നാഗ്ജി ഫുട്‌ബോൾ; ബ്രസീൽ ടിം ഫൈനലിൽ

സ്‌പോട്‌സ് ലേഖകൻ

കോഴിക്കോട്: റാപ്പിഡ് ബുക്കാെറസ്റ്റിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി ബ്രസീൽ ടീം അത്‌ലറ്റിക്കോ പരാെനസ് നാഗ്ജി കപ്പിന്റെ സെമിയിൽ പ്രവേശിച്ചു. പകരക്കാരനായിറങ്ങിയ മൗറിഷ്യോ പെട്രോ സാന്റോസാണ് കാനറികളുടെ വിജയ ഗോൾ നേടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

64ാം മിനിറ്റിലാണ് പരാനെസിന്റെ വിജയ ഗോൾ പിറന്നത്. ലൂക്കോസ് സിൽവയും നിക്കോളാസ് സിൽവയും മൗറിഷ്യോ പെട്രോ സാന്റോയും ചേർന്ന് നടത്തിയ മുന്നേറ്റമാണ് ഗോളായി മാറിയത്. ബോക്‌സിന്റെ ഇടതു വശത്ത് നിന്ന് ലൂക്കാസ് സിൽവ നൽകിയ പാസ് നിക്കോളസ് സിൽവയുടെ കാലിലൂടെ സാന്റോസിന്റെ കാലിലെത്തി. പതിയെ വന്ന പന്ത് സാന്റോസ് വലയിലേക്ക് തട്ടിയിട്ടു. കാനറികളുടെ ഗോളിനായി മുറവിളി കൂട്ടിയ ഗാലറി ഇതോടെ ഇളകി മറിഞ്ഞു.

ബുക്കാെറസ്റ്റിന്റെ കാലുകളിലായിരുന്നു ആദ്യ പകുതിയിലെ കളി. മത്സരത്തിലെ ആദ്യ മിനിറ്റുകളിൽ മുന്നേറ്റം നടത്തിയത് പരാനെസാണെങ്കിലും പത്താം മിനിറ്റ് മുതൽ കളി മാറി. 12ാം മിനിറ്റിൽ പരാനെസ് ഗോൾ മുഖത്തേക്ക് ബുക്കാറസ്റ്റ് മുന്നേറ്റം നടത്തി. പോപ യൂലിയനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് പക്ഷേ ലൂക്ക് മിഗ്വേലിന് മുതലാക്കാനായില്ല. 26ാം മിനിറ്റിൽ റസ്വാനും യൂലിയാനും ചേർന്ന് നടത്തിയ മുന്നേറ്റത്തിനൊടുവിൽ പോസ്റ്റിനു മുന്നിൽ പന്ത് കണക്ട് ചെയ്ത് ഗോളാക്കാൻ ആരുമുണ്ടായിരുന്നില്ല.

ഇരു ടീമുകളും പരുക്കൻ കളി പുറത്തെടുത്തതോടെ ആദ്യ പകുതിയിൽ മാത്രം അഞ്ചു തവണയാണ് റഫറി സന്തോഷ് കുമാർ മഞ്ഞക്കാർഡ് പുറത്തെടുത്തത്. ഇതിനിടെ 38ാം മിനുറ്റിൽ പരാനെസിന്റെ സൂപ്പർ താരം ലൂയി സോറസ് പരിക്കേറ്റ് പുറത്ത് പോയി. പകരം വന്ന ആന്ദ്രേ ആൽഫ്രഡോ മികച്ച മുന്നേറ്റങ്ങളുമായി പരാനെസ് ആക്രമണത്തിന്റെ നായകത്വമേറ്റെടുത്തു. ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമിൽ ജാവോ പെട്രോയും ആൽഫ്രഡോയും ചേർന്ന് നടത്തിയ മുന്നേറ്റം ബുകാെറസ്റ്റ് നിരയെ പരിഭ്രാന്തരാക്കി.

മധ്യ നിരയിൽ നിന്ന് ഒഴുക്കോടെ നീങ്ങിയ ജാവോ പെട്രോ വലതു മൂലയിലൂടെ തിരിഞ്ഞ് പന്ത് യോഗോ സിൽവയ്ക്ക് മറിച്ചു. പോസ്റ്റിനുള്ളിലേക്ക് തലയ്ക്ക് പാകത്തിന് വന്ന പന്ത് പക്ഷേ ആന്ദ്രേ ആൽഫ്രഡോയ്ക്കും വെസ്ലി സിൽവയ്ക്കും ഗോളാക്കാ ൻ സാധിച്ചില്ല. രണ്ടാം പകുതിയിലും ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും പ്രതിരോധത്തിൽ തട്ടിത്തെറിച്ചു.
ഇന്ന് അർജന്റീന അണ്ടർ 23 ഐറിഷ് ടീംഷാംറോക്ക് റോവേഴ്‌സ് എഫ്‌സിയെ നേരിടും.

Top