ഇന്ത്യന്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന മതസ്വാതന്ത്ര്യം

ന്ത്യന്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന മതസ്വാതന്ത്ര്യത്തിന്റെ പ്രത്യക്ഷ സാക്ഷ്യമാണ് മുസ്‌ലിം വ്യക്തിനിയമം. ആരാധനാ സ്വാതന്ത്ര്യത്തിനുപരി വിവാഹം, വിവാഹ മോചനം, ദായധനം, വഖ്ഫ് എന്നീ കാര്യങ്ങളില്‍ ഇസ്‌ലാമിക ശരീഅത്തനുസരിച്ച് വിധിതേടാന്‍ ഭരണഘടന നല്‍കുന്ന അവകാശം വളരെ പ്രധാനമാണ്. എല്ലാ മതാനുയായികള്‍ക്കും സ്വന്തം വിശ്വാസമനുസരിച്ച് മതപരമായ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ അവസരം അനുവദിക്കുന്നു എന്നതാണ് ഇന്ത്യന്‍ സെക്യുലറിസത്തിന്റെ സവിശേഷത. വ്യക്തി നിയമം അനുവദിക്കാത്ത രാഷ്ട്രങ്ങളില്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ നിരവധിയാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അടിസ്ഥാനാവകാശങ്ങളില്‍ മതവിശ്വാസവും മതാനുഷ്ഠാനവും ഉള്‍പ്പെട്ടിരിക്കുന്നു.

വിശ്വാസം പോലെ പ്രധാനമാണ് മുസ്‌ലിംകള്‍ക്ക് ആരാധനാ കര്‍മങ്ങളും. വിശ്വാസത്തിന്റെ പ്രതിഫലനമായ അനുഷ്ഠാനങ്ങളില്‍ വീഴ്ച വരുത്തുന്നത് വിശ്വാസരാഹിത്യത്തിന്റെ അടയാളമാണ്. വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു കല്‍പിച്ച കാര്യങ്ങള്‍ പൂര്‍ണ മനസ്സോടെ അനുസരിക്കാന്‍ വിശ്വാസി ബാധ്യസ്ഥനാണ് (വി.ഖു. 33:36). ഇതിനുള്ള അവസരമാണ് ഇന്ത്യന്‍ ഭരണഘടന മുസ്‌ലിംകള്‍ക്ക് അനുവദിച്ചിട്ടുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനത്തില്‍ കര്‍മ ശാസ്ത്ര നിയമങ്ങളുടെ ക്രോഡീകരണമാണ് മുസ്‌ലിം വ്യക്തിനിയമം. നാലു അടിസ്ഥാന പ്രമാണങ്ങളെ അവലംബമാക്കിയാണിത്. വിശുദ്ധ ഖുര്‍ആന്‍, പ്രവാചക ചര്യ, മതപണ്ഡിതരുടെ ഏകകണ്ഠമായ അഭിപ്രായം, ഖുര്‍ആനും നബിചര്യയും പഠിപ്പിച്ച തത്വങ്ങളുടെ വെളിച്ചത്തില്‍ നിര്‍ധാരണം ചെയ്ത നിയമങ്ങള്‍ എന്നിവയാണ് ആ നാലു പ്രമാണങ്ങള്‍. അറബിയില്‍ ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നിങ്ങനെയാണവ വിവക്ഷിച്ചിരിക്കുന്നത്.

ഈ നാലു പ്രമാണങ്ങള്‍ നേര്‍ക്കുനേരെ ഉപയോഗിക്കുന്നതിനു പകരം, പ്രഗത്ഭരായ പൂര്‍വികര്‍ അവ മുമ്പില്‍ വെച്ച് ഗവേഷണം ചെയ്ത് എത്തിച്ചേര്‍ന്ന അഭിപ്രായങ്ങളെയാണ് വ്യക്തി നിയമ ക്രോഡീകരണത്തിന് അവലംബമാക്കിയിരിക്കുന്നത്. ഇതിനു പറയുന്ന ന്യായം ഹിജ്‌റ ആറാം നൂറ്റാണ്ടിനു മുമ്പുള്ള പണ്ഡിതന്മാരിലേ ഗവേഷകര്‍ക്ക് വേണ്ട യോഗ്യതകള്‍ പൂര്‍ത്തിയായിട്ടുള്ളൂ എന്നതാണ്. അതിനാല്‍ അവരുടെ ഗവേഷണപഠനങ്ങള്‍ ശേഖരിച്ച് പിന്തുടരുകയാണ് പില്‍ക്കാലത്ത് വന്ന പണ്ഡിതന്മാര്‍ ചെയ്യേണ്ടത് എന്ന ധാരണയും വ്യാപകമായി നിലനില്‍ക്കുന്നു.

നാലു കര്‍മശാസ്ത്ര ചിന്താധാരകളാണ് മുസ്‌ലിം ഭൂരിപക്ഷം അംഗീകരിക്കുന്നത്. ഇമാം മാലിക്, ഇമാം അബൂഹനീഫ, ഇമാം ശാഫിഈ, ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍ എന്നീ നാലു പണ്ഡിതന്മാരുടെ ഗവേഷണ ചിന്തകളാണ് ഇതിന്നവലംബം. ഇവയുടെ അടിസ്ഥാനത്തിലാണ് കോളനി വാഴ്ചക്കു കീഴിലുള്ള രാഷ്ട്രങ്ങളില്‍ മുസ്‌ലിം വ്യക്തിനിയമം രൂപപ്പെടുത്തിയിട്ടുള്ളത്. മുസ്‌ലിംകളില്‍ ന്യൂനപക്ഷമായ ശീഇകള്‍ക്ക് ജഅ്ഫരി ചിന്താധാര അവലംബമാക്കിയുള്ള നിയമാവലി സ്വീകരിക്കാനും അനുവാദം നല്‍കിയിരിക്കുന്നു.

ഇമാം അബൂഹനീഫയുടെ മദ്ഹബ് അംഗീകരിച്ചവരാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മുസ്‌ലിംകളില്‍ ഭൂരിപക്ഷം. ഹനഫീ മദ്ഹബിലെ പ്രാമാണിക കര്‍മശാസ്ത്രഗ്രന്ഥമായ ‘ഹിദായ’ അവലംബമാക്കിയാണ് നിയമങ്ങള്‍ ക്രോഡീകരിച്ചിരിക്കുന്നത്. അതോടൊപ്പം മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ നിര്‍ദേശപ്രകാരം തയ്യാറാക്കിയ ഫതാവ ആലംഗീര്‍ എന്ന ഗ്രന്ഥത്തെയും ആധാരമാക്കുന്നുണ്ട്. ഹനഫീ മദ്ഹബിന്റെ അടിസ്ഥാനത്തിലുള്ള വ്യക്തി നിയമങ്ങളുടെ സ്രോതസ്സ് ഈ രണ്ട് ബൃഹത് ഗ്രന്ഥങ്ങളാണ്. ശാഫിഈ മദ്ഹബിന്റെ അനുയായികള്‍ക്ക് അവരുടെ വിശ്വാസമനുസരിച്ച് വിധി ലഭിക്കാനുള്ള സംവിധാനവുമുണ്ട്.

