10 വര്‍ഷം മുമ്പ് മരിച്ചുപോയ അച്ഛന്റെ ‘നിര്‍ദേശം’ കൂട്ടമരണത്തിലേക്ക് നയിച്ചു; ലോകാവസാനം വരാന്‍ പോകുന്നുവെന്ന് വിശ്വസിച്ചതും മരണം തെരഞ്ഞെടുക്കാന്‍ കാരണമായി; 11 പേരുടെ മരണത്തിന് പിന്നിലെ ദുരൂഹത പൊലീസ് അഴിച്ചെടുക്കുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബുരാരിയിലെ കൂട്ടമരണത്തിന് കാരണം മരിച്ചവരിലൊരാളായ ലളിത് ഭാട്ടിയയുടെ മിഥ്യാബോധവും അന്ധവിശ്വാസവും ലോകാവസാന ഭീതിയുമെന്ന് സൂചന. അന്ധവിശ്വാസങ്ങളും ഭ്രാന്തമായ ഉന്മാദാവസ്ഥയും ചേര്‍ന്ന മാനസികാവസ്ഥയായിരുന്നു 45കാരനായ ലളിത് ഭാട്ടിയക്കെന്നാണ് പൊലീസ് നിഗമനം. ഇയാള്‍ എഴുതിവച്ചിരുന്ന കുറിപ്പുകളില്‍ നിന്നാണ് പൊലീസ് കൂട്ടമരണത്തിന്റെ ദുരൂഹത അഴിച്ചെടുക്കുന്നത്.

നാരായണീ ദേവി (77), മക്കളായ പ്രതിഭ (57), ഭവ്‌നേഷ് (50), ലളിത് ഭാട്ടിയ (45), ഭവ്‌നേഷിന്റെ ഭാര്യ സവിത (48), മക്കളായ മീനു (23), നീതു (25), ധ്രുവ് (15), ലളിത് ഭാട്ടിയയുടെ ഭാര്യ ടീന (42), മകന്‍ ശിവം(15), പ്രതിഭയുടെ മകള്‍ പ്രിയങ്ക (33) എന്നിവരെയാണു കഴിഞ്ഞ ഞായറാഴ്ച കുടുംബവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലളിതിന്റെ പ്രേരണയിലാണു കുടുംബാംഗങ്ങള്‍ കൂട്ട ആത്മഹത്യയ്ക്കു സമ്മതിച്ചതെന്ന് പൊലീസ് കരുതുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

10 വര്‍ഷം മുമ്പ് മരിച്ചുപോയ അച്ഛന്‍ സ്വപ്‌നത്തിലൂടെ വന്ന് തനിക്ക് നിര്‍ദേശങ്ങള്‍ നല്‍കാറുണ്ടെന്ന് ലളിതിന്റെ കുറിപ്പുകളില്‍ പറയുന്നു. ഈ ‘നിര്‍ദേശങ്ങളാണ് ലളിതിനെ വിചിത്രമായ ആചാരങ്ങളിലേക്കും തുടര്‍ന്ന് സംഭവിച്ച കൂട്ടമരണത്തിലേക്കും നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. കുടുംബസ്വത്ത്, ബിസിനസ്, കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങള്‍ തുടങ്ങിയവയെപ്പറ്റിയെല്ലാം അച്ഛന്‍ സ്വപ്‌നത്തിലെത്തി നിര്‍ദേശം നല്‍കിയിരുന്നെന്നാണ് ലളിതിന്റെ കുറിപ്പുകള്‍. ഇയാളുടെ നേതൃത്വത്തില്‍ ചെയ്തിരുന്ന ആചാരകര്‍മങ്ങളെല്ലാം ‘മരിച്ചുപോയ അച്ഛന്റെ’ നിര്‍ദേശാനുസരണമായിരുന്നു. ഏറെക്കാലം മൗനവ്രതത്തിലായിരുന്ന ലളിത് അടുത്തിടെയാണു വീണ്ടും സംസാരിക്കാന്‍ തുടങ്ങിയത്. അച്ഛന്‍ സ്വപ്‌നദര്‍ശനം നല്‍കുന്നതിനെ കുറിച്ച് മാത്രമായിരുന്നു ലളിത് സംസാരിച്ചിരുന്നത്.

