന്നതുകൊണ്ട് അതിനെ നിസ്സാരമായി കാണരുത്. വീട് വിട്ട് മാറണമെന്ന് പറഞ്ഞാൽ മടിക്കരുത്. വീടിന് പുറത്തിറങ്ങരുതെന്ന് പറഞ്ഞാൽ ഇറങ്ങരുത്. എല്ലാ സമയവും സർക്കാരിന്റെ മുന്നറിയിപ്പുകൾ ശ്രദ്ധിച്ചു കൊണ്ടിരിക്കുക.

9. നിങ്ങളുടെ അടുത്ത സുഹൃത്തുക്കളുടെ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അതിനെ പരസ്പരം സുരക്ഷക്കായി ഉപയോഗിക്കുക. വില്ലകളിൽ താമസിക്കുന്നവർക്ക് ഫ്ളാറ്റിലേക്കും താഴ്ന്ന സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് ഉയർന്ന സ്ഥലത്തേക്കും മാറാനുള്ള ഓരോ ഓപ്‌ഷൻ കണ്ടുവെക്കുക.

10. ഒരു കാരണവശാലും നാട്ടിലെപ്പോലെ കിട്ടുന്ന വാട്ട്സ്ആപ്പ് മെസ്സേജ് ഒന്നും ഫോർവേഡ് ചെയ്യരുത്. ഗൾഫ് നാടുകളിൽ നിയമങ്ങൾ ശക്തമാണ്. കരക്കന്പികൾ (rumours) പരത്തുന്നവർക്ക് സർക്കാർ ചിലവിൽ കുബൂസ് നൽകും എന്ന് പറഞ്ഞാൽ അവർ നല്കിയിരിക്കും. “വേണ്ട ചേട്ടാ” എന്ന് പറഞ്ഞാൽ അവർ സമ്മതിക്കില്ല.

12. പഴയ കെട്ടിടങ്ങൾ, പോർട്ടാകാബിനുകൾ, ലേബർ ക്യാന്പുകൾ ഇവയിലൊക്കെ താമസിക്കുന്നവർ സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം.

13. ഇടിമിന്നൽ ഉണ്ടെങ്കിൽ ആ സമയത്ത് എടുക്കേണ്ട മുൻകരുതലുകൾ എല്ലാം എടുക്കണം (ഇതിനെ പറ്റിയൊക്കെ മുൻപ് പറഞ്ഞിട്ടുള്ളതിനാൽ വീണ്ടും പറയുന്നില്ല).

14. വലിയ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ടെങ്കിൽ മൂന്നു ദിവസത്തേക്കുള്ള ഭക്ഷണം, വെള്ളം ഇവ കരുതണം. മൊബൈൽ ഫോണും പവർ ബാങ്കും ചാർജ്ജ് ചെയ്ത് വെക്കണം. വീട്ടിൽ കറണ്ടു പോയാൽ ഉടൻ തന്നെ നിങ്ങൾ സുരക്ഷിതരാണെന്ന വിവരം നാട്ടിലും അടുത്ത സുഹൃത്തുക്കളെയും അറിയിച്ചിട്ട് മൊബൈൽ ഫോൺ ഓഫ് ചെയ്ത് വക്കണം. ഗൾഫിൽ പല മുന്നറിയിപ്പുകളും ഫോണിൽ വരുന്നതിനാൽ ഒരു ഫോൺ എങ്കിലും ഓൺ ചെയ്ത് വെച്ചിരിക്കുന്നതും നല്ലതാണ്.

15. നിങ്ങളുടെ വീടിനും, കാറിനും, ആരോഗ്യത്തിനും, ജീവനും നല്ല ഇൻഷുറൻസ് നിർബന്ധമായും വേണം. ആലിപ്പഴം വീണ് കാറിന്റെ ചില്ല് പൊട്ടിപ്പോയാൽ അതിന് യൂറോപ്പിൽ പ്രത്യേക ഇൻഷുറൻസ് ആണ്. ഇതും അന്വേഷിക്കണം.
സുരക്ഷിതരായിരിക്കൂ.

Top