വീക്ഷണ വൈവിധ്യം

വ്യക്തിനിയമത്തിന് അവലംബമായി മാറിയ ഗ്രന്ഥങ്ങളില്‍ രേഖപ്പെട്ടുകിടക്കുന്ന അഭിപ്രായങ്ങള്‍ പൂര്‍വികരുടെ ഗവേഷണഫലമാണ്. പൂര്‍വികരെ ആദരിക്കുകയും അവരുടെ പാണ്ഡിത്യത്തെ അംഗീകരിക്കുകയും വേണമെന്നതില്‍ രണ്ടു പക്ഷമില്ല. എന്നാല്‍ ഹിജ്‌റ ആറാം നൂറ്റാണ്ടിനു ശേഷം ഗവേഷണം തുടരാന്‍ പാടില്ല എന്ന വാദം അംഗീകരിക്കാനാവില്ല. പില്‍ക്കാല പണ്ഡിതന്മാരില്‍ ഒരാള്‍ക്കും ഗവേഷണ യോഗ്യതയില്ല എന്ന  ചിന്തയും ശരിയല്ല.

മാനവകുലത്തിന് ലോകാവസാനം വരെ വഴികാട്ടിയായി വിശുദ്ധ ഖുര്‍ആന്‍ നിലനില്‍ക്കുമെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. അതിനാല്‍ പുതിയ പുതിയ പ്രശ്‌നങ്ങളില്‍ ഓരോ കാലത്തും ഗവേഷണം നടക്കേണ്ടതുണ്ട്. ഗവേഷകരായ പണ്ഡിതന്മാര്‍ എല്ലാ കാലത്തും ഉണ്ടാകേണ്ടതുണ്ട്. ”ഓരോ നൂറ്റാണ്ടിലും മതത്തിന്റെ നവോത്ഥാനത്തിനു വേണ്ടി അല്ലാഹു നവോത്ഥാന നായകന്മാരെ നിയോഗിക്കും” (ബൈഹഖി, അബൂദാവൂദ്, ഹാകിം, ദൈലമി) എന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്. ഈ പരിഷ്‌കര്‍ത്താക്കള്‍ക്ക് ഖുര്‍ആനും സുന്നത്തും അവലംബമാക്കി ഗവേഷണം നടത്താന്‍ സാധിക്കണം. അവര്‍ പൂര്‍വികര്‍ രചിച്ച ഗ്രന്ഥങ്ങളെ മാത്രം അവലംബമാക്കിയാല്‍ മതിയാവില്ല.

ഇജ്തിഹാദ് (ഗവേഷണം) നിലച്ചിട്ടില്ല. അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു.കഴിഞ്ഞ നൂറ്റാണ്ടുകളില്‍ പല പുതിയപ്രശ്‌നങ്ങളുമുണ്ടായി. അവയുടെ പരിഹാരങ്ങള്‍ ഗവേഷണത്തിലൂടെ കണ്ടെത്തിയത് നിഷേധിക്കാനാവില്ല.

മതനിയമങ്ങളില്‍ സാഹചര്യമനുസരിച്ച് മാറ്റം വന്നതിന്റെ ഉദാഹരണങ്ങള്‍ നബി(സ)യുടെ കാലത്ത് തന്നെ കാണാവുന്നതാണ്. പട്ടാളക്കാര്‍ക്കനുവദിച്ച താല്‍ക്കാലിക വിവാഹം നബി(സ) പൂര്‍ണമായും നിര്‍ത്തലാക്കി. വളര്‍ത്തു കഴുതയുടെ മാംസം ഭുജിക്കുന്നത് ഖൈബര്‍ യുദ്ധകാലത്ത് നിരോധിച്ചുള്ള പോലെ ധാരാളം സംഭവങ്ങളുണ്ട്.

പുതിയ സാഹചര്യം പഠിച്ച് അനുയോജ്യമായ നിയമങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ നിന്നും തിരുസുന്നത്തില്‍ നിന്നും കണ്ടെത്താനുള്ള പരിശ്രമങ്ങള്‍ തുടരണം. നാലു ചിന്താധാരകള്‍ക്കപ്പുറം ഒന്നും ആലോചിക്കരുതെന്ന് ശഠിക്കാന്‍ ന്യായമില്ല. ഇന്ന് മിക്ക മുസ്‌ലിം രാജ്യങ്ങളിലും പണ്ഡിതസഭകളുണ്ട്. സമുദായം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം കാണുകയാണ് ആ സഭകളുടെ ദൗത്യം. അവര്‍ ഗവേഷണം ചെയ്ത് കണ്ടെത്തുന്ന അഭിപ്രായങ്ങള്‍ പരിശോധിച്ച് നിയമങ്ങള്‍ ക്രോഡീകരിക്കുന്ന സംവിധാനമുണ്ട്.

ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ പൊതു പ്രാതിനിധ്യമുള്ള പണ്ഡിതസഭയാണ് ഇന്റര്‍ നാഷനല്‍ ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി (മജ്മഉല്‍ ഫിഖ്ഹില്‍ ഇസ്സ്‌ലാമിയുദ്ദൗലി). 1981 ല്‍ മക്ക ആസ്ഥാനമായി സ്ഥാപിതമായ ആ പണ്ഡിത സഭയില്‍ നിന്ന് അനേകം ഗവേഷണ പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആ പഠനങ്ങളെ ആഗോളതലത്തില്‍ മുസ്‌ലിംലോകം അംഗീകരിക്കുന്നു. ഇന്ത്യയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സഭയാണ് ‘ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി ഇന്ത്യ’. ഇസ്‌ലാമിക ശരീഅത്ത് അയവില്ലാതെ വളര്‍ച്ച മുട്ടിനില്‍ക്കുകയല്ല. കാലത്തിന്റെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ കാലത്തോടൊപ്പം വളരുന്ന നിയമവ്യവസ്ഥയാണത്. അതിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ മാറ്റങ്ങള്‍ക്ക് വിധേയമല്ല. അവയുടെ വെളിച്ചത്തില്‍ കാലോചിതമായി വ്യാഖ്യാനങ്ങള്‍ ഉണ്ടാവണം.

ഈ വസ്തുതകളുടെ വെളിച്ചത്തില്‍, ചില വിഷയങ്ങളില്‍ മദ്ഹബുകളുടെ അടഞ്ഞ കവാടങ്ങള്‍ക്കപ്പുറം, ഇസ്‌ലാമിന്റെ ചൈതന്യത്തിനും, വിശുദ്ധ ഖുര്‍ആനിന്റെയും തിരുചര്യയുടെയും ശിക്ഷണങ്ങള്‍ക്കും അനുയോജ്യമായ ചില മാറ്റങ്ങള്‍ ആവശ്യമായി വരാം. ഇതില്‍ പ്രധാനമാണ് വൈവാഹിക പ്രശ്‌നങ്ങള്‍.