2015 മുതലാണ് ലളിത് ഇത്തരം കുറിപ്പുകള്‍ എഴുതി തുടങ്ങിയത്. അമ്പതോളം പേജുകളുണ്ട്. ഡയറിയെഴുത്തുപോലെ, തീയതി വച്ചുള്ള കുറിപ്പുകള്‍. തീവ്രമായ എഴുത്തുകള്‍ ആരംഭിച്ചത് ജനുവരി മുതലാണ്. ഏറ്റവും ഒടുവിലത്തെ കുറിപ്പിലെ തീയതി ജൂണ്‍ 25. ആല്‍മരത്തെ, അതിന്റെ താങ്ങുവേരുകളെ പൂജിക്കുന്നതിനെപ്പറ്റി ദീര്‍ഘമായി എഴുതിയിട്ടുണ്ട്. ആലിനെയും താങ്ങുവേരുകളെയും ഓര്‍മിപ്പിക്കുന്ന രീതിയിലാണ് മേല്‍ക്കൂരയില്‍ പിടിപ്പിച്ച ഇരുമ്പ് ഗ്രില്ലില്‍നിന്നു 10 മൃതദേഹങ്ങള്‍ തൂങ്ങിക്കിടന്നത്.

കണ്ണു മൂടിക്കെട്ടിയും കൈകാലുകള്‍ ബന്ധിച്ചും ചെവിയില്‍ പഞ്ഞി തിരുകിയും റിഹേഴ്‌സല്‍ നടത്തിയിരുന്നതിന്റെ സൂചനകളും ഈ കുറിപ്പുകളിലുണ്ട്.’ചിന്തിക്കുക, ഭയക്കാതിരിക്കുക’ എന്നൊക്കെ എഴുതിയിരുന്നു. ഈ കുറിപ്പുകളില്‍നിന്ന് ലളിതിന്റെ മാനസികവ്യാപാരങ്ങളെ കുറിച്ച് അറിയാനായി മാനസികരോഗ ചികിത്സാവിദഗ്ധരെ സമീപിക്കാനാണു പൊലീസിന്റെ തീരുമാനം.

ലളിതിന്റെ ആരോഗ്യത്തെപ്പറ്റി മറ്റൊരാള്‍ എഴുതിയ മട്ടിലുള്ള കുറിപ്പുകളുമുണ്ട്. ‘ലളിതിന്റെ ആരോഗ്യത്തെപ്പറ്റി ആശങ്കവേണ്ട. അവന്റെ പ്രശ്‌നങ്ങള്‍ എന്റെ സന്ദര്‍ശനങ്ങള്‍ മൂലമാണ്. ഞാന്‍ വരുമ്പോള്‍ അവന്‍ സമ്മര്‍ദത്തിലായിരിക്കും’.

”അന്ത്യസമയത്ത് അന്ത്യാഭിലാഷം പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ ആകാശത്തിന്റെ കിളിവാതില്‍ തുറക്കപ്പെടും. ഭൂമി കുലുങ്ങും. പക്ഷേ ഭയപ്പെടാതെ മന്ത്രോച്ചാരണങ്ങള്‍ ഉരുവിട്ടുകൊണ്ടിരിക്കണം. അപ്പോള്‍ ഞാന്‍ വന്ന നിന്നെയും മറ്റുള്ളവരെയും മുകളിലേക്ക് കൊണ്ടുപോകും”. പിതാവ് നല്‍കിയ സന്ദേശമായി രേഖപ്പെടുത്തിയ ലളിത് ഭാട്ടിയയുടെ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.അന്ധവിശ്വാസികളായിരുന്ന കുടുംബം ലോകാവസാനം വരുമെന്നും വിശ്വസിച്ചു.

മുതിര്‍ന്നവരുടെ കാലു തൊട്ടുവന്ദിച്ചായിരുന്നു ഇവര്‍ ദിവസങ്ങള്‍ തുടങ്ങിയിരുന്നതെന്നു കുടുംബസുഹൃത്തായ അലി പറയുന്നു. കടുത്ത മതവിശ്വാസികള്‍ എന്നതിനപ്പുറം അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ല. ഒരു നേരമെങ്കിലും ഒരുമിച്ചു ഭക്ഷണം കഴിക്കും. ദിവസം മൂന്നു നേരവും പ്രാര്‍ഥിക്കും. ക്രിസ്ത്യന്‍ പള്ളികളിലും മോസ്‌കുകളിലും ഗുരുദ്വാരകളിലും പോകുന്നതിനും മടിച്ചിരുന്നില്ല. പണമുണ്ടെങ്കിലും സ്വന്തമായി വാഹനങ്ങളില്ല. മോട്ടോര്‍ സൈക്കിള്‍ വാങ്ങുന്നതില്‍നിന്നു തന്നെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. നേരത്തേ വീട്ടില്‍ ഷിര്‍ദി സായി ബാബയുടെ വലിയ ചിത്രമുണ്ടായിരുന്നു. വലിയ പൂജാമുറി വീട് പുതുക്കിപ്പണിതപ്പോള്‍ ചെറുതാക്കി. എന്നാല്‍ അതില്‍ ദൈവങ്ങളുടെ ചിത്രങ്ങളോ പ്രതിമകളോ ഉണ്ടായിരുന്നില്ലെന്നും അലി ഓര്‍മിക്കുന്നു.

Top