‘അമ്മ’യ്ക്കും ദിലീപിനുമൊപ്പം: ഡബ്ല്യൂസിസിയെ കയ്യൊഴിഞ്ഞ് നിലപാട് വ്യക്തമാക്കി തമിഴ് സിനിമ സംഘടന

മലയാള താരങ്ങളുടെ സംഘടനയുടെ നിലപാടിനൊപ്പം നില്‍ക്കുമെന്ന് തമിഴ് നടികര്‍ സംഘം. ദിലീപിനെ കുറ്റക്കാരനായി കോടതി കണ്ടെത്താതെ കുറ്റക്കാരനായി ചിത്രീകരിക്കുന്നതില്‍ കാര്യമില്ലന്ന നിലപാടിലാണ് തമിഴ് സിനിമാ ലോകം. പുതിയ സിനിമയുടെ റിലീസിനോടനുബന്ധിച്ച് കേരളത്തിലെത്തിയ നടനും നടികര്‍ സംഘം ഭാരവാഹിയുമായ കാര്‍ത്തിയും ഇതേ അഭിപ്രായ പ്രകടനമാണ് സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചത്.

ദിലീപിനെതിരെയും ‘അമ്മ’ക്കെതിരെയും കാര്‍ത്തിയുടെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടാകുമെന്ന് കരുതി നിരവധി ചോദ്യങ്ങളാണ് മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചിരുന്നത്. എന്നാല്‍ ചോദ്യങ്ങളുടെ ഉദ്ദേശ്യം മനസിലാക്കി ഷാര്‍പ്പ് ആയി തന്നെ കാര്‍ത്തിയും മറുപടി നല്‍കി.

കോടതി കുറ്റക്കാരനായി കാണാത്ത വ്യക്തിയെ എന്തിനാണ് ഇപ്പോള്‍ പ്രതിയാക്കി വിചാരണ ചെയ്യുന്നത് എന്നതായിരുന്നു കാര്‍ത്തിയുടെ ചോദ്യം. അഭിമുഖത്തില്‍ പ്രതീക്ഷിച്ച ഉത്തരം ലഭിക്കാത്തതിനാല്‍ എഡിറ്റ് ചെയ്ത് ചുരുക്കിയാണ് ഈ ഭാഗം പ്രക്ഷേപണം ചെയ്തിരുന്നത്.

പ്രമുഖ തെന്നിന്ത്യന്‍ താരം സൂര്യയുടെ സഹോദരനാണ് കാര്‍ത്തി. തമിഴകത്തെ മുന്‍ നിര നായകനായ കാര്‍ത്തിയും നാസറും വിശാലും അടങ്ങുന്ന സംഘമാണ് നടികര്‍സംഘം താരസംഘടനയുടെ തലപ്പത്ത്. രാധാരവി-ശരത് കുമാര്‍ ടീമിനെയാണ് നടികര്‍ സംഘം തെരെഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെടുത്തിയത്.

Latest