മുസ്‌ലിം സമുദായത്തില്‍ ദൈവ ഭയവും മതഭക്തിയും കുറഞ്ഞു വരികയും ഭൗതിക താല്‍പര്യങ്ങള്‍ വര്‍ധിക്കുകയും ചെയ്തപ്പോള്‍ നിലവിലുള്ള വ്യക്തിനിയമത്തിന്റെ പഴുതുപയോഗിച്ച് അനേകം അനാശാസ്യ പ്രവണതകള്‍ തലപൊക്കി. ഇസ്‌ലാം നിരോധിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്ത കാര്യങ്ങള്‍ സമൂഹത്തില്‍ പ്രചരിച്ചു. നിയമപുസ്തകങ്ങളില്‍ പേരെടുത്ത് പറയാത്തതിനാല്‍ അത്തരം കുറ്റക്കാര്‍ നിയമത്തിന്റെ മുമ്പില്‍ നിന്ന് രക്ഷപ്പെട്ടു. അതെല്ലാം ഇസ്‌ലാം അനുവദിക്കുന്നുവെന്നാണ് പൊതുധാരണ. വസ്ത്രം മാറുന്ന ലാഘവത്തോടെ മാറി മാറി വിവാഹം കഴിക്കുന്ന ചിലരുണ്ട്. ഇത് ചെയ്യുന്ന പുരുഷന്മാരെയും സ്ത്രീകളെയും അല്ലാഹു വെറുക്കുന്നുവെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചിട്ടുള്ളത്. മറ്റൊരു തിരുവചനത്തില്‍, ‘മാറി മാറി വിവാഹം കഴിച്ച് ധാരാളം ത്വലാഖ് ചൊല്ലുന്ന പുരുഷന്‍ ശപിക്കപ്പെട്ടവനാണ്’ എന്നു കാണാം. ഒരു യഥാര്‍ഥ വിശ്വാസി അല്ലാഹു വെറുക്കുന്നതോ, അവന്റെ ശാപത്തിനു കാരണമാകുന്നതോ ആയ ഒരു കാര്യവും ചെയ്യുകയില്ല. സമുദായത്തിന് ഇത്തരക്കാര്‍ തങ്ങളുടെ ചെയ്തിമൂലം ചീത്തപ്പേര് വരുത്തിവെക്കുകയാണ്. അനാവശ്യമായി ബഹുഭാര്യാത്വം സ്വീകരിക്കുക, ഭാര്യമാരുടെയും സന്താനങ്ങളുടെയും സംരക്ഷണത്തില്‍ വീഴ്ച വരുത്തുക, ഭാര്യമാരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുക, ഭാര്യയോടുള്ള കോപം ഒറ്റയടിക്ക് മൂന്ന് തലാഖും ചൊല്ലുന്നത്ര കഠിനമാവുക എന്നതെല്ലാം ഇസ്‌ലാം നിരോധിച്ച കാര്യങ്ങളാണ്.

നിവൃത്തികേട് കൊണ്ട് എല്ലാം സഹിച്ച് തീ തിന്ന് ജീവിക്കുന്ന മുസ്‌ലിം സ്ത്രീ വല്ലപ്പോഴും ധൈര്യമവലംബിച്ച് കോടതിയില്‍ നീതി തേടിച്ചെന്നാല്‍, വ്യക്തിനിയമത്തിന്റെ വെളിച്ചത്തില്‍ പ്രതിഭാഗം വക്കീല്‍ നിരത്തുന്ന ന്യായങ്ങള്‍ക്കു മുമ്പില്‍ ന്യായാധിപന്‍ നിസ്സഹായനായി മാറുന്നു. ഇത്തരം സന്ദര്‍ഭങ്ങളിലാണ് സമുദായത്തിലെ പണ്ഡിതന്മാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത്. സ്ത്രീയെ പീഡിപ്പിക്കാന്‍ ദുരുപയോഗപ്പെടുത്താറുളള നിയമത്തിലെ ഇത്തരം പഴുതുകള്‍ കൊട്ടിയടക്കണം. ഇസ്‌ലാം ‘അനുവദിച്ചിരിക്കുന്നു’ എന്ന വാദത്തോടെ മുസ്‌ലിം സ്ത്രീയെ പീഡിപ്പിക്കാനും, നൊമ്പരപ്പെടുത്താനും ഒരു കാരണവശാലും അനുവദിച്ചുകൂടാ.

ചരിത്രത്തില്‍ സ്ത്രീ പീഡനം അതിന്റെ പാരമ്യത്തിലെത്തിയ കാലത്ത്, സ്വന്തം രക്തത്തില്‍ പിറന്ന പെണ്‍കുഞ്ഞിനെ കുഴിച്ചുമൂടിയ അറേബ്യയില്‍ അവളെ മോചിപ്പിച്ച് സ്വത്തവകാശവും, ആത്മീയോന്നതിയും, അഭിപ്രായ സ്വാതന്ത്ര്യവും, സമാദരണീയ സ്ഥാനവും, ഭരണാധികാരിയെപ്പോലും പരസ്യമായി തിരുത്താനുള്ള ആര്‍ജ്ജവവും  ഉണ്ടാക്കിക്കൊടുത്ത ഇസ്‌ലാമിന്റെ അനുയായികള്‍ സ്ത്രീ പീഡനത്തിലേക്ക് തിരിച്ചു പോയിക്കൂടാ. നിയമത്തില്‍ ഇതിനു സഹായകമായ വല്ല പഴുതുമുണ്ടെങ്കില്‍ അത് പരിശോധിച്ച് പരിഷ്‌കരിക്കേണ്ട ബാധ്യത ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്മാര്‍ ഏറ്റെടുക്കണം.

വിവാഹം ഇസ്‌ലാമില്‍

ഇസ്‌ലാം വളരെ പ്രാധാന്യത്തോടെ നിഷ്‌കര്‍ഷിച്ച കര്‍മമാണ് വിവാഹം. സദാചാര നിഷ്ഠ, ധര്‍മബോധം, ലൈംഗിക അച്ചടക്കം, ഭദ്രമായ കുടുംബ സംവിധാനം തുടങ്ങി അനേകം സുപ്രധാന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ വിവാഹം അനിവാര്യമാണ്. ധര്‍മ നിഷ്ഠയുടെ പാതി വിവാഹത്തിലൂടെ പ്രാപിക്കാനാവുമെന്നാണ് നബി(സ) പഠിപ്പിച്ചിട്ടുള്ളത്. അവിടുന്ന് അരുള്‍ ചെയ്തു: ”വിവാഹം കഴിക്കുന്നവന്‍ ഈമാനിന്റെ പാതി ഭാഗം നേടി. അതിനാല്‍ ശേഷിച്ച പാതിയില്‍ അവന്‍ അല്ലാഹുവിനെ ഭയന്ന് സൂക്ഷ്മതയോടെ ജീവിക്കട്ടെ” (സ്വഹീഹുസ്സുന്ന).

