തിരക്കുള്ള നഗരത്തില്‍ പൂര്‍ണനഗ്നരായി അവര്‍ ഇറങ്ങി; സൈക്കിള്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി

തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയില്‍ സൈക്കിള്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി അധികൃതര്‍ യാതൊന്നും ചെയ്യുന്നില്ലെങ്കില്‍ എന്തുചെയ്യണം? പ്രതിഷേധിച്ചേ പറ്റൂ. സാധാരണ പ്രതിഷേധങ്ങളും പരാതികൊടുക്കലുമൊന്നും ഫലം ചെയ്യാതെ വന്നപ്പോള്‍ ബ്രസീലിലെ സാവോപോളോ നഗരത്തിലെ സൈക്കിള്‍ യാത്രക്കാര്‍ വേറിട്ടൊരു പ്രതിഷേധത്തിനിറങ്ങി. പൂര്‍ണ നഗ്നരായി അവര്‍ സൈക്കിളെടുത്ത് തെരുവിലേക്കിറങ്ങി. മധ്യ സാവോ പോളോയിലെ പൗലിസ്റ്റ അവന്യൂവിലാണ് കഴിഞ്ഞദിവസം വിചിത്രമായ പ്രതിഷേധം അവതരിപ്പിക്കപ്പെട്ടത്. അത്യാവശ്യം ചില സ്ഥലങ്ങള്‍ പെയിന്റുകൊണ്ടും മറ്റു മറച്ചതൊഴിച്ചാല്‍, പൂര്‍ണ നഗ്നരായിരുന്നു യുവതികളടക്കമുള്ളവര്‍. സൈക്കിള്‍ യാത്രക്കാര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നതായിരുന്നു അവരുടെ ആവശ്യം. പ്രതിഷേധം ലോക ശ്രദ്ധയാകര്‍ഷിച്ചതോടെ അതിന് പരിഹാരം കണ്ടെത്താതെ അധികൃതര്‍ക്കും വഴിയില്ലാതായി. ലോകത്തേറ്റവും വാഹനത്തിരക്കുള്ള നാലാമത്തെ നഗരമാണ് സാവോപോളോ. ലോസെയ്ഞ്ചല്‍സ്, മോസ്‌കോ, ന്യൂയോര്‍ക്ക് എന്നീ നഗരങ്ങളാണ് മുന്നിലുള്ളത്. ബ്രസീലില്‍ ആയിരക്കണക്കിന് സൈക്കിള്‍ യാത്രക്കാരാണ് ഓരോവര്‍ഷവും കൊല്ലപ്പെടുന്നത്. 2010 മുതല്‍ 2015 വരെയുള്ള കണക്ക് പ്രകാരം 8496 സൈക്കിള്‍ യാത്രക്കാര്‍ വാഹനാപകടങ്ങളില്‍ മരിച്ചു. 2017ല്‍ സാവോ പോളോയില്‍ 37 പേര്‍ മരിച്ചു. തൊട്ടുതലേ വര്‍ഷത്തെക്കാള്‍ 23 ശതമാനം കൂടുതല്‍. വേള്‍ഡ് നേക്കഡ് ബൈക്ക് റൈഡുമായി ചേര്‍ന്നാണ് പ്രതിഷേധക്കാര്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചത്. മുദ്രാവാക്യങ്ങള്‍ മുതുകത്ത് എഴുതിയായിരുന്നു പ്രതിഷേധം. നിങ്ങളുടെ തിരക്ക് ഞങ്ങളുടെ ജീവനെടുക്കുന്നുവെന്നതുള്‍പ്പെടെ അധികൃതരുടൈ കണ്ണുതുറപ്പിക്കുന്ന മുദ്രാവാക്യങ്ങളായിരുന്നു ഏറെയും. കാറുകളില്‍നിന്ന് പുറത്തിറങ്ങി തെരുവിലെ യാഥാര്‍ഥ്യം തിരിച്ചറിയണമെന്നും നിങ്ങളുടെ അനാസ്ഥയാണ് ഈ നഗ്നതയേക്കാള്‍ വികൃതമെന്നും മുദ്രാവാക്യങ്ങളിലൂടെ അവര്‍ ശ്രദ്ധയില്‍ കൊണ്ടുവന്നു.

Latest
Widgets Magazine