അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ നസ്രിയ തിരിച്ചെത്തുന്നു; 18ന് തുടക്കം

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് നസ്രിയ നസീം. ഫഹദുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന താരം ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചുവരികയാണ്. ഓണ്‍സ്‌ക്രീനിലെ മികച്ച ജോഡികള്‍ ജീവിതത്തിലും മികച്ച കെമിസ്ട്രിയാണ് കാത്തുസൂക്ഷിക്കുന്നത്. വിവാഹ ശേഷം നസ്രിയയെ അഭിനയിക്കാന്‍ വിടുമോയെന്ന് ആരാധകര്‍ ഫഹദിനോട് ചോദിച്ചിരുന്നു. മികച്ച അവസരം ലഭിച്ചാല്‍ തിരിച്ചുവരുമെന്നായിരുന്നു ഇരുവരും വ്യക്തമാക്കിയിരുന്നത്.
അഞ്ജലി മേനോന്‍ ചിത്രത്തിലൂടെയാണ് താരം തിരിച്ചുവരുന്നത്. ബാംഗ്ലൂര്‍ ഡേയ്‌സിനു ശേഷം പാര്‍വതിയും നസ്രിയയും വീണ്ടും അഞ്ജലിയോടൊപ്പം ഒരുമിക്കുകയാണ്. എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിയും പാര്‍വതിയും ഈ ചിത്രത്തിലൂടെ ഒരുമിക്കുന്നുവെന്നത് മറ്റൊരു പ്രത്യേകതയാണ്. ശക്തമായ വേഷം ലഭിച്ചാല്‍ സിനിമയിലേക്ക് തിരിച്ചു വരുമെന്ന് നേരത്തെ തന്നെ നസ്രിയ വ്യക്തമാക്കിയിരുന്നു. പ്രേക്ഷകര്‍ ഏറെ ആഗ്രഹിച്ചൊരു കാര്യം കൂടിയാണ് ഈ ചിത്രത്തിലൂടെ സംഭവിക്കുന്നത്. പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത് പോലെ തന്നെ ശ്കതമായ കഥാപാത്രവുമായാണ് നസ്രിയ സിനിമയിലേക്ക് തിരിച്ചുവരുന്നത്. എന്നാല്‍ കഥാപാത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. അഞ്ജലി മേനോന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. അഞ്ജലി മേനോനും രഞ്ജിത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒക്ടോബര്‍ 18 ന് ഊട്ടിയില്‍ വെച്ചാണ് ചിത്രത്തിന് തുടക്കം കുറിക്കുന്നത്. ദുബായിലും ഊട്ടിയിലുമായാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത്. നായകന്റെ തിരക്കിനെത്തുടര്‍ന്നാണ് ചിത്രീകരണം നീളുന്നതെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്.

Latest
Widgets Magazine