ജൈവശാസ്ത്രപരമായ ഒരാവശ്യമാണ് വിവാഹം. ഇണചേരല്‍ മനസ്സിനും ശരീരത്തിനും ആശ്വാസമേകുന്നു. ഹോര്‍മോണ്‍ ക്രമീകരണത്തിലൂടെ ശരീരാരോഗ്യവും പ്രവര്‍ത്തനക്ഷമതയും വര്‍ധിക്കുന്നു. ഇണയുടെ സാന്നിധ്യം മാനസിക സംഘര്‍ഷങ്ങള്‍ തരണം ചെയ്യാന്‍ സഹായകമാവുന്നു. ഇതെല്ലാം സൂചിപ്പിച്ചുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു: ” അല്ലാഹു നിങ്ങളുടെ വര്‍ഗത്തില്‍ നിന്ന് തന്നെ നിങ്ങള്‍ക്കിണകളെ സൃഷ്ടിച്ചു തന്നു; അവരിലൂടെ ശാന്തി നേടാന്‍. നിങ്ങള്‍ക്കിടയില്‍ അനുരാഗവും കാരുണ്യവുമുണ്ടാക്കി. ഇതെല്ലാം അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെടുന്നു. വിചാര ശാലികള്‍ക്ക് ഇതില്‍ നിരവധി തെളിവുകളുണ്ട്, സംശയമില്ല” (30:21).

വിവാഹം തീരുമാനിക്കുന്നതില്‍ സ്ത്രീക്കും പുരുഷനും തുല്യാവകാശമുണ്ട്. കന്യകയാണെങ്കില്‍ മൗനം സമ്മതമായി കണക്കാക്കാം. അഭിപ്രായ രൂപീകരണത്തിനുള്ള പ്രായവും തന്റേടവും സ്ത്രീക്കുണ്ടായ ശേഷമാണെങ്കില്‍ അവളുടെ പൂര്‍ണ സമ്മതത്തോടുകൂടിയാണ് വിവാഹം നടക്കേണ്ടത്. ജീവിതകാലം മുഴുവന്‍ ഒരാളുടെ കൂടെക്കഴിയാനാണ് അവള്‍ ഇറങ്ങിത്തിരിക്കുന്നത്. അതിനാല്‍ അസ്വസ്ഥമായ മനസ്സോടെയാവരുത് സ്ത്രീ വിവാഹത്തിനൊരുങ്ങേണ്ടത്.

സ്ത്രീക്ക് അഭിപ്രായം പറയാന്‍ അവസരം നല്‍കാതിരുന്ന ഒരു സമൂഹത്തിലാണ് നബി (സ) ഈ പരിഷ്‌കരണം നടപ്പാക്കിയത്. ഇണയെ തെരഞ്ഞെടുക്കുമ്പോള്‍ സമ്പത്ത്, സൗന്ദര്യം, തറവാട്, മതനിഷ്ഠ എന്നിവയെല്ലാം പരിഗണനക്ക് വരാറുണ്ട്. ഇതില്‍ മതനിഷ്ഠയും ധര്‍മബോധവുമാണ് അവലംബമാക്കേണ്ടത്. അതിലാണ് ഐശ്വര്യം എന്ന് പ്രവാചകന്‍ പഠിപ്പിച്ചിരിക്കുന്നു (ബുഖാരി, മുസ്‌ലിം). സമൂഹത്തില്‍ ധര്‍മബോധം വളര്‍ത്താനും, നിലനിര്‍ത്താനും അനിവാര്യമാണീ ശിക്ഷണം. മതനിഷ്ഠയുള്ള മാതാവിന്റെ സന്തതികളില്‍ ധര്‍മബോധം ചെറുപ്പത്തിലേ ഊട്ടപ്പെടും. ആദ്യ പാഠശാല മാതാവാണ്. നല്ല പൗരന്മാരെ വളര്‍ത്തിയെടുക്കേണ്ട ബാധ്യത അവര്‍ക്കാണ്. സമൂഹത്തില്‍ കുറ്റവാസനയും അധാര്‍മികതയും വര്‍ധിക്കാന്‍ കാരണം മാതാപിതാക്കളുടെ അശ്രദ്ധയും അജ്ഞതയുമാണ്.

വിവാഹകര്‍മം വളരെ ലളിതമാണ് ഇസ്‌ലാമില്‍. പവിത്രമായ ഒരു കരാറാണ് ഇസ്‌ലാമിലെ വിവാഹം. വധൂവരന്മാരും, വധുവിന്റെ രക്ഷിതാവും, രണ്ടു സാക്ഷികളും ഈ കരാര്‍ പൂര്‍ത്തീകരിക്കാനാവശ്യമാണ്. വധുവിന്റെ പിതാവോ കൈകാര്യകര്‍ത്താവോ കരാര്‍ പ്രഖ്യാപിക്കുന്നു; വരന്‍ അത് സ്വീകരിച്ചതായി പ്രത്യുത്തരം നല്‍കുന്നു. രണ്ടുപേര്‍ ഈ വിവാഹ കരാറിന് സാക്ഷ്യം വഹിക്കുന്നു. ഇതാണ് ഇസ്‌ലാമിലെ വിവാഹ രീതി. ഈ കര്‍മം നടത്തുന്നതിന് മുമ്പ് വധുവിന്റെ സമ്മതം ഉറപ്പുവരുത്തണം. വിവാഹ മൂല്യമായി നല്‍കുന്നതെന്തെന്ന് നിശ്ചയിക്കണം. അത് കരാര്‍ പൂര്‍ത്തിയാക്കുമ്പോള്‍ നല്‍കുമെന്നോ, പിന്നീട് നല്‍കുമെന്നോ തീരുമാനിക്കാം. വിവാഹത്തിനു മുമ്പ് വധൂവരന്മാര്‍ തമ്മില്‍ കണ്ട് പരസ്പരം തൃപ്തിപ്പെടുന്നത് രക്ഷിതാക്കളുടെ സാന്നിധ്യത്തിലായിരിക്കണം.

