ഭാര്യയെ കൊലപ്പെടുത്തി കൊടുംകാട്ടിൽ തള്ളി; മകനൊപ്പം കൂട്ടു നിന്ന അമ്മയും അറസ്റ്റിൽ

 

ക്രൈം ഡെസ്‌ക്

ചങ്ങനാശേരി: ഇത്തിത്താനം പൊൻപുഴ പ്രഭാനിലയത്തിൽ അഞ്ജലി (മോളമ്മ31) കൊല്ലപ്പെട്ട സംഭവത്തിൽ ഭർതൃമാതാവ് പ്രഭാവതി (62)യെ പോലീസ് അറസ്റ്റുചെയ്തു. മകൾക്കൊപ്പം അമേരിക്കയിലായിരുന്ന പ്രഭാവതി നാട്ടിലെത്തിയ ഉടനെ പോലീസ് സംഘം അറസ്റ്റുചെയ്യുകയായിരുന്നു.
ഈ കേസിലെ രണ്ടാം പ്രതിയാണ് പ്രഭാവതി. കൂടുതൽ ചോദ്യംചെയ്യുന്നതിനായി പ്രഭാവതിയെ ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങും. കേസിലെ ഒന്നാം പ്രതി അഞ്ജലിയുടെ ഭർത്താവ് പ്രദീപ്കുമാറി(39)നെ 2013 സെപ്റ്റംബർ 13നും മൂന്നാംപ്രതി പ്രദീപിന്റെ പിതാവ് ഗോപി(65)യെ അഞ്ചുമാസം മുൻപും അറസ്റ്റുചെയ്തിരുന്നു. ഇവരിരുവരും ഇപ്പോൾ ജാമ്യത്തിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഞ്ജലിയെ പ്രദീപ് കൊലപ്പെടുത്തിയ വിവരം മറച്ചുവച്ച് അഞ്ജലി പുറപ്പെട്ടുപോയെന്ന് മൊഴി നൽകി കേസ് വഴിതെറ്റിച്ചുവെന്നാണ് പ്രഭാവതിക്കെതിരേയുള്ള കേസ്. പ്രദീപ് അഞ്ജലിയെ വിവാഹംചെയ്ത ശേഷം അർച്ചന, സിനി എന്നീ രണ്ടു യുവതികളെക്കൂടി വിവാഹംകഴിച്ചിരുന്നു. ഈ വിവാഹങ്ങൾക്ക് പിതാവ് ഗോപിയും മാതാവ് പ്രഭാവതിയും സാക്ഷികളായിരുന്നുവെന്നു പോലീസ് പറയുന്നു.

പ്രഭാവതിയുടെ മൊഴിയെത്തുടർന്ന് പ്രദീപിന്റെ രണ്ടാംഭാര്യ അർച്ചനയെ പോലീസ് ചോദ്യംചെയ്ത് നിരീക്ഷിച്ചുവരികയാണ്. അഞ്ജലി മരിക്കുന്നതിനു മുൻപുതന്നെ പ്രദീപ് അർച്ചനയുമായി സൗഹൃദം പുലർത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ബൈക്കപകടത്തെത്തുടർന്ന് പരിക്കേറ്റ് അബോധാവസ്ഥയിൽ തളർന്നുകഴിഞ്ഞിരുന്ന അഞ്ജലിയെ ഭർത്താവ് പ്രദീപ് മയക്കുമരുന്നു നൽകി കാറിൽ കയറ്റി വാഗമണിലെ കാരിക്കോട് ടോപ്പിൽനിന്ന് അറുന്നൂറിലധികം അടി താഴ്ചയുള്ള കൊക്കയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്. 2009 ഒക്‌ടോബർ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതുമൂലമാണ് വിവരം പുറത്തു പറയാതിരുന്നതെന്ന് അറസ്റ്റിലായ പ്രഭാവതി പോലീസിന് മൊഴി നൽകി.

കാരിക്കോട് ടോപ്പിലെ കൊക്കയിൽനിന്ന് പോലീസ് കണ്ടെടുത്ത അഞ്ജലിയുടേതെന്നു കരുതുന്ന അസ്ഥികളും തലയോട്ടിയും ഹൈദരാബാദിലെ ഫൊറൻസിക് ലാബിൽ ഡിഎൻഎ പരിശോധന നടത്തിയിരുന്നു. എന്നാൽ ഈ അസ്ഥികളും തലയോട്ടിയും മണ്ണിൽ പുതഞ്ഞുകിടന്നിരുന്നതിനാൽ ഇവയിൽനിന്ന് വ്യക്തമായ പരിശോധനാഫലം ലഭിച്ചിട്ടില്ല. ഡിഎൻഎ പരിശോധനാഫലം കഴിഞ്ഞയാഴ്ച ചങ്ങനാശേരി സിഐക്ക് ലഭിച്ചു.

ബന്ധുക്കളുടെ പരാതിയെത്തുടർന്ന് ആദ്യം ചിങ്ങവനം പോലീസ് അന്വേഷിച്ച് തെളിവില്ല എന്ന് എഴുതിത്തള്ളിയ കേസ് പിന്നീട് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിൽ പുനരന്വേഷണം നടത്തിയാണ് അഞ്ജലിയുടെ തിരോധാനം കൊലപാതകമാണെന്ന നിഗമനത്തിലെത്തിയത്. ചങ്ങനാശേരി ഡിവൈഎസ്പി ആയിരുന്ന കെ.രാജീവ്, സിഐ വി.എ.നിഷാദ്‌മോൻ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് പുനരന്വേഷിച്ചത്. ഇപ്പോൾ ഡിവൈഎസ്പി കെ.ശ്രീകുമാർ, സിഐ സഖറിയ മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ചിങ്ങവനം എസ്‌ഐ എം.എസ്.ഷിബു, എഎസ്‌ഐമാരായ കെ.കെ.റെജി, രമേഷ്ബാബു എന്നിവരടങ്ങുന്ന സംഘമാണ് പ്രഭാവതിയെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രഭാവതിയെ റിമാൻഡ് ചെയ്തു. കേസ് സംബന്ധിച്ചുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിനായി പൂർത്തിയായിവരികയാണ്.

അഞ്ജലിയെ വാഗമണിലെ കൊക്കയിൽ തള്ളിയെന്ന പ്രദീപ്കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ചങ്ങനാശേരി പോലീസ് വാഗമണിൽ എത്തി നാട്ടുകാരുടെ സഹായത്തോടെ മൂന്നുതവണ തെരച്ചിൽ നടത്തിയാണ് അഞ്ജലിയുടേതെന്നു സംശയിക്കുന്ന അസ്ഥികൾ കണ്ടെടുത്തത്.

 

Top