കൊതുക് വലയ്ക്കുള്ളില്‍ കുട്ടികള്‍ക്കൊപ്പം ഉറങ്ങിയത് പുലിക്കുട്ടി; സാഹസികമായി അമ്മ കുട്ടികളെ രക്ഷിച്ചു; മൂന്ന് മാസം പ്രായമുള്ള പുലിക്കുട്ടിയെ കാട്ടില്‍ വിടും

നാസിക്: വീട്ടിലെ പട്ടുയും പൂച്ചയുമൊക്കെ കട്ടിലില്‍ നുഴഞ്ഞ് കയറാറുണ്ട്. എന്നാല്‍ രാവിലെ എണീറ്റ് നേക്കുമ്പോള്‍ മക്കള്‍ക്കൊപ്പം കൊതുകുവലയ്ക്കുള്ളില്‍ സുഖമായി ചുരുണ്ടുകൂടിയുറങ്ങുന്ന പുലിക്കുട്ടിയെക്കണ്ട് അമ്മ ഞെട്ടി. ഉള്ളില്‍ അറിയാതെ ഉയര്‍ന്ന നിലവിളിയെ ആത്മനിയന്ത്രണത്തോടെ അടക്കി, മക്കളെ ഓരോരുത്തരെയായി ഒച്ചയുണ്ടാക്കാതെ എടുത്തുമാറ്റി പുലിക്കുട്ടിയെ കട്ടിലില്‍ ഒറ്റയ്ക്കാക്കി. പിന്നീട് അയല്‍ക്കാരെ വിളിച്ചുണര്‍ത്തി ‘കഥാനായക’നെ പിടിച്ചു.

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ കുട്ടികളുടെ അമ്മ മനീഷ ബദ്രെയാണ് കട്ടിലില്‍ കുട്ടികള്‍ക്കൊപ്പം ഉറങ്ങിയ പുലിയെ കണ്ടത്. മൂന്നുമാസം പ്രായമുള്ള പുലിക്കുട്ടിയാണതെന്ന് ഫോറസ്റ്റ് സര്‍ക്കിള്‍ ഓഫീസര്‍ ഗോരക്ഷ്യനാഥ് ജാദവ് പറഞ്ഞു.

മനീഷ അതിനുംമുന്പ് വീടിന്റെ പ്രധാനവാതില്‍ തുറന്നപ്പോള്‍ ഇരുട്ടില്‍ പുലിക്കുട്ടി അകത്തുകയറിയതാകാമെന്ന് അദ്ദേഹം പറഞ്ഞു.

വനം വകുപ്പുദ്യോഗസ്ഥര്‍ പുലിയെ പിടികൂടിയശേഷം പ്രാദേശിക ഓഫീസിലേക്കുമാറ്റി. നടപടിക്രമം പൂര്‍ത്തിയാക്കിയശേഷം അതിനെ കാട്ടില്‍ വിടുമെന്ന് ഗോരക്ഷ്യാനാഥ് പറഞ്ഞു.

Latest