വിവാഹമോചനം

മനസ്സുകളുടെ ഇണക്കമാണ് കുടുംബ ഭദ്രതയുടെ നിദാനം. സ്ത്രീയും പുരുഷനും പരസ്പരം അറിഞ്ഞ് സ്‌നേഹത്തിലും സഹകരണത്തിലും വിട്ടുവീഴ്ചയോടെ കഴിയുമ്പോള്‍ ആരോഗ്യമുള്ള കുടുംബമുണ്ടാവുന്നു. അവരുടെ തണലില്‍ വളരുന്ന സന്താനങ്ങളിലും സ്‌നേഹവും സഹകരണബോധവും വളരുന്നു. വീട് പോര്‍ക്കളമാണെങ്കിലോ?
പുരുഷനുംസ്ത്രീയും അസ്വസ്ഥരായിക്കഴിയും. അതിന്റെ പിരിമുറുക്കം മക്കളും അനുഭവിക്കേണ്ടിവരും.  ഈ അസ്വാസ്ഥ്യം സമൂഹത്തെ ഒന്നടങ്കം ഗ്രസിക്കും. അതിനാല്‍ വീട് ഒരിക്കലും കുടുംബകലഹത്തിന്റെ വേദിയാകാന്‍ പാടില്ല. ഇതാണ് ഇസ്‌ലാം വിവാഹ മോചനം അനുവദിച്ചതിന്റെ തത്ത്വം. വിവാഹിതരായി ഒന്നിച്ചു ജീവിച്ചുതുടങ്ങിയപ്പോള്‍ അഭിപ്രായ ഭിന്നതകള്‍ ഉടലെടുക്കുകയും, അവ രൂക്ഷമായി മനസ്സമാധാനം നഷ്ടപ്പെടുകയും, പ്രശ്‌നങ്ങള്‍ കയ്യാങ്കളിയോളം വഷളാവുകയും ചെയ്യുമ്പോള്‍ പ്രശ്‌ന പരിഹാരത്തിനുള്ള പോംവഴി പരസ്പരം പിരിഞ്ഞു നില്‍ക്കലാണ്.

പുരുഷന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ് വിവാഹം.  കുടുംബത്തിന്റെ സംരക്ഷണവും ചെലവും പുരുഷന്റെ ബാധ്യതയാണ്. അതിനാല്‍ വിവാഹമോചനത്തിന്റെ ആഘാതം കൂടുതല്‍ ഏല്‍ക്കേണ്ടി വരിക പുരുഷനാണ്. ഈ പശ്ചാത്തലം പരിഗണിക്കുമ്പോഴാണ് വിവാഹ മോചനത്തിന്റെ അധികാരം പുരുഷന് നല്‍കിയതിന്റെ പൊരുള്‍ മനസ്സിലാവുക. എന്നാല്‍ സ്ത്രീക്ക് വേണമെങ്കില്‍ ബന്ധത്തില്‍ നിന്ന് സ്വതന്ത്രയാകാനും ഇസ്‌ലാം അനുവാദം നല്‍കുന്നു. ഈ സന്ദര്‍ഭത്തില്‍ സ്ത്രീയുടെ ഭാഗത്തുനിന്ന് ഒരു ത്യാഗം ആവശ്യപ്പെടുന്നു. അവര്‍ക്ക് വിവാഹ മൂല്യമായി ലഭിച്ച സമ്പത്ത് (അതില്‍ കൂടുതലോ) ഭര്‍ത്താവിന് തിരിച്ചുനല്‍കണം.

സ്ത്രീ പുരുഷ സമത്വം ഇസ്‌ലാം പരിഗണിക്കുന്ന രീതിയാണിത്. ബന്ധം വേണ്ടെന്ന് വെക്കുന്നത് പുരുഷനാണെങ്കില്‍ കൊടുത്ത മഹ്ര്‍ നഷ്ടമാവും. പരസ്പരം ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പാണെങ്കില്‍ പോലും നിശ്ചയിച്ച മഹ്‌റിന്റെ പാതി നഷ്ടപ്പെടും. സ്ത്രീയാണ് ബന്ധം വേര്‍പ്പെടുത്താന്‍ മുന്നിട്ടിറങ്ങുന്നതെങ്കില്‍ ഭര്‍ത്താവ് നല്‍കിയ മഹ്ര്‍ അവര്‍ക്കും നഷ്ടപ്പെടും. തിരിച്ചുനല്‍കണമെന്നര്‍ഥം. മഹ്ര്‍ ധാരാളമായി നല്‍കുന്ന രീതി ഖുലഫാഉര്‍റാശിദഃയുടെ കാലത്ത് തന്നെ ഉണ്ടായിരുന്നു. ഈ പ്രവണത ആരോഗ്യകരമല്ലെന്ന് കണ്ട് ഉമര്‍ (റ) മഹ്ര്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചു. നബി(സ) നല്‍കിയ 400 ദിര്‍ഹമില്‍ കൂടാന്‍ പാടില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. എന്നാല്‍ വിശുദ്ധ ഖുര്‍ആനില്‍ ‘ഭാര്യക്ക് സമ്പത്തിന്റെ ഒരു കൂമ്പാരം തന്നെ നല്‍കിയാലും തിരിച്ചു ചോദിക്കരുത്’ എന്ന് പഠിപ്പിച്ചതിനാല്‍ ഖലീഫ തന്റെ അഭിപ്രായം തിരുത്തി.

വിവാഹ മോചനരീതി

പരസ്പരം പിണങ്ങിയവരെല്ലാം പിരിയണമെന്നല്ല ഇസ്‌ലാം പഠിപ്പിക്കുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പല മാര്‍ഗങ്ങളും നിര്‍ദേശിക്കുന്നു. അവ പരീക്ഷിക്കാനാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ അരുള്‍ ചെയ്തു: ”ദമ്പതികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുമെന്ന് നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍ ഭര്‍ത്താവിന്റെ ആള്‍ക്കാരില്‍ നിന്നൊരു മധ്യസ്ഥനെയും ഭാര്യയുടെ ആള്‍ക്കാരില്‍ നിന്നൊരു മധ്യസ്ഥനെയും നിയോഗിക്കുക. അവരിരുവരും അനുരഞ്ജനമാണ് ആഗ്രഹിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്” (4:35). പിണക്കം സ്ത്രീയുടെ ഭാഗത്താണെങ്കില്‍ കിടപ്പറ ബഹിഷ്‌കരണത്തിലൂടെയും ഉപദേശത്തിലൂടെയുമെല്ലാം അവളുടെ മനസ്സ് മാറ്റാന്‍ ശ്രമിക്കണം. ഇങ്ങനെ ശാന്തമായിക്കഴിഞ്ഞ മനസ്സ് വീണ്ടും പ്രക്ഷുബ്ധമാവുകയാണെങ്കില്‍ പുരുഷന് ഒരു ടെസ്റ്റ് ഡോസായി ഒരു തവണ ത്വലാഖ് ചൊല്ലാം. അത് ശുദ്ധികാലത്തായിരിക്കണം. ആ ശുദ്ധിയില്‍ അവര്‍ ശാരീരിക ബന്ധം പുലര്‍ത്തിയിരിക്കരുത്. ശാരീരിക ബന്ധം പുലര്‍ത്തിയിട്ടുണ്ടെങ്കില്‍ ത്വലാഖ് ചൊല്ലാന്‍ അടുത്ത ശുദ്ധികാലം വരെ കാത്തിരിക്കണം. ആര്‍ത്തവകാലത്ത് ത്വലാഖ് ചൊല്ലാന്‍ പാടില്ല.

ഇങ്ങനെ വിവാഹ മോചനം നടത്തിയാലും ഭാര്യയും ഭര്‍ത്താവും ഒന്നിച്ചുതന്നെ താമസിക്കണം. അതിനിടയില്‍ ശാരീരിക ബന്ധം നടന്നാല്‍ ഭാര്യയെ മടക്കിയെടുത്തതായി കണക്കാക്കും. മൂന്നു തവണ ആര്‍ത്തവമുണ്ടായി ശുദ്ധിയാകുന്നതുവരെ ഇങ്ങനെ ഒന്നിച്ചു കഴിയേണ്ട ഇദ്ദ കാലമാണ്. അതിനിടയിലെപ്പോഴെങ്കിലും മാനസാന്തരമുണ്ടായാല്‍ ഭാര്യയെ തിരിച്ചെടുക്കാം (ഇദ്ദ കഴിഞ്ഞ് ഭാര്യയെ വേണമെന്ന് തോന്നിയാല്‍ പുതുതായി വിവാഹമൂല്യം നല്‍കി നിക്കാഹ് നടത്തണം). ദാമ്പത്യജീവിതം തുടരുമ്പോള്‍ പിന്നെയും പിണക്കം രൂക്ഷമായാല്‍ മേല്‍പറഞ്ഞ ഉപദേശവും ബഹിഷ്‌കരണവും മധ്യസ്ഥശ്രമവും കൗണ്‍സിലിംഗുമെല്ലാം പരീക്ഷിക്കണം. ഒന്നും ഫലിച്ചില്ലെങ്കില്‍ രണ്ടാമത്തെ തവണ ത്വലാഖ് ചൊല്ലാം. ഇതിന്റെ ദീക്ഷ കാലം കഴിയുന്നതിനിടയില്‍ മടക്കിയെടുക്കാം. ഇല്ലെങ്കില്‍ വീണ്ടും വിവാഹകര്‍മം വേണ്ടിവരും. എന്നാല്‍ മൂന്നാമത്തെ തവണ ത്വലാഖ് ചൊല്ലിയാല്‍ മടക്കിയെടുക്കാന്‍ പാടില്ല. മാത്രമല്ല, വീണ്ടും വിവാഹം കഴിക്കാനും പറ്റുകയില്ല. അവളെ മറ്റാരെങ്കിലും വിവാഹം കഴിക്കുകയും അവര്‍ തമ്മില്‍ യോജിച്ചു പോകാതെ വിവാഹമോചനം നടത്തുകയും ചെയ്താല്‍ മാത്രമേ ആ സ്ത്രീയെ ആദ്യ ഭര്‍ത്താവിന് അനുവദനീയമാവുകയുളളൂ. വിശുദ്ധ ഖുര്‍ആന്‍ രണ്ടാം അധ്യായം 229-230 വചനങ്ങളില്‍ ഇതെല്ലാം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. hijab womanവിവാഹബന്ധം അറുക്കാനല്ല, നിലനിര്‍ത്താനാണ് ഇസ്‌ലാം പ്രേരിപ്പിക്കുന്നത്. അതിനാല്‍ ബന്ധം തുടരാന്‍ പ്രയാസമെന്ന് തോന്നുമ്പോള്‍ പല പരിഹാരങ്ങളും നിര്‍ദേശിക്കുന്നു. രണ്ടവസരം ഉപയോഗിച്ച് വേര്‍പെട്ട് വീണ്ടും ഒന്നിച്ചവര്‍ക്ക് മൂന്നാമതും വേര്‍പെടാന്‍ നല്ല ഭയമുണ്ടാകും. പുരുഷന് വലിയ നഷ്ടമാണ്. ഒന്നും തിരിച്ച് കിട്ടുകയില്ല. ഇതെല്ലാം വീണ്ടും ത്വലാഖ് ചൊല്ലുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന കാര്യങ്ങളാണ്. പക്ഷെ, പിണക്കം തലയില്‍ കയറിയാല്‍ മനുഷ്യന്‍ മറ്റെല്ലാം മറക്കും.

മുത്വലാഖിന്റെ ഇസ്‌ലാമിക വിധി

ദമ്പതികള്‍ തമ്മില്‍ കലഹിച്ച് വെറുപ്പ് ഉച്ചിയിലെത്തുമ്പോള്‍ ഭര്‍ത്താവിന്റെ കോപം തണുപ്പിക്കാനുള്ള വല്ല അടവും പയറ്റുകയാണ് ഭാര്യ ചെയ്യേണ്ടത്. എന്നാല്‍ കോപം ആളിക്കത്തിക്കാനാണ് അവള്‍ ശ്രമിക്കുന്നതെങ്കിലോ?
രണ്ടു പേരും തരിമ്പും വിട്ടുകൊടുക്കില്ല. ഈ സാഹചര്യം തന്ത്രപൂര്‍വം ഒഴിവാക്കാന്‍ ആരും ശ്രദ്ധിച്ചില്ലെങ്കില്‍ സ്‌ഫോടനമുണ്ടാകും. ഈ പൊട്ടിത്തെറിയിലാണ് പലരും ത്വലാഖ് ചൊല്ലാറ്. ഇങ്ങനെ വെറുപ്പ് മൂത്ത് ഇനിയൊരിക്കലും ഇവളുമായി സന്ധിക്കാനിടവരരുത് എന്ന വികാരത്തോടെയാണ് ‘ഞാന്‍ നിന്നെ മൂന്ന് ത്വലാഖും ചൊല്ലി’ എന്നു പറയുക. ഇങ്ങനെ മൂന്ന് ത്വലാഖും ഒന്നിച്ച് ചൊല്ലുന്നതിന്റെ പേരാണ് മുത്വലാഖ്. ത്വലാഖ് കുടുംബം ശിഥിലമാക്കുന്ന ഒന്നാണ്. അതിനാല്‍ മനസ്സ് ശാന്തമായിരിക്കുമ്പോള്‍ ഭവിഷ്യത്തിനെക്കുറിച്ചെല്ലാം ഓര്‍ത്ത ശേഷം നടത്തേണ്ടതുമാണ്. കുടുംബകലഹത്തിന്റെ പര്യവസാനമാകരുത് ത്വലാഖ്. എന്നാല്‍ ഒരേ ഇരുപ്പില്‍ ‘നിന്നെ ഞാന്‍ മൂന്ന് ത്വലാഖും ചൊല്ലി’ എന്നു പറഞ്ഞാല്‍ എന്താണതിന്റെ ഇസ്‌ലാമിക വിധി? ഇങ്ങനെ പറയുന്നത് അധാര്‍മികവും കുറ്റകരവുമാണ്. നസാഈ ഉദ്ധരിക്കുന്ന ഒരു സംഭവമിതാ: ”ഭാര്യയെ മൂന്ന് ത്വലാഖും ചൊല്ലിയ ഒരാളെപ്പറ്റി ഞങ്ങള്‍ തിരുദൂതരോട് പറഞ്ഞു. അത് കേട്ട് അവിടുന്ന് കോപാകുലനായി എഴുന്നേറ്റ് ചോദിച്ചു: ‘ഞാന്‍ നിങ്ങള്‍ക്കിടയില്‍ ഉള്ളപ്പോള്‍ തന്നെ അല്ലാഹുവിന്റെ ഗ്രന്ഥം കൊണ്ട് കളിക്കുകയാണോ?’ അനുചരന്മാരില്‍ ഒരാള്‍ എഴുന്നേറ്റ് ‘തിരുദൂതരേ, ഞാനയാളെ വധിച്ചു കളയട്ടെ’ എന്നുപോലും ചോദിച്ചുപോയി.”

പരിശുദ്ധ ഖുര്‍ആന്‍ പലതവണയായി വേണം ത്വലാഖ് എന്ന് വ്യക്തമായി പറഞ്ഞത് ധിക്കരിച്ച് മൂന്നും ഒന്നാക്കിയതാണ് പ്രവാചക(സ)നെ ക്ഷുഭിതനാക്കിയത്. ‘ത്വലാഖ് രണ്ടു തവണയാണ്, മൂന്നാമത്തേത് മടക്കമില്ലാത്ത വേര്‍പിരിയലാണ്’ എന്ന് അര്‍ഥശങ്കക്കിടമില്ലാതെ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട് (2:229-230).

ഭാര്യയുമായി വേര്‍പിരിയാന്‍ ആഗ്രഹിക്കുന്ന വ്യക്തി ‘നിന്നെ ഞാന്‍ ത്വലാഖ് ചൊല്ലി’ എന്നു പറഞ്ഞാല്‍ തന്നെ ബന്ധം വേര്‍പെടുമല്ലോ. വേണമെങ്കില്‍ ഇദ്ദക്കാലത്ത് മാറിച്ചിന്തിക്കാം. അല്ലെങ്കില്‍ വേര്‍പിരിയല്‍ അന്തിമമാക്കാം. എത്രയുക്തി സഹമാണിത്! ഒരു തവണ എന്നു പറഞ്ഞാല്‍ ഒരെണ്ണം എന്നല്ല അര്‍ഥം, ഒരു പ്രാവശ്യം എന്നാണ്. തിരിച്ചെടുത്ത് വീണ്ടും ത്വലാഖ് ചൊല്ലിയാല്‍ രണ്ടു തവണയായി. പിന്നെയും തിരിച്ചെടുത്ത ശേഷം ത്വലാഖ് ചൊല്ലിയാല്‍ മൂന്നാമത്തെ തവണയായി. ഇങ്ങനെ മൂന്ന് തവണയാണെങ്കിലും മൂന്നാമത്തെ ത്വലാഖ് ചൊല്ലുന്നത് വളരെ ആലോചിച്ച് വേണം. അവര്‍ക്ക് പിന്നീടൊരിക്കലും സന്ധിക്കാന്‍ കഴിഞ്ഞില്ലെന്നും വരാം. മറ്റൊരാള്‍ അവളെ വിവാഹം കഴിക്കുകയും അയാള്‍ക്ക് വേര്‍പിരിയാന്‍ തോന്നുകയും ചെയ്താല്‍ മാത്രമേ അങ്ങനെ ഒരവസരം തരപ്പെടുകയുളളൂ.

മുത്വലാഖിന്റെ വിധിയില്‍ മുസ്‌ലിം പണ്ഡിതന്മാര്‍ ഭിന്ന ചേരിയിലാണ്. ഭൂരിപക്ഷം പണ്ഡിതന്മാരും മദ്ഹബുകളുടെ ഇമാമുമാരും മൂന്നു ത്വലാഖും ഒന്നിച്ചുപോകും എന്ന പക്ഷക്കാരാണ്. അവരുടെ പ്രധാന അവലംബം ഉമറി(റ)ന്റെ ഒരിടപെടലാണ്. ഉമര്‍ (റ) തന്റെ ഭരണത്തില്‍ രണ്ടുവര്‍ഷം കഴിഞ്ഞ ശേഷം ഒരു തീരുമാനം കൈക്കൊണ്ടു: ”അല്ലാഹു സാവകാശം നല്‍കിയ ഒരു കാര്യത്തില്‍ ജനങ്ങള്‍ ധൃതി കാണിക്കുകയാണ്. നാമത് അവരില്‍ നടപ്പാക്കിയാലോ?
അങ്ങനെ അദ്ദേഹമത് നടപ്പാക്കി” (മുസ്‌ലിം).

മുത്വലാഖില്‍ ഒരു ത്വലാഖ് മാത്രമേ പോകൂ എന്നതാണ് മറുപക്ഷം. അവരുടെ ന്യായങ്ങള്‍ ഇനി പറയുന്നവയാണ്.

1. അബ്ദുല്ലാഹിബ്‌നു അബ്ബാസിനോട് അബുസ്സഹ്ബാഅ് ചോദിച്ചു: ”നബി(സ)യുടെ കാലത്തും അബൂബക്‌റി(റ)ന്റെ കാലത്തും ഉമറി(റ)ന്റെ ഭരണകാലത്തിന്റെ ആരംഭത്തിലും മൂന്ന് ത്വലാഖ് എന്ന് പറഞ്ഞാലും ഒരൊറ്റ ത്വലാഖായിട്ടല്ലേ കണക്കാക്കിയിരുന്നത്?
” ”അങ്ങനെയായിരുന്നു.” ഇബ്‌നുഅബ്ബാസ്(റ) പ്രതിവചിച്ചു (മുസ്‌ലിം).

2. ഇബ്‌നു അബ്ബാസില്‍ നിന്ന് നിവേദനം: ”നബി(സ)യുടെ കാലത്തും അബൂബക്‌റി(റ)ന്റെ കാലത്തും ഉമറി(റ)ന്റെ ഭരണത്തില്‍ രണ്ടുവര്‍ഷവും മുത്വലാഖ് ഒന്നായാണ് കണക്കാക്കിയിരുന്നത്. അങ്ങനെയിരിക്കെ ഉമര്‍(റ) പറഞ്ഞു. ”ജനങ്ങള്‍ക്ക് സാവകാശമുണ്ടായിരുന്ന ഒരു വിഷയത്തില്‍ അവര്‍ തിരക്ക് കൂട്ടി. നാമത് അവരില്‍ നടപ്പാക്കിയാലോ?
അങ്ങനെ അദ്ദേഹമത് നടപ്പാക്കി (മുസ്‌ലിം).

3. ഇബ്‌നു അബ്ബാസില്‍ നിന്ന് നിവേദനം: റുകാന(റ) തന്റെ ഭാര്യയെ ഒരേ ഇരുപ്പില്‍ മൂന്നു ത്വലാഖും ചൊല്ലി. പിന്നീടദ്ദേഹം അവളെയോര്‍ത്ത് വല്ലാതെ ദുഃഖിച്ചു. നബി(സ) ആരാഞ്ഞു. നീ എങ്ങനെയാണ് ത്വലാഖ് ചൊല്ലിയത്? റുകാന(റ): ”മൂന്നു ത്വലാഖും ചൊല്ലി.” നബി(സ): ”ഒരേ ഇരിപ്പിലോ?
” ”അതെ.” ”എങ്കില്‍ അത് ത്വലാഖ് മാത്രമാണ്. നിനക്ക് വേണമെങ്കില്‍ അവളെ തിരിച്ചെടുക്കാം.” അദ്ദേഹം ഭാര്യയെ തിരിച്ചെടുത്തു.

4. ഉമര്‍(റ) മൂന്നും മൂന്നായിത്തന്നെ നടപ്പാക്കാന്‍ തീരുമാനിച്ചത് അദ്ദേഹം തന്നെ സൂചിപ്പിച്ചത്‌പോലെ, അല്ലാഹു സാവകാശം നല്‍കിയ ഒരു കാര്യത്തില്‍ അനാവശ്യമായി ധൃതി കാണിച്ചവര്‍ക്കുള്ള അച്ചടക്ക നടപടി എന്ന നിലക്കാണ്. പ്രവാചകനും അബൂബക്ര്‍ സിദ്ദീഖും നടപ്പാക്കിയ നിയമം കയ്യൊഴിക്കാന്‍ ഇതില്‍ ന്യായമില്ല. പ്രഗത്ഭരായ ധാരാളം സ്വഹാബികളും താബിഉകളും, മൂന്നു ചൊല്ലിയാലും ഒന്നേ ഒരിക്കല്‍ പോവുകയുള്ളൂവെന്ന് ഫത്‌വ നല്‍കിയിട്ടുണ്ട്. പിന്‍ഗാമികളില്‍ പ്രഗത്ഭരായ ഇബ്‌നുതൈമിയ്യ, ഇബ്‌നുല്‍ ഖയ്യിം തുടങ്ങിയവരും ഇതേ അഭിപ്രായക്കാരാണ്.

5. ഇസ്‌സലാമിക രാഷ്ട്രങ്ങളില്‍ ശരീഅത്തു കോടതികളില്‍ ഈ അടിസ്ഥാനത്തിലാണ് വിധി നടത്തുന്നത്. നിയമ പുസ്തകത്തിലെ വാചകമിതാ: ”എണ്ണം ചേര്‍ത്ത് പറഞ്ഞ് ത്വലാഖ് ചൊല്ലിയാല്‍ ഒരു ത്വലാഖ് മാത്രമേ പോവുകയുള്ളൂ.”

ചുരുക്കത്തില്‍, മൂന്നു ത്വലാഖും ഒന്നിച്ചു ചൊല്ലിയാല്‍ അത് ഒന്ന് ആയി മാത്രമേ ഗണിക്കൂ. ഭര്‍ത്താവിന് ഇദ്ദ കാലത്ത് ഭാര്യയെ തിരിച്ചെടുക്കാം. പുതിയ വിവാഹക്കരാറില്‍ ഏര്‍പ്പെടുകയോ, മഹ്ര്‍ വീണ്ടും നല്‍കുകയോ ചെയ്യേണ്ടതില്ല.

പൂര്‍വിക പണ്ഡിതന്മാരില്‍ പലരും ത്വലാഖ് നടപ്പാക്കുന്ന ഭാഗത്തിനാണ് മുന്‍തൂക്കം നല്‍കിക്കാണുന്നത്. ഇതിനവര്‍ കാണുന്ന ന്യായം ത്വലാഖുകൊണ്ടുണ്ടാകുന്ന ധനനഷ്ടവും പ്രയാസങ്ങളും പുരുഷന് ഒരു പാഠമാകട്ടെയെന്നാണ്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ എല്ലാ പ്രയാസവും സഹിക്കുന്നത് നിസ്സഹായയായ സ്ത്രീയാണ്. ഇന്ത്യ, ഇന്തോനേഷ്യ, ബംഗ്ലാദേശ് എന്നീ പ്രദേശങ്ങളിലാണ് ലോകമുസ്‌ലിംകളില്‍ മഹാഭൂരിപക്ഷവും താമസിക്കുന്നത്. ഇവിടങ്ങളിലെല്ലാം വിവാഹത്തിന്റെ ഭാരം സ്ത്രീയും കുടുംബവുമാണ് വഹിക്കേണ്ടത്. അതിനാല്‍ ത്വലാഖ് ചൊല്ലുന്ന പുരുഷനല്ല പ്രയാസം, സര്‍വസ്വം നഷ്ടപ്പെടുന്ന സ്ത്രീയാണ് നരകയാതന അനുഭവിക്കുന്നത്. അതിനാല്‍ ത്വലാഖിനെ ദുരുപയോഗം ചെയ്യുന്ന മുത്വലാഖ് പോലുള്ള രീതികളെ കര്‍ശനമായി നിയന്ത്രിക്കണം എന്ന നിര്‍ദേശം പണ്ഡിതന്മാര്‍ ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യണം.

ത്വലാഖ് പരമാവധി ഒഴിവാക്കാനാണ് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പഠിപ്പിക്കുന്നത്. അനുവദനീയമായ കാര്യങ്ങളില്‍ അല്ലാഹുവിനു ഏറ്റവും വെറുപ്പുള്ളതാണ് ത്വലാഖ്. അതൊഴിവാക്കാനുള്ള മാര്‍ഗമാണ് പണ്ഡിതന്മാര്‍ ആരായേണ്ടത്. അടിമകളുടെ ക്ഷേമത്തിനാണ് അല്ലാഹു നിയമങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്. അവരെ പ്രയാസപ്പെടുത്താനല്ല. ”നിങ്ങള്‍ക്കെളുപ്പമാണ് അല്ലാഹു ആഗ്രഹിക്കുന്നത്, നിങ്ങള്‍ക്കവന്‍ പ്രയാസം ആഗ്രഹിക്കുന്നില്ല.” (2:185) ”സന്തോഷിപ്പിക്കുക; വെറുപ്പിക്കരുത്, ലളിതമാക്കുക; കഠിനമാക്കരുത്.” ഇതാണ് പ്രവാചകന്റെ വസിയ്യത്ത് (ബുഖാരി, മുസ്‌ലിം, സുനനുല്‍ കുബ്‌റാ).
കടപ്പാട് :എം.വി മുഹമ്മദ് സലീം

 

Top